Monday 20 January 2020
അതല്ല ഡോക്ടര്‍മാരുടെ ലൈന്‍ ഒഫ് ഡ്യൂട്ടി

By Online desk .17 Jun, 2019

imran-azhar

 

 

പത്തു വര്‍ഷം മുമ്പാണ് അയാള്‍ രോഗിയായി മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മറിഞ്ഞു വീണ് തോള്‍ സന്ധി ഒടിഞ്ഞിരിക്കുന്നു. മറ്റൊരു ആശുപത്രിയില്‍ ബാന്‍ഡേജ് ചെയ്ത് ഇങ്ങോട്ട് വിട്ടതാണ്.

 

'ഓപ്പറേഷന്‍ ചെയ്യണം,' ഞാന്‍ പറഞ്ഞു, 'ഇല്ലെങ്കില്‍ മോശമാകും.'
'അതെ. ഓപ്പറേഷന്‍ ചെയ്യാനാണ് വന്നത്. പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ട്.'

 

അയാള്‍ ഒരു കെട്ട് ഒ.പി ടിക്കറ്റ് മുന്നോട്ട് നീക്കി. മെഡിക്കല്‍ കോളേജിലെ കടലാസുകളാണ്. ഇന്‍ഫക്ഷ്യസ് ഡിസീസസ് വകുപ്പിലെ ചികിത്സയിലാണയാള്‍. എയ്ഡ്‌സ് രോഗിയാണ്.

 

രാത്രി ഒരു ഓര്‍ത്തോ സുഹൃത്തിനെ വിളിച്ചു, 'നാളെ ഒരു കേസുണ്ട്, ഞാന്‍ ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് പ്രയാസമാണ്. ഒന്ന് വരാമോ?'


അയാള്‍ ഏറ്റു. ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും സഹായം തേടുന്നത് പതിവാണ്.
'ഒരു പ്രശ്‌നമുണ്ട്. രോഗിക്ക് എയ്ഡ്‌സാണ്.'


'എത്ര മണിക്കാണ് നീ തുടങ്ങുന്നത്?' അയാള്‍ ചോദിച്ചു.

 

പിറ്റേന്ന് വൈകിട്ട് സര്‍ജറി തുടങ്ങി. തോള്‍സന്ധിയിലേക്കുള്ള രാജവീഥി ഡെല്‍റ്റോ പെക്‌റ്റൊറലാണ്. മുറിവുണ്ടാക്കി, അതില്‍ അഡ്രിനാലിന്‍ അടങ്ങിയ മരുന്നു ഞാന്‍ കുത്തിവച്ചു. രക്തസ്രാവം കുറയ്ക്കാനായി ഇങ്ങനെ ചെയ്യാറുണ്ട്. സിറിഞ്ച് പൊങ്ങിത്താണു. വീണ്ടും പൊങ്ങിത്താണു. ഇത്തവണ സൂചി മുറിവുതുടയ്ക്കുന്ന സുഹൃത്തിന്റെ നടുവിരലിനുള്ളിലേക്ക് ആഴത്തില്‍ ഇറങ്ങി. ഒരു നിമിഷത്തെ ശ്രദ്ധക്കുറവ്. അയാള്‍ ഒരു നിമിഷം പതറി. പിന്നെ കൈയുറ മാറ്റി പണി തുടര്‍ന്നു. പിറ്റേന്ന് രാവിലെ മുതല്‍ സ്‌പെഷ്യലിസ്റ്റ് നിര്‍ദ്ദേശമനുസരിച്ച് ഡോക്ടര്‍ക്ക് ചികിത്സ തുടങ്ങി-പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ്. പത്തു വര്‍ഷം മുമ്പ് ഇതിനുള്ള മരുന്നുകള്‍ക്ക് പാര്‍ശ്വഫലം കൂടുതലായിരുന്നു. തലവേദനയും ഛര്‍ദ്ദിയുമായി അയാള്‍ വല്ലാതെ വലഞ്ഞു. രണ്ടാഴ്ച വീട്ടില്‍ തന്നെ കിടന്നു. എന്തായാലും സംഗതി നന്നായി അവസാനിച്ചു. രോഗിയുടെ തോള്‍ നന്നായി കൂടിച്ചേര്‍ന്നു. ഡോക്ടര്‍ എയ്ഡ്‌സ് പിടിക്കാതെ രക്ഷപെട്ടു. ഇതിവിടെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ബംഗാള്‍ സംഭവമാണ്. രോഗി മരിച്ചതു പ്രമാണിച്ച് ഡോക്ടറെ തല്ലി ഗുരുതര നിലയില്‍ ഐസിയുവിലാക്കി. സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നു. ഇതിനെ കുറിച്ച് മുഖ്യമന്ത്രി മമതാ ദീദിയുടെ ഒരു പ്രസ്താവന, ഏതാണ്ടിങ്ങനെ: 'ഡോക്ടര്‍മാര്‍ സമരം ചെയ്യാന്‍ പാടില്ല. ജോലിയുടെ ഇടയില്‍ ഇങ്ങനെയൊക്കെ ചിലപ്പോള്‍ ഉണ്ടാകും. പോലീസുകാര്‍ അടി കൊള്ളുമ്പോള്‍ സമരം ചെയ്താല്‍ എങ്ങനെയാകും?' ലൈന്‍ ഒഫ് ഡ്യൂട്ടിയാണ് ദീദി പറയുന്നത്. ഫേസ്ബുക്കില്‍ ചിലര്‍ ഇതിനെ ശരിവയ്ക്കുന്നതു കണ്ടു.

