Tuesday 07 April 2020




സ്പീഡ് കുറച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിക്കും; അമിത വേഗക്കാർക്ക് മുന്നറിയിപ്പുമായി നാട്ടുകാർ

By Chithra.19 Nov, 2019

imran-azhar

 

റോഡുകളിലെ അമിത വേഗക്കാരെ പിടികൂടാൻ പോലീസ് പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട്. പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട് ഇവർ.

 

എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ശിക്ഷാനടപടികൾ സ്വയം തീരുമാനിച്ചിരിക്കുകയാണ് ഒരു നാടും അവിടത്തെ നാട്ടുകാരും. അമിത വേഗത്തിൽ വരുന്ന ഡ്രൈവർമാരെ കിട്ടിയാൽ അടിച്ച് കരണം പൊട്ടിക്കും എന്നാണ് ഈ നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്. വാഗമൺ-ഉളുപ്പുണിയിലാണ് നാട്ടുകാർ മുന്നറിയിപ്പ് ബാനറിൽ എഴുതി സ്ഥാപിച്ചിരിക്കുന്നത്. ഓഫ് റോഡ് ഡ്രൈവിനായി ഈ റോഡിൽ എത്തുന്നവർക്കാണ് മുന്നറിയിപ്പ്.

 

കൊടും വളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡാണ് ഇവിടെയുള്ളത്. പലപ്പോഴും മത്സരയോട്ടക്കാർക്ക് പ്രിയമേറിയതാണ് ഈ റോഡ്. ഇതുവഴിയുള്ള മത്സരയോട്ടം കൂടിയതിനാൽ നാട്ടുകാർ നിരവധി തവണ ജില്ലാ ഭരണകൂടത്തിനോടും ടൂറിസം വകുപ്പിനോടും പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് നാട്ടുകാർ തന്നെ നേരിട്ടിറങ്ങിയിരിക്കുന്നത്.