Sunday 12 July 2020
പ്രകൃതി സംരക്ഷണത്തിന്റെ പാഠം പകര്‍ന്ന് ജൈവവൈവിദ്ധ്യ മ്യൂസിയം

By Sooraj Surendran .20 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണവും ജൈവവൈവിദ്ധ്യ സംരക്ഷണവും, ജീവി വര്‍ഗങ്ങളുടെ സംരക്ഷണവും സാദ്ധ്യമായെങ്കില്‍ മാത്രമേ പ്രകൃതിക്ക് നിലനില്‍പ്പുള്ളൂ. ഇത്തരത്തിലൊരു അവബോധം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വള്ളക്കടവില്‍ രാജ്യത്തെ ആദ്യ ജൈവവൈവിദ്ധ്യ മ്യൂസിയം യാഥാര്‍ഥ്യമായിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കൗതുകം വര്‍ദ്ധിപ്പിക്കാനും, പഠനപ്രക്രിയയില്‍ സഹായിക്കാനും, അടുത്ത തലമുറയ്ക്ക് പ്രചോദനമാകാനുമാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. 'ജൈവവൈവിദ്ധ്യം- ജീവന് ആധാരം', 'ഇന്ററാക്ടീവ് കീയോസ്‌ക്', 'സയന്‍സ് ഓണ്‍ സ്ഫിയര്‍', ത്രീഡി തിയേറ്റര്‍, പ്രദര്‍ശനഗ്യാലറി എന്നീ അഞ്ച് വിഭാഗങ്ങള്‍ അടങ്ങുന്ന മ്യൂസിയം 2018ലെ പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

 

ജൈവവൈവിദ്ധ്യ സംരക്ഷണ വീഡിയോ, ഇന്ററാക്ടീവ് പാനലുകള്‍, ജീവന്‍ തുളുമ്പുന്ന ജന്തു-ജീവജാലങ്ങളുടെ മോഡലുകള്‍, വൈവിദ്ധ്യമാര്‍ന്ന പ്രദര്‍ശന സാമഗ്രികള്‍ തുടങ്ങിയവ മ്യൂസിയത്തെ ആകര്‍ഷകമാക്കുന്നു. തിരുവിതാംകൂര്‍ രാജഭരണ കാലം മുതല്‍ക്കേ ഉണ്ടായിരുന്ന ബോട്ടുപുരയെന്ന പൈതൃക കേന്ദ്രത്തിലാണ് നിലവില്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ചൊവ്വ മുതല്‍ ഞായര്‍ വരെ രാവിലെ 10.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് സന്ദര്‍ശന സമയം. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡാണ് മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. അഞ്ച് വയസിനും പതിനഞ്ച് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 30 രൂപയാണ് പ്രവേശന ഫീസ്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും.

 

വനനശീകരണം ജീവജാലങ്ങള്‍ക്ക് ഭീഷണിയോ? അടുത്തറിയാം 3ഡി തീയറ്ററിലൂടെ...

 

ജൈവവൈവിദ്ധ്യ സംരക്ഷണം സംബന്ധിച്ച് വീഡിയോകളും, വന നശീകരണം കൊണ്ടുള്ള ദോഷഫലങ്ങള്‍, അവ ഭൂമിയിലെ ജീവജാലങ്ങളെ എങ്ങനെ ബാധിക്കുന്നു, കടല്‍ മലിനമാകുന്നതിനെ കുറിച്ചുള്ള വിഡിയോകള്‍, കാട്ടുതീ ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങള്‍, ഇവ എങ്ങനെ പരിസ്ഥിതിക്കും, ജീവജാലങ്ങള്‍ക്കും നാശമുണ്ടാക്കുന്നു എന്ന് 3ഡി തീയറ്ററിലൂടെ നമുക്ക് അടുത്തറിയാന്‍ സാധിക്കും. ഒരേ സമയം 55 പേര്‍ക്ക് സുഗമമായി കാണാവുന്ന തരത്തിലാണ് 3ഡി തീയറ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുക.

 

പരിണാമം തൊട്ടറിയാന്‍ ഇന്ററാക്ടീവ് കീയോസ്‌ക

 

പരിണാമത്തിന്റെ ഘട്ടങ്ങള്‍, ജൈവവൈവിദ്ധ്യവുമായി ഇതിനുള്ള ബന്ധം, ഭൂമി എങ്ങനെ ഉണ്ടായി തുടങ്ങിയ വിവരങ്ങള്‍ ക്രമപ്രകാരം ഇന്ററാക്ടീവ് കീയോസ്‌കിലൂടെ വിശദീകരിക്കുന്നു. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിമമനുഷ്യര്‍ വനത്തെ സംരക്ഷിച്ച് പോന്ന രീതികള്‍, പ്രകൃതിയിലെ ജൈവവൈവിദ്ധ്യം എങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു തുടങ്ങിയ വിവരണങ്ങളും ഇന്ററാക്ടീവ് കീയോസ്‌കിലൂടെ മനസിലാക്കാന്‍ സാധിക്കും. അകെ 12 കിയോസ്‌കുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അതോടൊപ്പം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ജിജ്ഞാസ ഉണര്‍ത്തുന്ന ദിനോസറുകളെ കുറിച്ചുള്ള വിശദ വിവരങ്ങളും കിയോസ്‌കിലൂടെ ലഭിക്കുന്നു. ഇക്കോളജിക്കല്‍ പിരമിഡ്, ആഹാരശൃംഖല, തുടങ്ങിയ വിശദ വിവരങ്ങളും ലഭിക്കുന്നു. ഒരേ സമയം 40 പേര്‍ക്ക് കേള്‍ക്കാവുന്ന തരത്തിലാണ് ഇന്ററാക്ടീവ് കീയോസ്‌ക് ഒരുക്കിയിരിക്കുന്നത്. അരമണിക്കൂറാണ് ദൈര്‍ഘ്യം.

