Saturday 04 April 2020




ബെല്ലി ഡാന്‍സും തനൂറ നൃത്തവുമായി കോവളം ഒരുങ്ങുന്നു

By online desk.18 Dec, 2019

imran-azhar

 

ഉന്‍മാദത്തിന്റെ പുതിയ തലങ്ങളിലേക്ക് നയിക്കുന്ന ബെല്ലി ഡാന്‍സും തനൂറ നൃത്തവും അടിപൊളി സംഗീതവും തലസ്ഥാനത്ത്. മലയാളികള്‍ സിനിമയില്‍ മാത്രം കണ്ടു ശീലിച്ച അമ്പരപ്പിക്കുന്ന ഇക്കിളി നൃത്തം ഇതള്‍ വിരിയുന്നത് കോവളത്ത്. ഈജിപ്ഷ്യന്‍, ലെബനീസ് നര്‍ത്തകരാണ് മാദക നൃത്തത്തിന് ചുവടു വയ്ക്കുന്നത്. കോവളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്. ഹോട്ടല്‍ ന്യൂട്ടണ്‍സ് നീലകണ്ഠ ബൂട്ടിക് റിസോര്‍ട്ടിലാണ് ഈ കണ്ണഞ്ചിപ്പിക്കുന്ന നൃത്തമുള്ളത്. എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ 10.30വരെയാണിത്.



വര്‍ഷങ്ങള്‍ക്ക് മുമ്പ് കോവളത്തെ ത്രസിപ്പിച്ചിരുന്ന മാദക നൃത്തത്തിന്റെ നാളുകളാണ് ഇതോടെ മടങ്ങിവരുന്നത്. കാബറയും ഫ്‌ളോര്‍ ഡാന്‍സും ബാര്‍ ഡാന്‍സുമൊക്കെയായി കോവളം തിളങ്ങിനിന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു. എന്നാല്‍ ചില ഇടപെടലുകളെ തുടര്‍ന്ന് ഇവ താത്കാലികമായും പിന്നീട് സ്ഥിരമായും നിര്‍ത്തിവച്ചു. പുതിയ ലെബനീസ് ബെല്ലി ഡാന്‍സോടെ ആ കാലം കോവളത്തേക്ക് മടങ്ങിവരുമെന്നാണ് കണക്കുകൂട്ടല്‍. നാമമാത്രമായ വസ്ത്രങ്ങള്‍ ധരിച്ച് ഇളകിയാടുന്ന ലെബനീസ് സുന്ദരിമാര്‍ കോവളത്ത് എത്തിക്കഴിഞ്ഞു. ഇവരുടെ പ്രകടനം കാണാന്‍ കോവളത്തെ പ്രമുഖ ഹോട്ടലിലേക്ക് യുവാക്കളും മധ്യവയസ്‌കരും ഒഴുകിയെത്തുകയാണ്.



ടൂറിസം സീസണിലാണ് കോവളം. എന്നാല്‍ മുമ്പുണ്ടായിരുന്നത്ര വിനോദസഞ്ചാരികള്‍ ഇപ്പോള്‍ കോവളത്തേക്ക് എത്തുന്നില്ല. ഇത് മനസിലാക്കിയാണ് ന്യൂട്ടണ്‍സ് ഹോട്ടല്‍സ് കോവളത്തേക്ക് വ്യത്യസ്ത വിരുന്നൊരുക്കുന്നത്. അതിഥികളെ ത്രില്ലടിപ്പിക്കുന്ന വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഹോട്ടല്‍ ഉടമ അജിഷ് നമ്പ്യാര്‍ ബിഗ് ന്യൂസിനോടു പറഞ്ഞു. വിദേശ ടൂറിസ്റ്റുകളെക്കാള്‍ നമ്മുടെ ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. സാധാരണ കോവളം എന്നു കേള്‍ക്കുമ്പോള്‍ ഇവിടെയുള്ളവര്‍ ആരുംതന്നെ ഇങ്ങോട്ട് വരാറില്ല. പക്ഷേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയിരക്കണക്കിന് പേരാണ് സീസണില്‍ വന്നുപോകുന്നത്.



