Tuesday 12 December 2017

പ്രതിയുടെ കുഞ്ഞിന് പാലൂട്ടി പോലീസ് ഉദ്യോഗസ്ഥ മാതൃകയായി

By Anju N P.01 Oct, 2017

imran-azhar

 


ബെയ്ജിങ്: കോടതിയില്‍ വിചാരണ നേരിടുന്ന സ്ത്രീയുടെ കുഞ്ഞിനു പാലൂട്ടി പോലീസ് ഉദ്യോഗസ്ഥ മാതൃകയായി. വിചാരണക്കിടെ കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാതെയായപ്പോഴാണ് പോലീസുദ്യോഗസ്ഥ കുഞ്ഞിനെ പരിചരിക്കാന്‍ തയ്യാറായത്. കുഞ്ഞിന്റെ അമ്മയുടെ അനുവാദം വാങ്ങി അവര്‍ താനാദ്യമായി കാണുന്ന കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ബെയ്ജിങ്ങിലെ ഹാവോ ലിന എന്ന പോലീസുദ്യോഗസ്ഥയാണ് വിചാരണ തടവുകാരിയുടെ കുഞ്ഞിന് വിശന്നപ്പോള്‍ സ്വന്തം മുലപ്പാല്‍ നല്‍കി മാതൃകയായത്.

 

സെപ്റ്റംബര്‍ 23ന് ചൈനയിലെ ഷാന്‍ഷി ജിന്‍ഷോങ് ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍ കോടതിയിലാണ് സംഭവം. കുഞ്ഞിനെ പാലൂട്ടുന്ന ലിനയുടെ ഫോട്ടോ സഹപോലീസുകാരി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി. പോലീസുദ്യോഗസ്ഥയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് വന്നെത്തുന്നത്.

 

ഞങ്ങളെല്ലാം എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു. ഞാന്‍ അടുത്തിടെ അമ്മയായ ആളാണ്. കുഞ്ഞ് കരഞ്ഞാല്‍ അമ്മ എത്രമാത്രം ഉലയുമെന്ന് എനിക്ക് നന്നായിട്ടറിയാം. കരച്ചില്‍ നിര്‍ത്തി കുഞ്ഞിന് ആശ്വാസം നല്‍കുക എന്ന ഉദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ' ലിന പറയുന്നു. സാമ്പത്തിക ഇടപാടില്‍ കുറ്റമാരോപിക്കപ്പെട്ട 34 പേരില്‍ ഒരാളാണ് കുഞ്ഞിന്റെ അമ്മ. തന്റെ കുഞ്ഞിന് വേണ്ടി സഹായം ചെയ്ത പൊലീസ് ഉദ്യോഗസ്ഥയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല എന്നാണ് വിചാരണ നേരിട്ട അമ്മയുടെ പ്രതികരണം ഉണ്ടായത്.