Saturday 11 July 2020
കടല്‍ കടന്നെത്തിയ സംഗീതം

By online desk.28 Oct, 2019

imran-azhar

 

ശ്രവണസുന്ദരമായ ശബ്ദങ്ങള്‍ കൊണ്ട് അനുഭൂതിയുടെ പ്രപഞ്ചം സൃഷ്ടിക്കുന്ന കലയാണ് സംഗീതം. സംഗീതത്തിന് ഒരു ഭാഷയേയുള്ളൂ. സംഗീതത്തിലൂടെ അവതരിപ്പിക്കുന്ന പ്രണയവും വിരഹവും ദു: ഖവും സന്തോഷവും ദേശത്തിന്റെയും ഭാഷയുടെയും അതിര്‍ത്തികള്‍ പിന്നിട്ട് ആസ്വാദകരുടെ മനസില്‍ നിറയും. അതിന്റെ തീവ്രത മുഴുവന്‍ ഉള്‍ക്കൊള്ളാനുമാവും.

 

ഹരിവരാസനം വിശ്വമോഹനം... മലയാളിയുടെ മനസില്‍ ഭക്തിയുടെ വസന്തം വിരിയിച്ച ഗാനം. മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ചെല്ലോ എന്ന സംഗീതോപകരണത്തില്‍ വായിക്കുകയാണ് കസാഖ്സ്ഥാന്‍ സ്വദേശിയായ സംഗീതജ്ഞ. തികച്ചും വ്യത്യസ്തമായ ഭാഷയും സംസ്‌കാരവുമുള്ള രാജ്യത്ത് ജനിച്ചുവളര്‍ന്ന ഒരു സംഗീതജ്ഞ, ആ ഗാനത്തിന്റെ തീവ്രത മുഴുവന്‍ ഉള്‍ക്കൊണ്ട് പാശ്ചാത്യസംഗീതോപകരണമായ ചെല്ലോയില്‍ വായിക്കുന്നത് അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനാവൂ. തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം അക്കാദമി ഒഫ് വെസ്റ്റേണ്‍ മ്യൂസിക്കില്‍ വച്ചാണ് ചെല്ലിസ്റ്റായ കെഞ്ച്ഗുല്‍ അക്ഷക്കീനയെ കണ്ടത്. ജീവനും ജീവിതവുമായ സംഗീതത്തെപ്പറ്റിയും ഇന്ത്യയെയും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെപ്പറ്റിയും കെഞ്ച്ഗുല്‍ സംസാരിച്ചു.

 


സംഗീതപാരമ്പര്യമുള്ള കുടുംബത്തിലല്ല കെഞ്ച്ഗുലിന്റെ ജനനം. എന്നാല്‍, മാതാപിതാക്കള്‍ക്ക് സംഗീതത്തില്‍ അറിവുണ്ടായിരുന്നു. അങ്ങനെയാണ് സഹോദരിമാര്‍ക്കൊപ്പം കെഞ്ച്ഗുലിനെയും സംഗീതം അഭ്യസിപ്പിച്ചത്. പതിനൊന്നു വയസ്സുള്ളപ്പോള്‍ കസാഖ്സ്ഥാനിന്റെ തലസ്ഥാനമായ അസ്താനയിലെ മ്യൂസിക് അക്കാദമിയില്‍ സംഗീതം അഭ്യസിക്കാന്‍ എത്തി. നൂര്‍-സുല്‍ത്താന്‍ എന്നാണ് അസ്താനയുടെ പുതിയ പേര്. അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിക് അക്കാദമിയാണ്. ഇവിടെ പ്രവേശനം ലഭിക്കുക പ്രയാസമാണ്. മ്യൂസിക് അക്കാദമിയിലെ പഠനം കെഞ്ച്ഗുലിന്റെ ജീവിതം മാറ്റിമറിച്ചു. തന്റെ ഭാവി സംഗീതത്തിലാണെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.

 