പലരും ആഹാരം കഴിക്കാന്‍ സിറ്റിയിലെ മുന്തിയ ഹോട്ടലുകളില്‍ പോകാറുണ്ട്. കോവളത്തും അത്തരം ഹോട്ടലുകളുണ്ട്. ആരുംതന്നെ ഇവിടെ വരാറില്ല. ഇതിനൊരു മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അജിഷ് നമ്പ്യാര്‍ പറയുന്നു. 2017ലാണ് ന്യൂട്ടണ്‍സ് ഹോട്ടല്‍സ് എന്ന കമ്പനി രൂപീകരിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ദുബൈയിലാണ് ഇതിന്റെ പ്രമോഷനും മറ്റു കാര്യങ്ങളും ദുബൈയിലാണ് ചെയ്യുന്നത്.

 

തിരുവനന്തപുരത്ത് ഒരുമിച്ചു പഠിച്ച പ്രശാന്ത്, അജിഷ് നമ്പ്യാര്‍ എന്നിവര്‍ സംയുക്തമായാണ് ഈ സംരംഭം തുടങ്ങിയത്. പഠന ശേഷം ഇരുവരും രണ്ടുവഴിക്ക് പോയെങ്കിലും ജോലിസംബന്ധമായി ഗള്‍ഫില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നു. അജിഷ് 20 വര്‍ഷമായി ഗള്‍ഫില്‍ ബിസിനസാണ്. പ്രശാന്താകട്ടെ പത്തുവര്‍ഷമായി ഗള്‍ഫില്‍ ജോലിനോക്കുകയാണ്. അവിടെവച്ചാണ് ഒരുമിച്ച് ബിസിനസ് ചെയ്യണമെന്ന ആശയം ഉടലെടുത്തത്. എന്തുകൊണ്ട് സ്വന്തം നാട്ടില്‍ തന്നെ സംരംഭം തുടങ്ങിക്കൂട എന്നായിരുന്നു അവരുടെ ചിന്ത. അങ്ങനെയാണ് കോവളത്തെ ടൂറിസം സാധ്യതയെ കുറിച്ച് അവര്‍ മനസിലാക്കിയത്. അങ്ങനെ ന്യൂട്ടണ്‍സ് ഹോട്ടല്‍സ് എന്ന സംരംഭം ആരംഭിച്ചു. പ്രധാനമായും ഹോട്ടല്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് പ്രത്യേകിച്ച് കോവളം പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു സംരംഭവും ഉണ്ടായിട്ടില്ല. വികസനമെന്നത് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.



1993ല്‍ ഉണ്ടായിരുന്ന കോവളമല്ല ഇപ്പോഴുള്ളത്. അന്നൊക്കെ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കായിരുന്നുവെന്നും ഇപ്പോള്‍ അതിന്റെ മൂന്നിലൊന്നു മാത്രമായി കുറഞ്ഞെന്നും അജിഷ് നമ്പ്യാര്‍ പറയുന്നു. സായന്തനങ്ങളില്‍ കുടുംബ സമേതം മുന്തിയ ഹോട്ടലിലേക്കാണ് പലരും പോകുന്നത്. അതേ സജീകരണങ്ങള്‍ കോവളത്തുമുണ്ട്. പക്ഷേ ആരും ഇവിടേക്ക് വരാറില്ല. അതിനു കാരണം ആള്‍ക്കാര്‍ കണ്ടുമടുത്ത സജീകരണങ്ങള്‍ തന്നെയാണ്. അതില്‍നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ആള്‍ക്കാര്‍ ഇവിടേക്ക് വരൂ. മുന്തിയ ഹോട്ടലുകളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല മത്സ്യ വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫ്രഷ് മീനാണ് ഇവിടുത്തെ പ്രത്യേകത. കാരണം കടപ്പുറവും മത്സ്യബന്ധന തുറമുഖവും അടുത്താണെന്നതുതന്നെ. പക്ഷേ മറ്റു മുന്തിയ ഹോട്ടലുകളില്‍ ഇത്രയും ഫ്രഷ് ഐറ്റം കിട്ടിയെന്നു വരില്ല.



