By Sooraj Surendran .12 Aug, 2019
പ്രളയം നാം ഒറ്റക്കെട്ടായി അതിജീവിക്കുക തന്നെ ചെയ്യും. കേരളത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ കർണാടകയിലും. പ്രളയവും, മഴക്കെടുതിയും വളരെ രൂക്ഷമായാണ് കർണാടകയിൽ ബാധിച്ചിരിക്കുന്നത്. പ്രളയ ജലത്താൽ മുങ്ങിയ പാലത്തിൽ വഴി മനസിലാക്കാനാകാതെ കുടുങ്ങിയ ആംബുലൻസ് ഡ്രൈവർക്ക് വഴികാട്ടിയായ ഒരു കൊച്ചു ബാലനാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ താരം. കലിപൂണ്ട് കുത്തിയൊലിക്കുന്ന പ്രളയജലത്തിൽ സ്വന്തം ജീവൻ പോലും വകവെക്കാതെ സഹജീവികളുടെ ജീവന് വിലകല്പിച്ച ഇവനാണ് നമ്മുടെ മാതൃക.
കര്‍ണാടകയിലെ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ-യാദ്ഗിര്‍ റോഡിലെ വെള്ളക്കെട്ടിലാണ് ആംബുലന്‍സ് കുടുങ്ങിയത്. ആംബുലൻസിന് മുന്നിലൂടെ ബാലൻ നടന്ന് വഴികാട്ടുകയും, ആംബുലൻസ് സുഗമമായി കടന്നുപോകുകയും ചെയ്തു. വളരെ വേഗത്തിൽ നടന്നുനീങ്ങുന്ന ബാലൻ പാലത്തിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ബാലന് അഭിനന്ദനവുമായി രംഗത്തെത്തിയത്.