Friday 24 September 2021




കൃഷി നഷ്ടം, ലാഭകരമായ കൃഷിക്ക് അനുമതി തേടി കര്‍ഷകന്‍, കേസെടുക്കുമെന്ന് പൊലീസ്

By RK.30 Aug, 2021

imran-azhar

 


കൃഷി നഷ്ടമായി. ജീവിതം വഴിമുട്ടി. അതോടെയാണ് മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന് ഒരു പുതിയ ആശയം തോന്നിയത്. വ്യത്യസ്തവും ലാഭകരവുമായ ഒരു കൃഷി ചെയ്താലോ? പക്ഷേ, അതിനു ചില കടമ്പകളുണ്ട്. അതിനായി അയാള്‍ അധികൃതരെ സമീപിച്ചു. എന്നാല്‍, അധികാരികള്‍ അയാള്‍ക്കെതിരെ കേസെടുക്കുമെന്നാണ് അറിയിച്ചത്!

 

കഞ്ചാവ് കൃഷി ചെയ്യാനാണ് കര്‍ഷകന്‍ അധികാരികളെ സമീപിച്ചത്. മഹാരാഷ്ട്രയിലെ സോലാപുരില്‍ അനില്‍ പട്ടീല്‍ എന്ന കര്‍ഷകനാണ് നിലവിലെ കൃഷി നഷ്ടം നേരിട്ടതോടെ കഞ്ചാവ് കൃഷിക്ക് അനുമതി തേടി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്.

 

കൃഷി ചെയ്യുന്ന വിളകള്‍ക്ക് കാര്യമായ വില ലഭിക്കുന്നില്ല. എന്നാല്‍, കഞ്ചാവിന് വിപണിയില്‍ നല്ല വിലയുണ്ട്. അതിനാല്‍, കഞ്ചാവ് തൈകള്‍ നട്ടുവളര്‍ത്തുന്നതല്ലേ ലാഭം!

 

സെപ്റ്റംബര്‍ 15 ന് മുന്‍പ് അപേക്ഷയില്‍ മറുപടി തരണമെന്നും ഇല്ലെങ്കില്‍ സെപ്റ്റംബര്‍ 16 മുതല്‍ കഞ്ചാവ് കൃഷി ആരംഭിക്കുമെന്നും അപേക്ഷയില്‍ പറയുന്നത്. കഞ്ചാവ് കൃഷി തുടങ്ങിയ ശേഷം നിയമനടപടി വന്നാല്‍ ഉത്തരവാദിത്തം ജില്ലാ അധികൃതര്‍ക്ക് ആയിരിക്കുമെന്നും അപേക്ഷയിലുണ്ട്.

 

അപേക്ഷ ലഭിച്ചതോടെ ജില്ലാ ഭരണാധികാരികള്‍ ഇത് പൊലീസിന് കൈമാറി. ഇയാള്‍ കഞ്ചാവ് കൃഷി ചെയ്താല്‍ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.