Friday 18 October 2019




നഗരപിതാവില്‍ നിന്നും നിയമസഭാ സാമാജികനിലേക്കുള്ള ദൂരമെത്ര?

By online desk.26 Sep, 2019

imran-azhar

 

അങ്ങനെ വട്ടിയൂര്‍ക്കാവിലെ ചിത്രം തെളിഞ്ഞു തെളിഞ്ഞു വരികയാണ്. ഇനി ഉറപ്പിച്ചാല്‍ മതി. മേയര്‍ വി കെ പ്രശാന്തിന് എല്‍ ഡി എഫില്‍ നറുക്ക് വീണിട്ടുണ്ടെന്നാണ് കൗണ്‍സിലര്‍മാരുടെ രഹസ്യ ചര്‍ച്ച. എന്നാല്‍, മേയറുടെ പാര്‍ട്ടി ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല. അതേസമയം, പ്രളയ പ്രദേശങ്ങളില്‍ സ്‌നേഹവും ചേര്‍ത്ത് സഹായം എത്തിക്കാന്‍ ചുക്കാന്‍ പിടിച്ച മേയര്‍ എന്തിനും തയ്യാറാണെന്നാണ് കേള്‍വി.

 

തന്റെ പേര് ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ വട്ടിയൂര്‍ക്കാവ് വരെ ഒന്നു പോയാലെന്താണെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. നഗരപിതാവില്‍ നിന്നും നിയമസഭാ സാമാജികനിലേക്കുള്ള ദൂരം എത്രയാണെന്ന് കണക്കുകൂട്ടി കണ്ടുപിടിക്കാന്‍ ഇനി എത്ര ദിവസം. എല്‍ ഡി എഫിന്റെ ചുവരെഴുത്തുകാരുടെ മനസ്സില്‍ ലഡ്ഡുപൊട്ടിക്കഴിഞ്ഞു. എന്നാല്‍, യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയമൊക്കെ ഏതു വഴിയായെന്ന് ഒരറിവുമില്ല. പീതാംബരക്കുറുപ്പാണ് കെ മുരളീധരന്റെ പിന്‍ഗാമിയായി വരുന്നതെന്ന് കേള്‍ക്കുന്നുണ്ട്. മുരളീധരന് പകരമാകുമോ പീതാംബരനെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

 

യു ഡി എഫിന്റെ എംപിയായിരുന്ന ആളാണ് പീതാംബര കുറുപ്പ്. അപ്പോള്‍ കുറഞ്ഞ പുള്ളിയൊന്നുമല്ലെന്നുറപ്പാണ്. വോട്ടര്‍മാര്‍ക്കിടയില്‍ സ്ഥാനം ഉറപ്പിച്ചാണ് എന്‍ ഡി എ ഓരോ തിരഞ്ഞെടുപ്പിനെയും കടന്നുപോയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ടും ക്രമാനുഗതമായി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തെത്തിച്ചത് അവരുടെ കുമ്മനം രാജശേഖരനാണ്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറായിപ്പോലും ഇരുത്താനാകുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് തെളിയിച്ചിട്ടുണ്ടെന്നത് പഴങ്കഥയല്ല. എന്നാല്‍, ചിത്രം വ്യക്തമാക്കാതെ എന്‍ ഡി എ ഇപ്പോഴും ഇരുട്ടത്ത് നില്‍ക്കുകയാണ്. കുമ്മനം അല്ലെങ്കില്‍ പകരം ആരെന്നതാണ് ചോദ്യം. ഇതൊന്നും കണ്ട് വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാര്‍ കുലുങ്ങുന്നില്ല. വരേണ്ടവരെല്ലാം വരട്ടെ. മണ്ഡലത്തിലേക്ക് വരുമ്പോള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രം. അടിസ്ഥാന സൗകര്യ വികസനം മുതല്‍ റോഡ്, തോട്, കുളം, കളിസ്ഥലം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കാനാകാത്തവര്‍ വന്നിട്ട് കാര്യമില്ല. അതിപ്പോള്‍ മേയറായാലും, മുന്‍ എംപിയായാലും, മുന്‍ ഗവര്‍ണറായാലും. അതാണ് വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരുടെ ഒരു ലൈന്‍.