 

ജീവന്‍ തുളുമ്പുന്ന ജീവജാലങ്ങളും, ശലഭങ്ങളുടെ ജീവിതചക്രവും


ജൈവ വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും വിളിച്ചോതുന്ന പ്രദര്‍ശനങ്ങളാണ് മ്യൂസിയത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ജീവന്‍ തുളുമ്പുന്ന ജീവജാലങ്ങളുടെ ലൈവ് മോഡലുകളും, കടലിന്റെ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക പ്രാധാന്യം, പവിഴപ്പുറ്റുകളുടെ മോഡലുകള്‍, ശുദ്ധജല സ്രോതസുകള്‍ മനുഷ്യരാല്‍ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി ശുദ്ധജല മോഡല്‍, ചിത്രശലഭങ്ങളുടെ ജീവിത ചക്രത്തെ കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍, കൊടിയ വിഷം അടങ്ങിയിട്ടുള്ള 'ഫ്ളവര്‍ കോണ്‍' ഉള്‍പ്പെടെയുള്ള 300 ഇനം ശംഖുവര്‍ഗങ്ങളുടെ പ്രദര്‍ശനം, ഇന്ത്യന്‍ കടലുകളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിച്ച പവിഴപ്പുറ്റുകള്‍, തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരങ്ങളുടെ ആവാസവ്യവസ്ഥ, വിവിധ സംസ്ഥാനങ്ങളിലെ പക്ഷികളെയും മൃഗങ്ങളെയും കാണാനും അവയുടെ ശബ്ദവും വിവരണങ്ങളും ലഭ്യമാകുന്ന കിയോസ്‌ക്കുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

 

നെല്‍ വിത്തുകളുടെ വിപുലമായ ശേഖരം


നെല്‍ വിത്തിനങ്ങളുടെ വിപുലമായ ശേഖരമാണ് മ്യൂസിയത്തിലുളളത്. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന 117 നെല്ലിനങ്ങളുടെ സാമ്പിളുകളും വിവരണങ്ങളുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നവര നെല്ല്, ജീരക ശാല, ഗന്ധക ശാല തുടങ്ങി ഔഷധ ഗുണമുള്ള നെല്‍വിത്തിനങ്ങളും, ഉമ, മട്ട, പാല്‍ത്തൊണ്ടി, പറമ്പി വട്ടന്‍, കുട്ടൂസന്‍, വലിച്ചൂരി, തൊണ്ണൂറാന്‍, വെളിയാന്‍ചോമന്‍ തുടങ്ങിയ നെല്‍വിത്തിനങ്ങളുടെ കൊയ്ത്തുകാലം, കൃഷി ചെയ്യുന്ന രീതികള്‍, എന്നിവയെ കുറിച്ചുള്ള വിശദ വിവരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

പ്രകൃതി സങ്കീര്‍ണതകളുടെ ചുരുളഴിക്കുന്ന 'സയന്‍സ് ഓണ്‍ സ്ഫിയര്‍'


ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ മ്യൂസിയത്തിന് ശേഷം രാജ്യത്തെ രണ്ടാമത്തെ 'സയന്‍സ് ഓണ്‍ സ്ഫിയര്‍' മള്‍ട്ടിമീഡിയ പ്രൊജക്ഷന്‍ സംവിധാനം സ്ഥാപിച്ചിരിക്കുന്നത് വള്ളക്കടവിലെ ജൈവവൈവിദ്ധ്യ മ്യൂസിയത്തിലാണ്. ദൃശ്യസാദ്ധ്യതകള്‍ കൃത്യമായി മള്‍ട്ടിമീഡിയ പ്രൊജക്ഷനുകളിലൂടെ വിനിയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് 'സയന്‍സ് ഓണ്‍ സ്ഫിയര്‍'. ആറടി വ്യാസമുള്ള ഭീമന്‍ ഗ്ലോബിന്റെ രൂപത്തില്‍ ഭൂമി, സമുദ്രം, വന്‍കരകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ശബ്ദ വിവരണത്തോടെ സാദ്ധ്യമാക്കുന്ന സംവിധാനമാണിത്. ഇതില്‍ ഗ്ലോബിന്റെ നാല് വശങ്ങളിലും ദൃശ്യങ്ങള്‍ പ്രോജക്ട് ചെയ്യുന്നു. നാസയില്‍ നിന്നും ലഭിക്കുന്ന തത്സമയ വിവരങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. കാലാവസ്ഥ പ്രവചനങ്ങള്‍, മഴ മേഘങ്ങളുടെ സാന്നിദ്ധ്യം, മഴയുടെ സാദ്ധ്യത, തുടങ്ങിയവയും ഈ ഭീമന്‍ ഗോളത്തിലൂടെ കാണാന്‍ കഴിയും. ഉപഗ്രഹങ്ങളെടുത്ത ഭൂമിയുടെ രാത്രി ചിത്രവും ചെറിയ ദ്വീപ് മുതല്‍ വന്‍കരകളുടെ വരെ പൂര്‍ണദൃശ്യവും ഇതിലൂടെ കാണാന്‍ സാധിക്കുന്നു.