ലോകത്തിലെ പ്രമുഖരായ സംഗീതജ്ഞന്മാരും സംഗീത അധ്യാപകരും മ്യൂസിക് അക്കാദമിയിലെ കുട്ടികളോട് സംവദിക്കാന്‍ എത്തുക പതിവാണ്. അങ്ങനെ മോസ്‌കോയില്‍ നിന്നെത്തിയ സംഗീത അധ്യാപകന്‍ കെഞ്ച്ഗുലിലെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞ്, സംഗീതത്തില്‍ ഉപരിപഠനത്തിനായി മോസ്‌കോയിലേക്കു ക്ഷണിച്ചു. അമ്മ സന്തോഷത്തോടെ സമ്മതം നല്‍കിയതോടെ കെഞ്ച്ഗുലിന്റെ സംഗീതജീവിതത്തിലെ മറ്റൊരു വഴിത്തിരിവായ മോസ്‌കോയിലെ സംഗീതപഠനം തുടങ്ങി. അന്ന് പ്രായം പതിനാറ് വയസ്സ്. മോസ്‌കോയിലെ പഠനം അത്ര എളുപ്പമായിരുന്നില്ല. ഭാഷ തന്നെയായിരുന്നു പ്രധാന പ്രശ്‌നം. റഷ്യന്‍ ഭാഷ പഠിക്കണം. സംഗീതത്തോടുള്ള തീവ്രമായ ഇഷ്ടം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുമുന്നേറാനുള്ള ആത്മവിശ്വാസം നല്‍കി. ഉന്നത വിജയമായ റെഡ് സര്‍ട്ടിഫിക്കറ്റോടെ സംഗീതത്തില്‍ ഡിഗ്രി നേടി. അതിനിടെ ഇസ്രായേലില്‍ മ്യൂസിക് ഫെസ്റ്റിവലിനു പോയി. സ്‌പെയിനില്‍ നടന്ന സംഗീത മത്സരത്തില്‍ സമ്മാനം ലഭിക്കുകയും ചെയ്തു. പിന്നീടാണ് മോസ്‌കോയിലെ ചൈക്കോവ്‌സ്‌കി കണ്‍സര്‍വേറ്ററിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്. ഉയര്‍ന്ന നിലയില്‍തന്നെ കണ്‍സര്‍വേറ്ററിയിലെ പഠനവും കെഞ്ച്ഗുല്‍ പൂര്‍ത്തിയാക്കി.

 

മോസ്‌കോ കണ്‍സര്‍വേറ്ററിയിലെ പഠനത്തിനുശേഷം നാട്ടിലേക്കുമടങ്ങാനുള്ള ആഗ്രഹമുണ്ടായി. അങ്ങനെയാണ് അസ്താനയിലേക്കുമടങ്ങിയത്. അവിടുത്തെ പ്രശസ്തമായ സിംഫണി ഓര്‍ക്കസ്ട്രയില്‍ ചേര്‍ന്നുപ്രവര്‍ത്തിച്ചുതുടങ്ങി. സിംഫണി ഓര്‍ക്കസ്ട്രിയില്‍ പ്രതിഭാധനരായ നിരവധി സംഗീതജ്ഞരുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് കെഞ്ച്ഗുലിന്റെ സംഗീതലോകം വിശാലമാക്കി.

 

തികച്ചും ആകസ്മികമായാണ് കെഞ്ച്ഗുല്‍ കേരളത്തില്‍ എത്തിയത്. അതിനു മുമ്പ് ഇന്ത്യയെന്നാല്‍ കെഞ്ച്ഗുലിന് മഹാത്മാഗാന്ധിയായിരുന്നു. അധ്യാപകരുടെ കുടുംബത്തിലാണ് കെഞ്ച്ഗുല്‍ ജനിച്ചത്. ചരിത്ര പണ്ഡിതനായ മുത്തച്ഛനില്‍ നിന്നാണ് മഹാത്മാഗാന്ധിയെപ്പറ്റി ആദ്യം മനസ്സിലാക്കിയത്.

 

പാശ്ചാത്യസംഗീതത്തെ ജീവനുതുല്യം ഇഷ്ടപ്പെട്ടിരുന്നയാളാണ് തിരുവനന്തപുരം സ്വദേശിയായ സതീഷ് കമ്മത്ത്. ലോകത്തിലെ വിവിധ സംഗീതധാരകളെ തലസ്ഥാന നഗരത്തിനു പരിചയപ്പെടുത്തിയ ട്രിവാന്‍ട്രം സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ സ്ഥാപകരില്‍ ഒരാള്‍. തിരുവനന്തപുരത്തിനു സ്വന്തമായി ഒരു പാശ്ചാത്യസംഗീത ഓര്‍ക്കസ്ട്ര വേണം, അതിനായി പാശ്ചാത്തസംഗീതം അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കണം എന്ന ചിന്തയില്‍ നിന്നാണ് ട്രിവാന്‍ഡ്രം അക്കാദമി ഒഫ് വെസ്റ്റേണ്‍ മ്യൂസിഫ് എന്ന പേരില്‍ പശ്ചാത്യസംഗീത പഠനത്തിനായി ഒരു സ്ഥാപനം തുടങ്ങിയത്. മുംബൈ ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സുമായി അടുത്തബന്ധമാണ് സതീഷ് കമ്മത്തിന് ഉണ്ടായിരുന്നത്. അക്കാദമിക്കായി പാശ്ചാത്യസംഗീത അധ്യാപകരെ കണ്ടെത്താനായി സതീഷ് നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സിലെ പ്രവര്‍ത്തകരുടെ സഹായം തേടി. കസാഖ്സ്ഥാന്‍ സ്വദേശിയും അന്താരാഷ്ട പ്രശസ്തനായ വയലിനിസ്റ്റുമായ മാരാത് ബിസന്‍ഗാലിയേവാണ് കെഞ്ച്ഗുലിനെ കണ്ടെത്തിയത്.

