Friday 24 September 2021




ഒരു വിദ്യാര്‍ത്ഥിനിക്ക് മാത്രമായി ഒരു റെയില്‍വെ സ്റ്റേഷന്‍; പഠനം കഴിഞ്ഞപ്പോള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടി

By Preethi.05 Jul, 2021

imran-azhar

ഒരു വിദ്യാര്‍ത്ഥിനിക്ക് മാത്രമായി ഒരു റെയില്‍വെ സ്റ്റേഷന്‍; പഠനം കഴിഞ്ഞപ്പോള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടി


ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്ലാസിലേക്കും വീട്ടിലേക്കും പോകാനായി മാത്രം സ്റ്റേഷനില്‍ ഒരു ട്രെയിന്‍ നിര്‍ത്തുക. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നതല്ല ഇക്കാര്യം. ഇന്ത്യയെ പോലെ ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത്, ലക്ഷക്കണക്കിന് ആളുകളാണ്  ദിവസവും ട്രെയിനുകളില്‍ യാത്രചെയ്യുന്നത്. അങ്ങനെ ഉള്ളപ്പോള്‍ ഒരു യാത്രക്കാരന് വേണ്ടി മാത്രം റെയില്‍വേ സ്റ്റേഷന്‍ തുറക്കുന്നു എന്നത് സങ്കല്പിക്കാന്‍ പോലും കഴിയില്ല.

എന്നാല്‍, ജപ്പാനില്‍ ക്യൂ-ഷിരാതകി ട്രെയിന്‍ സ്റ്റേഷന്‍ അത്തരത്തില്‍ ഒരു പെണ്‍കുട്ടിക്ക് യാത്ര ചെയ്യാന്‍ മാത്രം തുറന്നു കൊടുക്കുകയുണ്ടായി. ഖാനാ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് വേണ്ടിയായിരുന്ന് അത്. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലെ ക്യൂ-ഷിരാതകി ട്രെയിന്‍ സ്റ്റേഷനില്‍ വര്‍ഷങ്ങളോളം സ്ഥിരമായി ഈ പെണ്‍്കുട്ടി മാത്രമായിരുന്നു യാത്രക്കാരി .

പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനുമായി മാത്രം ഉപയോഗമില്ലാതെ കിടന്നിരുന്ന ആ സ്റ്റേഷനില്‍ ട്രെയിനുകള്‍ ദിവസത്തില്‍ രണ്ട് തവണ നിര്‍ത്തിയിരുന്നു.

തീര്‍ത്തും വിദൂരമായ ക്യൂ-ഷിരാതകി സ്റ്റേഷനും, സമീപ സ്റ്റേഷനുകളും യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പ്രവര്‍ത്തനം നിര്‍ത്താന്‍ റെയില്‍വേ വകുപ്പ് തീരുമാനിച്ചു. എന്നാല്‍, അവിടെ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യാനായി ട്രെയിനിനെയാണ് ആശ്രയിച്ചിരുന്നത്. അങ്ങനെ അന്വേഷിച്ചപ്പോഴാണ്, എല്ലാ ദിവസവും ഒരു പെണ്‍കുട്ടി ഈ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ കയറുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന അവളുടെ പഠനം പൂര്‍ത്തിയാകുന്നതു വരെ ഇത് തുടരാന്‍ റെയില്‍വേ തീരുമാനികുക്കയായിരുന്നു. ഈ പെണ്‍കുട്ടിക്ക് വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ 7.04 -നും വൈകുന്നേരം 5.08-നും സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ സമയം അനുസരിച്ചായിരുന്നു ട്രെയിന്റെ ഷെഡ്യൂള്‍ ക്രമീകരിച്ചിരുന്നത്. അവധിക്കാലമാകുമ്പോള്‍ ട്രെയിന്‍ നിര്‍ത്താതെ കടന്നുപോവുകയും ചെയ്യുമായിരുന്നു.

മൂന്ന് വര്‍ഷം ട്രെയിന്‍ ഈ വിധം ആ വിദ്യാത്ഥിനിക്ക് യാത്രാ സൗകര്യം ചെയ്തുകൊടുത്തു. ഒടുവില്‍ അവള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ 2016 മാര്‍ച്ച് 26 -ന് എന്നെന്നേക്കുമായി  റെയില്‍വേ സ്റ്റേഷന്‍ അടച്ചു.

വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന ജാപ്പനീസ് സര്‍ക്കാരിനെ എല്ലാവരും പ്രശംസിച്ചു. എന്നാല്‍, രാജ്യത്തെ ജനനനിരക്ക് കുത്തനെ ഇടിയുന്നത് ജപ്പാനിലെ റെയില്‍വേ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയാണ് ഇന്ന്. പലയിടത്തും യാത്രചെയ്യാന്‍ ആവശ്യത്തിന് ആളുകള്‍ ഇല്ലാത്തതിന്റെ പേരില്‍  റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചിടുകയാണ്.