 

ഡോക്ടറുടെയും നഴ്‌സിന്റെയും ലൈന്‍ ഒഫ് ഡ്യൂട്ടി മറ്റാരെക്കാളും കൃത്യമായി അവര്‍ക്കുതന്നെയറിയാം. അതുകൊണ്ടാണ് നിപ്പാ വൈറസ്സ് വന്ന് അവരിലൊരാള്‍ മരിച്ചപ്പോള്‍ അവര്‍ പിന്നെയും ജോലിയില്‍ തുടര്‍ന്നത്. ആശുപത്രി ഇടനാഴികളിലും ഐസിയുവിനുള്ളിലും ഓപ്പറേഷന്‍ തിയേറ്ററിലും അപകടം പതിയിരിക്കുന്നത് അവര്‍ക്കറിയാം. മരണം റോന്തു ചുറ്റുന്ന സ്ഥലമാണ് ആശുപത്രി. അതിനെ കണ്ടു ഭയന്നു മാറിനില്ക്കാറില്ല. അതാണ് അവരുടെ ലൈന്‍ ഒഫ് ഡ്യൂട്ടി.

 

അതിനെതിരെയൊന്നും ഇന്നു വരെ ഇവരാരും സമരം ചെയ്തിട്ടില്ല. മറിച്ചാണ് കണ്ടിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകന്റെ നായകര്‍ രാജ്യം വെട്ടിപ്പിടിച്ചവരോ ഒരടിക്ക് പത്തു പേരെ വീഴ്ത്തിയവരോ അല്ല. സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്തിയ ഒരു വലിയ നിര തന്നെയുണ്ട്, അവരുടെയിടയില്‍. ചെയ്യുന്ന ജോലിയുടെ ഇടയില്‍ വീണ, വീണു കൊണ്ടിരിക്കുന്ന കുറേയേറെ പേരുണ്ട്, അവര്‍ക്ക് പറയാന്‍. അതാണ് അവരുടെ ലൈന്‍ ഒഫ് ഡ്യൂട്ടി. അല്ലാതെ ആള്‍ക്കൂട്ട വിചാരണ നേരിടുന്നതല്ല ഡോക്ടറുടെ ജോലി. തല്ലു കൊള്ളുന്നതല്ല. ആ ലൈന്‍ പിടിക്കാന്‍ ആയിരുന്നെങ്കില്‍ ദീദി പറഞ്ഞതു പോലെ പോലീസാകാമായിരുന്നു. അത് വേറെ ലൈന്‍.

ആ ലൈന്‍ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിക്കരുത്. അക്രമം തടയാന്‍ ശക്തമായ നിയമം വേണം. അഥവാ അക്രമം ഉണ്ടായാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അല്ലാത്ത പക്ഷം ജോലി ചെയ്യാന്‍ കഴിയില്ല. ചെയ്യാന്‍ പാടില്ല. ഡോക്ടര്‍മാരുടെ മാത്രം പ്രശ്‌നമല്ലിത്. അറിവിനും അറിവില്ലായ്മയുടെയും ഇടയില്‍ ജീവനും മരണത്തിനുമിടയില്‍ ഒരു അനിശ്ചിത ശാസ്ത്രത്തിന്റെ വിവേകപൂര്‍വ്വമായ പ്രയോഗമാണ് വൈദ്യം. തല്ലിയും കൊന്നും പിടിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ലത്. എല്ലാവരും ഇത് മനസ്സിലാക്കിയാല്‍ എല്ലാവര്‍ക്കും നല്ലത്.