Wednesday 03 June 2020
'മാറ്റത്തിന്റെ കനൽ'

By Sooraj Surendran.18 Apr, 2020

imran-azhar

 

 

പൊതുസമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതും, അകന്നുനില്‍ക്കുന്നതുമായ ആദിവാസി-ദളിത് ഊരുകളിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സാമൂഹ്യ രംഗത്ത് പുതു പാത വെട്ടിതെളിയിച്ചിരിക്കുകയാണ് കനൽ എന്ന സംഘടന. എന്‍ജിഒ സ്ഥാപനമായ കനലിന്റെ പ്രവര്‍ത്തന വഴികളും ഉന്നമനോദ്ദ്യേശ്യങ്ങളും വളരെ വ്യത്യസ്തമാണ്. ആദിവാസി-ദളിത് ഊരുകളിലെ ജനങ്ങളുടെ സാമൂഹിക വളര്‍ച്ചയും കുട്ടികളുടെ മാനസിക ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടാണ് 2015ല്‍ കനൽ എന്ന സംഘടന ജിഷ ത്യാഗരാജിന്റെയും, ആൻസനിന്റെയും നേതൃത്വത്തിൽ പ്രവര്‍ത്തനമാരഭിക്കുന്നത്. തെരുവോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് പഠനം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി "തെരുവ് പാഠശാല" എന്ന പദ്ധതിയും കനൽ ആരംഭിച്ചു.

 

സാധാരണ നാം കണ്ടുവരുന്ന രീതിയിൽ നിന്നും തികച്ചും വിഭിന്നമാണ് കനലിന്റെ പ്രവർത്തന ശൈലി. കഥകള്‍, കളികള്‍, നാടന്‍ കലകള്‍, ചിത്ര രചന, നാടന്‍പാട്ട്, തിയേറ്റര്‍ തുടങ്ങിയ ആകർഷകമായ മാധ്യമങ്ങളിലൂടെയാണ് കുട്ടികളുമായി കനലിലെ പ്രവർത്തകർ ആശയങ്ങൾ പങ്കിടുന്നതും, സംവദിക്കുന്നതും. കേരളത്തിലുടനീളം സ്‌കൂളുകള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് നിരവധി ബോധവൽക്കരണ പരിപാടികളും കനൽ ഇതിനോടകം നടത്തി കഴിഞ്ഞു. "തെരുവ് പാഠശാല" എന്ന ആശയം പലരുമായി ചർച്ച ചെയ്തിരുന്നെങ്കിലും, "തെരുവ് പിള്ളാർക്ക് എന്ത് ചെയ്യാൻ എന്ന പുച്ഛം പലരിലും ഉയർന്ന് നിന്നുവെന്ന് കനൽ സംഘടനയുടെ സ്ഥാപകയായ ജിഷ ത്യാഗരാജ് പറയുന്നു.

 

എന്നാൽ ആ ആഗ്രഹം ഉപേക്ഷിക്കാൻ ജിഷ തയ്യാറായിരുന്നില്ല, പദ്ധതിക്കായി ജിഷ സ്വന്തമായി തുക കണ്ടെത്തുകയും തിരുവനന്തപുരം, കൊല്ലം ,എറണാകുളം, കോട്ടയം എന്നിവിടങ്ങളിലുള്ള തെരുവോരങ്ങളിൽ തെരുവ് പാഠശാല ക്ലാസ്സ് മുറികൾ സാധ്യമാക്കുകയും, വൃത്തിയുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പഠനസാമഗ്രികളും കുഞ്ഞുങ്ങൾക്ക് നൽകുകയും ചെയ്തു. അന്യഭാഷയിൽപെട്ടവരായിരുന്നു ഭൂരിഭാഗം കുഞ്ഞുങ്ങളും, പക്ഷെ ജിഷയ്ക്ക് ഭാഷ ഒരു പ്രശ്നമായിരുന്നില്ല ആക്ഷൻ സോങ്ങിലൂടെ ചെരുപ്പ് ഇടുന്നതിന്റെ പ്രാധാന്യം മുതൽ കൈ കഴുക്കുന്നതിന്റെ ആവശ്യകത തുടങ്ങി വൃത്തിയുടെ പാഠങ്ങൾ അങ്ങനെ പലതും പഠിപ്പിച്ചു. ആദ്യമായി ചെരുപ്പ് ധരിച്ചതിന്റെ ആശങ്ക അവരിൽ കാണാമായിരുന്നു- ജിഷ ഓർക്കുന്നു.