 

ഇന്ത്യയില്‍ എത്തിയതിനെപ്പറ്റി കെന്‍ഷെഗുല്‍ പറയുന്നു: 'ഇന്ത്യയില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം അത്ര വ്യാപകമല്ലെന്ന് അറിയാമായിരുന്നു. താരതമ്യേന മുംബൈയിലാണ് പ്രഗത്ഭരായ പാശ്ചാത്യസംഗീതജ്ഞരും അധ്യാപകരുമുള്ളത്. എന്നാല്‍, കേരളത്തിന്റെ അവസ്ഥ അങ്ങനെയല്ല. പ്രഗത്ഭരായ അധ്യാപകരും പാശ്ചാത്യസംഗീതത്തെപ്പറ്റി ആഴത്തിലുള്ള അറിവും ഇവിടെ കുറവാണ്. സംഗീതത്തിലുള്ള എന്റെ അറിവ് പകര്‍ന്നുനല്‍കാനാണ് ഞാന്‍ ഇവിടെ എത്തിയത്. ഇവിടെ ഒരു ഓര്‍ക്കസ്ട്ര രൂപീകരിക്കുക എന്നത് എന്റെ സ്വപ്‌നമാണ്. അതിനായി കഴിവുള്ള പത്തു കുട്ടികളെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അവരിലൂടെ എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാവും എന്ന ആത്മവിശ്വാസമുണ്ട്.'

 

 

 

മുത്തച്ഛനില്‍ നിന്നറിഞ്ഞ ഗാന്ധിജിയുടെ നാട്ടില്‍, ഗാന്ധി ജയന്തിയോടനുബന്ധിച്ച് സൗത്ത് ഏഷ്യന്‍ സിംഫണി ഫൗണ്ടേഷന്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച ഫ്രം ഗാന്ധി ടു ബിഥോവന്‍: ദി കോള്‍ ടു ഫ്രീഡം എന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കെഞ്ച്ഗുല്‍ കരുതുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതജ്ഞര്‍ പങ്കെടുത്ത പരിപാടിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ഉള്‍പ്പെടെയുള്ളവരോടുള്ള നന്ദിയും കെഞ്ച്ഗുല്‍ പ്രകടിപ്പിക്കുന്നു.

 

അന്തരിച്ച മാന്‍ഡലിന്‍ മാന്ത്രികന്‍ യു ശ്രീനിവാസിനുള്ള ശ്രദ്ധാഞ്ജലിയായി ശ്രീനിവാസിന്റെ സഹോദരന്‍ യു രാജേഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ അനുസ്മരണ ഗാനത്തിലും സാന്നിധ്യമാവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കെഞ്ച്ഗുല്‍. ചെന്നൈയിലായിരുന്നു ഇതിന്റെ റെക്കോഡിംഗ്. സംഗീതസംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യക്കൊപ്പവും കെഞ്ച്ഗു ല്‍ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

 

മുംബൈയില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ വേദിയിലും സംഗീതം അവതരിപ്പിക്കാന്‍ കെന്‍ഷെഗുലിന് അവസരം ലഭിച്ചു. ഇതിന്റെ കടപ്പാട് സിംഫണി ഓര്‍ക്കസ്ട്ര ഒഫ് ഇന്ത്യയുടെ മാനേജര്‍ ഒനായ് സുംബായേവയോടാണെന്ന് കെഞ്ച്ഗുല്‍ പറയുന്നു.

 

മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളെല്ലാം പരിചിതമാണെന്ന് കെഞ്ച്ഗുല്‍ അഭിമാനത്തോടെ പറയുന്നു. അവയൊക്കെ ചെല്ലോയില്‍ അതിമനോഹരമായി വായിക്കുകയും ചെയ്യും. ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസം ഇളയരാജയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി ചെന്നൈയില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ ചെല്ലോ അവതരിപ്പിച്ചപ്പോഴുള്ള അനുഭവം കെഞ്ച്ഗുല്‍ പങ്കുവയ്ക്കുന്നു. കെഞ്ച്ഗുലിനെ പരിചയപ്പെട്ട ശേഷം, ചെല്ലോ ഇത്രയും മനോഹരമാണെന്ന് ഇതുവരെ അറിയില്ലെന്നാണ് സംഗീതപ്രേമികള്‍ പറഞ്ഞത്. ഈ അനുഭവം വിവരിക്കുമ്പോള്‍ തന്റെ സംഗീതയാത്ര സാര്‍ത്ഥമാണെന്ന തിരിച്ചറിവില്‍ കെഞ്ച്ഗുല്‍ ഹൃദ്യമായി പുഞ്ചിരിച്ചു.

