Saturday 11 July 2020




വസന്തം നിറഞ്ഞ് കനകക്കുന്ന്

By online desk .01 Jan, 2020

imran-azhar

 

 

നക്ഷത്ര ചെടികൾ കൊണ്ടൊരു വനം 

 

നക്ഷത്രമരങ്ങളെക്കുറിച്ച് കേട്ടുപരിചയം മാത്രമുള്ളവര്‍ക്ക് അത് നേരില്‍ കാണാന്‍ അവസരം. വസന്തോത്സവം പുഷ്പമേളയില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍മകോഗ്നോസി യൂണിറ്റ് സജ്ജമാക്കിയിരിക്കുന്ന ഔഷധ സസ്യോദ്യാനത്തിലാണ് നക്ഷത്രച്ചെടികള്‍ കൊണ്ടുള്ള നക്ഷത്രവനം ഒരുക്കിയിരിക്കുന്നത്. അശ്വതി നക്ഷത്രത്തിന് കാഞ്ഞിരവും ഭരണിനക്ഷത്രത്തിന് നെല്ലിയും ഉത്രാടം നക്ഷത്രത്തിന് പ്ലാവും തുടങ്ങി ജ്യോതിഷശാസ്ത്ര പ്രകാരം 27 നക്ഷത്രങ്ങള്‍ക്കായി 27 ഇനം മരങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നതായാണു വിശ്വാസം. ഓരോ ജ• നക്ഷത്രത്തിനും അനുയോജ്യമായ മരങ്ങള്‍ ഏതൊക്കെയെന്ന് ആസ്വാദകര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് നക്ഷത്രമരങ്ങളുടെ പ്രദര്‍ശനം. അതാതു നക്ഷത്രക്കാര്‍ യോജിച്ച വൃക്ഷതൈകള്‍ വീട്ടുവളപ്പില്‍ നട്ടു പിടിപ്പിച്ചു പരിപാലിക്കുന്നതിനനുസരിച്ച് സമ്പല്‍സമൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം.

 

മധുരിക്കും പഴവര്‍ഗ്ഗങ്ങള്‍

വൈവിദ്ധ്യമാര്‍ന്ന പഴവര്‍ഗ്ഗ ശേഖരവുമായി വസന്തോത്സവത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്. ഗണപതി നാരകം, ഓറഞ്ച്, വിവിധ ആകൃതിയിലുള്ള സപ്പോട്ട, പാഷന്‍ ഫ്രൂട്ട്, അരിനെല്ലി, മധുരനെല്ലി, ലൗ ലൗവി, ആഫ്രിക്കന്‍ കാഷ്യൂ നട്ട്, മൊസാമ്പി, മഡഗാസ്‌കര്‍ ചെറി, മഹ്ക്കോട്ട ദേവ അങ്ങിനെ പഴ വര്‍ഗ്ഗങ്ങളുടെ നിര നീളുന്നു. നോനിപ്പഴം, മില്‍ക്ക് ഫ്രൂട്ട്, ആകാശ വെള്ളരി, മിറാക്കിള്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയാണ് മറ്റു പഴവര്‍ഗ ഇനങ്ങള്‍. ആയുര്‍വേദ - സിദ്ധ- യുനാനി മരുന്നുകളുടെ പ്രധാന ചേരുവയാണ് നോനിപ്പഴം. ഇവയുടെ വേരുമുതല്‍ കായ വരെ ഔഷധഗുണമുണ്ട്. സപ്പോട്ട ഇനത്തില്‍പ്പെട്ടതാണ് മില്‍ക്ക് ഫ്രൂട്ട്, പഴമായും പച്ചക്കറിയായും ഉപയോഗിക്കാമെന്നതാണ് ആകാശ വെള്ളരിയുടെ പ്രത്യേകത. ഇങ്ങനെ കേട്ടുകേള്‍വി മാത്രമുള്ള നിരവധി പഴവര്‍ഗങ്ങളെ വസന്തോത്സവത്തിലെ കൃഷിവകുപ്പ് സ്റ്റാളില്‍ നേരില്‍കാണാം.

 

ഓമനമൃഗങ്ങളെ ലാളിക്കാന്‍ തിരക്ക്

പുഷ്പമേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം കൗതുകം ജനിപ്പിക്കുന്നു. മുയല്‍, ഗിനിപന്നി, അംഗോറ, ഫാന്‍ടെയില്‍ പ്രാവുകള്‍, രണ്ടുമാസം പ്രായമായ പോമറേനിയന്‍- ജെര്‍മന്‍ ഷെപ്പേര്‍ഡ് പട്ടിക്കുഞ്ഞുകള്‍ എന്നിങ്ങനെ ഓമനത്തം തുളുമ്പുന്ന കുഞ്ഞന്‍മാരെ ലാളിക്കാന്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ തിരക്കുകൂട്ടുകയാണ്. വീട്ടുമുറ്റം മനോഹരമായ ലാന്‍ഡ് സ്‌കേപ് ചെയ്തു ഭംഗിയുറ്റതാക്കാന്‍ പ്രചോദനം നല്‍കുന്ന ആര്‍ട്ടിസ്റ്റിക് ഡിസ്പ്ലേ വിഭാഗത്തിലാണ് ഓമനമൃഗങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പലതരം അലങ്കാര ചെടികളുടെ പ്രദര്‍ശനവും ഇവിടെയുണ്ട്. ആവശ്യക്കാര്‍ക്ക് ഓര്‍ഡറനുസരിച്ച് വളര്‍ത്തുമൃഗങ്ങള്‍, ചെടികള്‍ എന്നിവ എത്തിച്ചുകൊടുക്കാനും സൗകര്യമുണ്ട്.