 

കഥ പറഞ്ഞും പാട്ടു പാടിയും പഠനം ആയാസമാക്കി' ജീവിതത്തിൽ ഒരിക്കൽ പോലും പഠനം ആസ്വദിക്കാനോ വരകളും ചിത്രങ്ങളോ പരിചയപ്പെടാനോ സാധ്യമല്ലാത്ത അവരുടെ കൈ പിടിച്ച് നിറം കൊടുക്കാനും ചിത്ര പുസ്തകങ്ങളിലൂടെ കഥ പഠിക്കാനും പുസ്തകം അറിയാനും തെരുവ് പാഠശാലയിലൂടെ കനൽ അവസരമൊരുക്കി. ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കനലിന്റെ ഭാഗത്ത് നിന്നും നടത്തിവരുന്നത്. തീരദേശ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആഹാരം, മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവയും എത്തിച്ചു നൽകിയിട്ടുണ്ട്.

 

ഇന്ന് മനുഷ്യരില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ശീലമാണ് വായന.എന്നാല്‍ കുട്ടികളിലും മുതിര്‍ന്നവരിലും വളര്‍ത്തിയെടുക്കേണ്ട ഒരു ശീലാവുമാണ് വായന. കുട്ടികളിലും, മുതിർന്നവരിലും ജീവിതത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു നല്‍കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍തന്നെ നടത്തുന്ന ലൈബ്രറി സംവിധാനമായ "വായനായിടങ്ങള്‍" അഭിനന്ദനാർഹമാണ്. കുട്ടികളില്‍ മികച്ച കമ്യൂണിക്കേഷന്‍ സ്‌കില്‍, ലീഡര്‍ഷിപ്പ് സ്‌കില്‍, പെണ്‍കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസം, ലൈംഗിക വിദ്യാഭ്യാസം, നിയമ പഠനം, മാതാപിതാക്കള്‍ക്കായുള്ള വിവിധ ബോധവത്കരണങ്ങള്‍ തുടങ്ങിയവയാണ് "വായനായിടങ്ങള്‍" എന്ന പദ്ധതിയിലൂടെ കനൽ ലക്ഷ്യമിടുന്നത്. കുട്ടികളോടൊപ്പം നിന്ന് കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് കനൽ എന്ന യുവജന സംഘടന. 75ഓളം വോളന്റിയർമാരും, വിവിധ മേഖലകളിലെ പ്രശസ്തരും കനലിന് മുതൽക്കൂട്ടായപ്പോൾ കനൽ വൈവിധ്യമാർന്ന ശൈലിയിൽ നിരവധി ജനജീവിതങ്ങളിലേക്ക് ഒഴുകിയെത്തി.

 

മാനസിക സമ്മർദം, സൈബർ അഡിക്ഷൻ, ലഹരി ഉപയോഗം, പരീക്ഷ ഭയം തുടങ്ങി ജീവിതത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളെയും കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ അവരുടെ ഭാഷയിൽ, അവരുടെ ശൈലിയിൽ അവരിലേക്ക് എത്തിക്കുകയാണ് കനലിന്റെ ശൈലി. സംസ്ഥാന ബാലാവകാശ കമ്മീഷൻ, സംസ്ഥാന ശിശുക്ഷേമ സമിതി, സംസ്ഥാന വനിതാ കമ്മീഷൻ, നിർഭയ (സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്), സംസ്ഥാന കുടുംബശ്രീ മിഷൻ, സംസ്ഥാന ജെൻഡർ അഡ്വൈസർ തുടങ്ങി വിവിധ മേഖലകളിൽ 1600ഓളം വേദികൾ പിന്നിട്ടിരിക്കുകയാണ് കാനൽ. ആദിവാസി മേഖലകളിൽ എല്ലാ വർഷവും ഒട്ടനവധി പരിപാടികൾക്ക് നേതൃത്വം നൽകുന്നു. അട്ടപ്പാടിയിൽ 3 വായനശാലകൾ കനൽ സംഭാവന ചെയ്തു.

 

അട്ടപ്പാടിയിലെ ആദിവാസി കുട്ടികൾ നേരിടുന്ന ഭാഷ പ്രശ്നത്തെ മനസിലാക്കി പഠിച്ച് ജിഷ ത്യാഗരാജ് രചനയും, സംവിധാനവും നിര്വഹിച്ച "നമത് നായക" എന്ന ഡോക്യൂമെന്ററി 2018ലെ കുട്ടികളുടെ അന്താരാഷ്ട്ര ഡോക്യൂമെന്ററി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും, ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അവശർക്കും, അനാഥർക്കും, നിരാലംബർക്കും നാഥനായി കനൽ. സംരക്ഷണവും, അഭയവും നൽകി സുരക്ഷിത സ്ഥാനങ്ങളിലേക്ക് കനൽ പറിച്ചുനട്ടത് ഒത്തിരി ജീവിതങ്ങളാണ്. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കത്തെ നേരിടുന്നതിലും കനലിന്റെ ഭാഗത്ത് നിന്നുമുണ്ടായ സേവനങ്ങൾ അഭിനന്ദനാർഹമാണ്.