Tuesday 16 July 2019




ഫര്‍ണിച്ചര്‍ വെയില് കൊണ്ടതിന് സൗദിയില്‍ വീട്ടുജോലിക്കാരിയെ വെയിലത്ത് മരത്തില്‍ കെട്ടിയിട്ടു; ചിത്രങ്ങള്‍ പുറത്ത്

By anju.15 May, 2019

imran-azhar

റിയാദ്: ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് ശിക്ഷയായി സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയെ പൊരി വെയിലത്ത് മരത്തില്‍ കെട്ടിയിട്ടു. സൗദിയിലെ ധനിക കുടുംബത്തില്‍ ജോലി ചെയ്തിരുന്ന ഫീലിപ്പൈന്‍ സ്വദേശി ലൗലി അകോസ്റ്റ ബറുലോയാണ് (26) തൊഴിലുടമയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത്.

 

വിലയേറിയ ഫര്‍ണിച്ചര്‍ വീടിന് പുറത്ത് വെയിലത്ത് ഇട്ടതിന് അരിശംപൂണ്ടായിരുന്നു തന്നെ കെട്ടിയിട്ടതെന്ന് ലൗലി പറഞ്ഞു. കൈകളും കാലുകളും വീട്ടിലെ പൂന്തോട്ടത്തിലുള്ള മരത്തോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെയിലത്ത് നില്‍ക്കുമ്പോഴുള്ള അവസ്ഥ ബോധ്യപ്പെടുത്താനെന്ന പേരിലായിരുന്നത്രെ ശിക്ഷ.

 

മേയ് ഒന്‍പതിനാണ് ഈ സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്നും അന്നുതന്നെ യുവതിയെ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് മോചിപ്പിച്ച് ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയില്‍ എത്തിച്ചുവെന്ന് എംബസിയും അറിയിച്ചിട്ടുണ്ട്. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നാണ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ലൗലി പറഞ്ഞത്.വീട്ടിലെ മറ്റ് ജോലിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.