Saturday 31 October 2020




പശുവിനെ കൊന്നുതിന്നതിന്റെ പ്രതികാരം, പുലിയെ ഒന്നരവർഷം കാത്തിരുന്ന് വകവരുത്തി

By Sooraj Surendran.18 Sep, 2020

imran-azhar

 

 

മൂന്നാർ: തന്റെ അച്ഛനെ കൊന്ന വരയൻ പുലിയെ അതിന്റെ മടയിൽ പോയി വേലെറിഞ്ഞു കൊന്ന പുലിമുരുഗൻ, ഇതൊക്കെ സിനിമയിൽ മാത്രം നടക്കും എന്ന് കരുതിയെങ്കിൽ തെറ്റി. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പൊന്നുപോലെ വളർത്തിയ തന്റെ പശുവിനെ കൊന്നു തിന്ന പുലിയെ ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കെണിവെച്ച് പിടികൂടി വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ് മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ.കുമാർ (34).

 

അയൽവാസികൾ നൽകിയ വിവരങ്ങളിലൂടെയാണ് സംഭവവുമായി ബന്ധപ്പെട്ട് ചുരുളഴിയുന്നത്. ഒന്നര വർഷങ്ങൾക്ക് മുൻപാണ് കുമാർ ഓമനിച്ച് വളർത്തിയ കറവ പശുവിനെ പുലി ആക്രമിച്ച് കൊന്നു തിന്നത്. കുമാറിന്റെ ഏക വരുമാനം കൂടിയായിരുന്നു ഈ പശു. പശുവിനെ നഷ്ടപ്പെട്ടതിൽ മനംനൊന്ത കുമാർ പുലിയെ കൊല്ലുമെന്ന് പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു. പുലിയെ പിടികൂടുന്നതിനായി ഒന്നര വര്ഷം മുൻപാണ് കുമാർ കെണി സ്ഥാപിച്ചതും. തുടർന്ന് പലപ്പോഴും രഹസ്യമായി പുലി കെണിയിൽ കുടുങ്ങിയോ എന്ന് പരിശോധനയും നടത്തിയിരുന്നു.


കഴിഞ്ഞ ദിവസമാണ് പുലി കെണിയിലായത്. കെണിയിലായ പുലിയെ കുമാർ കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. മൂന്നാർ എസിഎഫ് ബി.സജീഷ്കുമാർ, റേഞ്ച് ഓഫിസർ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുലിയെ കൊന്ന മൂന്നാറിലെ പുലി മുരുകനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.