വാരാന്ത്യങ്ങള്‍ ആഘോഷമാക്കുന്നവര്‍ക്ക് കോവളത്തേക്ക് ഇനി ധൈര്യപൂര്‍വ്വം വരാം. അതിനായി ന്യൂട്ടണ്‍സ് നീലകണ്ഠ സജ്ജമായിക്കഴിഞ്ഞുവെന്ന് അജിഷ് നമ്പ്യാര്‍ പറഞ്ഞു. കോവളത്ത് എന്തൊക്കെയാണ് ഉള്ളതെന്നു മനസിലാക്കിയ വിദേശ ടൂറിസ്റ്റുകള്‍ മാത്രമാണ് പതിവായി വരാറുള്ളത്. ആ മുഖം മാറ്റിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ലെബനിയന്‍ ഷെഫ്

നാവില്‍ രുചിയൂറും വിഭവങ്ങളാണ് ന്യൂട്ടണ്‍സ് നീലകണ്ഠ ബൂട്ടിക് റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. മിന്‍ വിഭവങ്ങള്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഞൊടിയിടയില്‍ തീന്‍മേശയില്‍ എത്തിക്കും. അതിനായി ലെബനിയനില്‍ നിന്നാണ് ഷെഫിനെ എത്തിച്ചിട്ടുള്ളത്. മഹര്‍ സുലൈമാന്‍ അക്‌വാന്‍ എന്നാണ് ഷെഫിന്റെ പേര്. വിവിധ രാജ്യങ്ങളില്‍ ഷെഫായി ജോലിനോക്കിയിട്ടുള്ള അദ്ദേഹത്തിന് ടൂറിസ്റ്റുകളുടെ ടേസ്റ്റ് എന്തൊക്കെയാണെന്ന് നന്നായറിയാം. ലോകത്തിലെ തന്നെ പ്രശസ്തമായ ഫെയര്‍ മൗണ്ട് ഹോട്ടലില്‍ ഷെഫായി സേവനമനുഷ്ടിച്ച ആളാണ് മഹര്‍ സുലൈമാന്‍ അക്‌വാന്‍. ചുരിക്കൂട്ടുകള്‍ക്കുള്ള ചേരുവകളും ഇറക്കുമതി ചെയ്തവയാണ്.

 

വ്യത്യസ്തമാര്‍ന്ന വിഭവങ്ങള്‍

കഫെ സ്‌പൈസ് ഗാര്‍ഡനിലെത്തുന്നവര്‍ക്ക് വെല്‍ക്കം ഡ്രിങ്കോടെയാണ് സല്‍ക്കാരം തുടങ്ങുന്നത്. വിവിധതരം ജ്യൂസാണ് വെല്‍ക്കം ഡ്രിങ്ക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതും ലൈവായി നല്‍കും. തഹിനി, നാരങ്ങ നീര്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വേവിച്ച, പറങ്ങോടന്‍ ചിക്കന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഹമ്മസാണ് ഒരു പ്രത്യേക ഡിഷ്. മിഡില്‍ ഈസ്റ്റിലും മെഡിറ്ററേനിയനിലും ലോകമെമ്പാടുമുള്ള മിഡില്‍ ഈസ്റ്റേണ്‍ പാചകരീതിയിലും ഇത് ജനപ്രിയമാണ്. വിവിധതരം സൂപ്പുകളും ഒരുക്കിയിട്ടുണ്ട്. അതില്‍ ഫിഷ് സൂപ്പാണ് ഏറെ സ്വാദിഷ്ടം. ചിക്കന്‍ മോളോഖിയ, സയാദിയ ഫിഷ് എന്നിവ കഫേ സ്‌പൈസ് ഗാര്‍ഡന്റെ മാത്രം പ്രത്യേകതയാണ്. ഇവയെല്ലാം വെറും 3500 രൂപയുടെ പാക്കേജില്‍ നമുക്ക് ഇഷ്ടംപോലെ ആസ്വദിക്കാം.

 

ലൈവ് മ്യൂസിക്

അതിഥികളെ ബോറഡിപ്പിക്കാത്ത തരത്തിലുള്ള ലൈവ് മ്യൂസിക്കാണ് ഒരുക്കിയിട്ടുള്ളത്. പാശ്ചാത്യ സംഗീതവും ഇന്ത്യന്‍ സംഗീതവും ന്യൂട്ടണ്‍സ് നീലകണ്ഠ ബൂട്ടിക് റിസോര്‍ട്ടിലെ കഫേ സ്‌പൈസ് ഗാര്‍ഡനില്‍ മുഴങ്ങിക്കേള്‍ക്കും. ഇത് അതിഥികളെ കൂടുതല്‍ ഉന്‍മാദത്തില്‍ ആറാടിക്കും. സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കുന്ന തരത്തിലാണ് റസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്. അതുവഴി പോകുന്ന ഏതൊരാളെയും അറിയാതെ ആ ഹോട്ടലിലേക്ക് ആകര്‍ഷിക്കും.

