Monday 06 December 2021




'കാരവന്‍ കേരള': സുരക്ഷിത ഇടങ്ങളായിരിക്കും, പരിസ്ഥിതി സൗഹൃദമായിരിക്കും, ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ്

By Preethi Pippi.20 Oct, 2021

imran-azhar

 

 

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ നൂതന പദ്ധതിയായ 'കാരവന്‍ കേരള'യുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

 

 

പ്രാദേശിക സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവുമാണ് കാരവന്‍ ടൂറിസം നയത്തെ വ്യത്യസ്‍തമാക്കുന്നത്. കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാദേശിക വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനു നയം ഊന്നല്‍ നല്‍കുന്നുണ്ട്. ഇതുവരെയും കണ്ടെത്താത്ത സംസ്ഥാനത്തെ ആകര്‍ഷകമായ ടൂറിസം കേന്ദ്രങ്ങളെ അനുഭവവേദ്യമാക്കി കാരവന്‍ യാത്രക്കാര്‍ക്ക് താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമുള്ള അനന്തസാധ്യതയാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച പങ്കാളിത്ത സൗഹൃദ കാരവന്‍ ടൂറിസം നയം പ്രദാനം ചെയ്യുന്നത്.

 

 


പ്രാദേശിക സമൂഹത്തിന് പ്രയോജനകരമാകുന്ന സുസ്ഥിര പ്രവര്‍ത്തനമായി ടൂറിസത്തെ മാറ്റുന്നതിനും മേഖലയിലെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടും. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ടൂറിസം കാരവനുകള്‍ സുരക്ഷിതവും സുഖപ്രദവുമായിരിക്കും. ഓരോ പ്രദേശത്തേയും സ്വാഭാവികതയ്ക്കും സംസ്കാരത്തിനും കോട്ടം വരുത്താത്ത ക്രമീകരണങ്ങളുള്ള സുസജ്ജമായ സുരക്ഷിത ഇടങ്ങളായിരിക്കും കാരവന്‍ പാര്‍ക്കുകള്‍.

 

 


ആഡംബര നിര്‍മ്മിതികളൊന്നും കൂടാതെയുള്ള സ്വാഭാവിക ഇടങ്ങളായ കാരവന്‍ പാര്‍ക്കുകളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്ലാന്‍റ് ഉണ്ടായിരിക്കും. കാരവനിലെ ആഡംബര അന്തരീക്ഷത്തെ പാര്‍ക്കിലെ സ്വാഭാവിക പ്രകൃതവുമായി സമന്വയിപ്പിക്കുകയാണ് പദ്ധതിയുടെ അടിസ്ഥാന പ്രമേയമെന്നും മന്ത്രി വ്യക്തമാക്കിയതായി ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

 


സംസ്ഥാന ടൂറിസം മേഖലയില്‍ നിര്‍ണായകമാകുന്ന കാരവന്‍ ടൂറിസം നയത്തിന്‍റെ ഭാഗമായി കാരവനുകള്‍ വാങ്ങുന്നതിന് നിക്ഷേപ ധനസഹായം ഉള്‍പ്പെടെ ആകര്‍ഷകമായ ഇന്‍സെന്‍റീവുകള്‍ ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനത്തെ കാരവന്‍ ടൂറിസത്തെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. അറിയപ്പെടാത്ത കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാരവന്‍ ടൂറിസത്തെ മുന്‍നിര്‍ത്തി ഇടകലര്‍ത്തിയുള്ള പാക്കേജുകള്‍ നടപ്പിലാക്കുമെന്ന് ഇന്‍റെര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം ജോര്‍ജ് പറഞ്ഞു.