 

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോടുള്ള ഇഷ്ടവും കെഞ്ച്ഗുല്‍ പങ്കുവച്ചു. 'മലയാളം അറിയില്ലെങ്കിലും ഞാനിവിടെ താമസിക്കുന്നു. സംഗീതം നമ്മളെയെല്ലാം ഒന്നിപ്പിക്കുന്ന ആഗോള ഭാഷയാണ്. രാജ്യങ്ങള്‍ക്കും തലമുറകള്‍ക്കും അതീതമായി മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനുള്ള ശേഷി സംഗീതത്തിനുണ്ട്. മലയാളം പറയുമ്പോള്‍, സന്ദര്‍ഭത്തിന് അനുസരിച്ച് 'കുറച്ചുകുറച്ചു' മനസ്സിലാവും. ഇംഗ്ലീഷില്‍ സംസാരിക്കാനറിയാത്ത വിദ്യാര്‍ത്ഥികളെ ഞാന്‍ പഠിപ്പിക്കുന്നുണ്ട്. അവര്‍ മലയാളത്തില്‍ എന്നോട് സംസാരിക്കും ഞാന്‍ അവരോട് ഇംഗ്ലീഷില്‍ മറുപടി പറയും. ഞങ്ങള്‍ക്കു പരസ്പരം മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ' കെഞ്ച്ഗുല്‍ പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ചെല്ലോ പഠിക്കാനായി എത്തുന്നുണ്ട്.

 


'സംഗീതത്തോട് അതിയായ പാഷനുള്ളവരാണ് എന്റെ കുട്ടികള്‍. അവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അറിവു പകര്‍ന്നുനല്‍കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.' കെഞ്ച്ഗുല്‍ കര്‍ത്തവ്യബോധമുള്ള അധ്യാപികയാവുന്നു.

 

'നല്ല ഇമ്പമുള്ള, മനുഷ്യശബ്ദത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന സംഗീതോപകരണമാണ് ചെല്ലോ. ഏതു പ്രായത്തിലും സാഹചര്യത്തിലും ഉള്ളവര്‍ക്കും പഠിക്കാം. കുട്ടിക്കാലത്ത് സ്വന്തമായി പിയാനോ ഇല്ലാത്തതിനാല്‍ പേപ്പറില്‍ കീബോര്‍ഡ് വരച്ച് ഞാന്‍ പഠിച്ചിട്ടുണ്ട്. സംഗീതത്തോടുള്ള പാഷനാണ് ഏറ്റവും പ്രധാനം.'

 


'ജീവിതം ഇവിടെ വളരെ സന്തോഷകരമാണ്.' വാക്കുകളില്‍ ആഹ്ലാദം നിറച്ച് കെഞ്ച്ഗുല്‍ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് മനോഹരമാണ്. മദ്യാദയുള്ള, മുഖത്ത് ചിരിയുള്ള മനുഷ്യര്‍ ഇവിടുത്തെ പ്രത്യേകതയാണ്. മറ്റു മെട്രോ നഗരങ്ങളെപ്പോലെയല്ല തിരുവനന്തപുരം. മറ്റിടങ്ങളില്‍ എല്ലാവരും വലിയ തിരക്കിലാണ്. ഇവിടെ അങ്ങനെയല്ല. ആളുകള്‍ പരസ്പരം ചിരിക്കുന്നു, സംസാരിക്കുന്നു, കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു. കേരളത്തിലെ ആല്‍മരങ്ങളും കടല്‍ക്കരയുമൊക്കെ എനിക്കിഷ്ടമാണ്.' കേരളത്തോടുള്ള ഇഷ്ടം പറയുമ്പോള്‍ കെഞ്ച്ഗുല്‍ വാചാലയായി.

 

'ഞാന്‍ സംഗീതജ്ഞയാണെന്നു പറയുമ്പോള്‍ അവര്‍ ചോദിക്കും, വയലിന്‍? അപ്പോള്‍ ഞാന്‍ പറയും, അല്ല, ചെല്ലോ ആണെന്ന്. അവര്‍ക്ക് ചെല്ലോ അത്ര പരിചിതമല്ലല്ലോ. പിന്നെ ഞാന്‍ അതിനെപ്പറ്റി വിശദീകരിക്കും.' പുഞ്ചിരിയോടെ കെഞ്ച്ഗുല്‍ പറയുന്നു.