ലെബനീസ് ഫുഡ് ആന്‍ഡ് ആര്‍ട്ട് ഫെസ്റ്റ്

ന്യൂട്ടണ്‍സ് നീലകണ്ഠ ബൂട്ടിക് റസ്റ്റോറന്റിലെ കഫേ സ്‌പൈസ് ഗാര്‍ഡനില്‍ എത്തുന്ന ഏതൊരാള്‍ക്കും ലഭിക്കുന്നത് ഒരു നവ്യാനുഭവമായിരിക്കും. ലെബനീസ് ഫുഡ് ആന്‍ഡ് ആര്‍ട്ട് ഫെസ്റ്റ് എന്നതാണ് അവിടുത്തെ സവിശേഷത. ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതിനൊപ്പം നൃത്തവും സംഗീതവും ആസ്വദിക്കാനാകും. ഒരുപക്ഷേ നമ്മള്‍ കോവളത്താണോ ഇരിക്കുന്നതെന്ന് തോന്നിപ്പിക്കും വിധമാണ് റസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്.

 

താമസിക്കാന്‍ അടിപൊളി റൂമുകള്‍

ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനായി അടിപൊളി റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ 50 മുറികളാണ് ആകെയുള്ളത്. ഡീലക്‌സ്, എക്‌സിക്യൂട്ടീവ്, സ്റ്റാന്‍ഡേര്‍ഡ് റൂമുകള്‍ക്ക് പുറമെ സ്യൂട്ട് റൂമുമുണ്ട്. ഡീലക്‌സ് റൂമുകള്‍ക്ക് 7,500ഉം എക്‌സിക്യൂട്ടീവ് റൂമുകള്‍ക്ക് 6,500ഉം സ്റ്റാന്‍ഡേര്‍ഡ് റൂമുകള്‍ക്ക് 4,500ഉം ആണ് വാടക. സ്യൂട്ടിന് 12,000 രൂപ മാത്രമേ വാടകയുള്ളു. മറ്റു ഹോട്ടലുകളില്‍ നിന്നും കുറഞ്ഞ നിരക്കാണ് ന്യൂട്ടണ്‍സ് നീലകണ്ഠ ഈടാക്കുന്നത്.

 

ക്രിസ്മസ്, ന്യൂ ഇയര്‍ ഈവ്

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ഹോട്ടല്‍ ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 24ന് വൈകുന്നേരം മുതല്‍ ക്രിസ്മസ് ആഘോഷം ആരംഭിക്കും. ബെല്ലി ഡാന്‍സ്, കള്‍ച്ചറല്‍ പ്രോഗ്രാം, ഡിജെ പാര്‍ട്ടി എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം 7.30 മുതല്‍ ആഘോഷങ്ങള്‍ തുടങ്ങും. ഒരാള്‍ക്ക് 5,000 രൂപയാണ് നിരക്ക്. പുതുവര്‍ഷത്തെ വരവേല്‍ക്കാനും വ്യത്യസ്ത പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റികളെ അണിനിരത്തിയുള്ള ഷോയുണ്ടാകും. കോവളത്ത് ഇതുവരെ ഉണ്ടായിട്ടില്ലാത്ത പുതുവര്‍ഷപ്പിറവിയാകും ന്യൂട്ടണ്‍സ് നീലകണ്ഠ ബൂട്ടിക് റിസോര്‍ട്ട് നല്‍കുകയെന്ന് അജിഷ് നമ്പ്യാര്‍ പറഞ്ഞു. 20 ശതമാനം ഓഫര്‍ 3500 രൂപയാണ് ഒരാള്‍ക്ക് എന്‍ട്രി ഫീസ്. എന്നാല്‍ ഉദ്ഘാടനം പ്രമാണിച്ച് 20 ശതമാനം ഓഫര്‍ നല്‍കുന്നുണ്ട്.


ലക്ഷ്യം ടൂറിസം

തകര്‍ന്നടിഞ്ഞ കോവളത്തിന്റെ പ്രതാപകാലം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് ഹോട്ടല്‍ ഉടമകളില്‍ ഒരാളായ അജിഷ് നമ്പ്യാര്‍ പറഞ്ഞു. കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കാനാകും. അതിനായി ഇവിടെയുള്ള സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.