Friday 10 April 2020
ഈസിയായി വളരും കുഞ്ഞന്‍ കാക്ടസ്, പുത്തന്‍ അനുഭവമായി ഓഫീസ് ചെടികള്‍

By online desk .03 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: അലങ്കാര സസ്യങ്ങളോട് കമ്പമുള്ളവര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് കാക്ട്‌സ് ചെടികള്‍. ഉപഭോഗസംസ്‌കാരത്തിന്റെ വേറിട്ട രൂപം കൂടെയായ കാക്ടസ് ചെടികളുടെ വൈവിധ്യ ശേഖരമാണ് വസന്തോത്സവം പുഷ്പമേളയില്‍ ഒരുക്കിയിരിക്കുന്നത്. കാക്റ്റേഷ്യ വിഭാഗത്തില്‍ പെടുന്ന കാക്ടസും സക്കുലന്റ്സും ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. കുറഞ്ഞ ചിലവില്‍ പരിപാലിക്കാമെന്നതാണ് പ്രധാന ആകര്‍ഷണം. വെള്ളവും വളവും വളരെ കുറച്ച് മാത്രം ആവശ്യമുള്ള ഇവ കൂടുതലായും മരുഭൂമികളിലും വരണ്ട ഭൂപ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്. ആകര്‍ഷകമായ ആകൃതിയും വര്‍ണാഭമായ പൂക്കളും ഒറ്റനോട്ടത്തില്‍ തന്നെ കാഴ്ചക്കാരുടെ മനം കവരും. വെള്ള, ചുവപ്പ്, പര്‍പ്പിള്‍, പച്ച, മഞ്ഞ, ബര്‍ഗണ്ടി, സില്‍വര്‍ എന്നീ നിറങ്ങളില്‍ കാക്ടസുളുണ്ട്. ചെറിയ വരകളോടു കൂടിയ ഇനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. വസന്തോത്സവം പുഷ്പമേളയില്‍ കാക്ടസിന്റെ മുപ്പതിലധികം വെറൈറ്റികളാണ് പദര്ശനത്തിനായി ഒരുക്കിയിരിക്കുന്നത്. ഇവ കാണാന്‍ ജനുവരി അഞ്ചുവരെ അവസരമുണ്ട്.

 

വസന്തോത്സവത്തില്‍ കാണികള്‍ക്ക് പുത്തന്‍ അനുഭവമാകുന്നത് ഓഫീസ് ചെടികളാണ്. വീടിനുള്ളിലും ഓഫീസിനുള്ളിലും വെക്കാവുന്ന വിവിധതരം ചെടികളെ അടുത്തറിയാനും വാങ്ങാനും ഇവിടെ അവസരമുണ്ട്. ലക്കി ബാംബൂ, പീസ് ലില്ലി, സീസീ പ്ലാന്റ്, മണി പ്ലാന്റ്, കാക്ടസ്, പെപ്പര്‍ ഫേസ് മുതലായ പതിനാറില്പരം വ്യത്യസ്ത ചെടികളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൂട്ടത്തില്‍ ലക്കി ബാംബുവിനാണ് ആവശ്യക്കാര്‍ ഏറെ. അന്‍പത് രൂപ മുതല്‍ പതിനായിരം രൂപ വിലയുള്ള പോളി പാമിനും ആവശ്യക്കാരുണ്ട്.

 

കാഴ്ചയ്ക്ക് ഭംഗി നല്‍കുന്നതിലുപരിയായി അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും ഇവയെ ഉപയോഗിക്കുന്നു. ജോലി സ്ഥലത്ത് ചെടികളുടെ സാന്നിധ്യം ഉത്പാദകത്വം കൂട്ടുമെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെടികളെ കൂടാതെ സെറാമിക്, ഫൈബര്‍, ടെറാകോട്ട എന്നിവ കൊണ്ട് നിര്‍മിച്ച ചെടി ചട്ടികളും അനുബന്ധ അലങ്കാര വസ്തുക്കളും പ്രദര്‍ശനത്തിനുണ്ട്. മുള കൊണ്ടും മരങ്ങളുടെ വേരുകള്‍ ഉപയോഗിച്ചും നിര്‍മിച്ചിരിക്കുന്ന വസ്തുക്കളും ഇവിടുണ്ട്.


താരമായി കരിഞ്ജീരകക്കോഴിയും സ്വര്‍ഗക്കോഴിയും


വസന്തോത്സവം പുഷ്പമേളയുടെ ഭാഗമായി കഫേ കുടുംബശ്രീ തയാറാക്കുന്ന കരിഞ്ജീരക കോഴിക്കും സ്വര്‍ഗക്കോഴിക്കും പ്രിയമേറുന്നു. കുടുംബശ്രീയുടെ കോഴിക്കോട് കരുണ യൂണിറ്റിന്റെ സ്റ്റാളിലാണ് ഇവ ലഭിക്കുന്നത്. വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, സോയ സോസ്, വിനാഗിരി, കരിഞ്ജീരകം, മുട്ട, കോണ്‍ഫ്ളോര്‍, കുരുമുളക് പൊടി, ഉപ്പ്, കാശ്മീരി ചില്ലി പൗഡര്‍ എന്നീ ചേരുവകള്‍ വരഞ്ഞിട്ട കോഴിയിറച്ചിയില്‍ പുരട്ടിയ വറുത്തെടുക്കുന്ന കരിഞ്ജീരക കോഴിക്ക് ആവശ്യക്കാര്‍ ഏറെയാണ്. കരിഞ്ജീരക കോഴി, രണ്ട് ബട്ടൂര, നാല് ചപ്പാത്തി, ഗ്രേവി എന്നിവ അടങ്ങുന്ന കോംബോയ്ക്ക് 170 രൂപയും സ്വര്‍ഗകോഴി, രണ്ട് ബട്ടൂര, നാല് ചപ്പാത്തി, ഗ്രേവി അടങ്ങുന്ന കോംബോയ്ക്ക് 130 രൂപയുമാണ് വില. ചിക്കന്‍ നുറുക്കി വറുത്തതിനും ബിരിയാണിക്കും വന്‍ ഡിമാന്‍ഡാണ്. ചിക്കന്‍ നുറുക്കി വറുത്തതിന് 120 രൂപയും ചിക്കന്‍ ബിരിയാണിക്ക് 130 രൂപയുമാണ് വില. കാട ഫ്രൈയും സ്റ്റാളില്‍ ലഭ്യമാണ്. ലഘു വിഭവങ്ങളായി ചിക്കന്‍ ചട്ടിപ്പത്തിരി, സ്വീറ്റ് ചട്ടിപ്പത്തിരി, പഴംപൊരി, ഉന്നക്കായ, ചിക്കന്‍ മോമോസ് എന്നിവയും ലഭിക്കും.

 

വസന്തോത്സവം ഞായറാഴ്ചവരെ

 

പൊതുജനാഭിപ്രായവും വര്‍ദ്ധിച്ചുവരുന്ന ജനപങ്കാളിത്തവും കണക്കിലെടുത്ത് കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം പുഷ്പമേള ഞായറാഴ്ചവരെ നീട്ടിയതായി വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ജനുവരി മൂന്നുവരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.