Friday 18 October 2019




രസകദളിയില്‍ തൊട്ടാല്‍ കൈ പൊള്ളും

By online desk.18 Sep, 2019

imran-azhar

 

രസകദളിയില്‍ തൊട്ടാല്‍ കൈപൊള്ളും. 90 മുതല്‍ 125 രൂപവരെയാണ് കിലോയ്ക്ക് വിപണിയിലെ വില. മാട്ടുപ്പെട്ടിയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെയാണ് രസകദളിക്ക് പൊള്ളുന്ന വിലയായത്. ഓണത്തിനും രണ്ടുമാസം മുമ്പേ കദളി വിലക്കയറ്റത്തില്‍ മുന്‍നിരയില്‍ എത്തിയിരുന്നു.

 

മേട്ടുപ്പാളയത്തില്‍ വിളവെടുപ്പു സമയമല്ലാത്തതിനാലാണ് രസകദളിക്ക് വിലയേറാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ 76 രൂപയ്ക്കാണ് മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ രസകദളി എത്തുന്നത്. ചില്ലറ വില്‍പ്പനശാലകളില്‍ അത് 90 മുതലാണ് വില്‍പ്പന നടത്തുന്നത്. അതേസമയം ഏത്തന്‍ പഴം കഴിഞ്ഞ വര്‍ഷത്തെ അതേ വിലയ്ക്കാണ് വില്‍ക്കുന്നത്.



ഓണത്തിന് 60 രൂപവരെയായിരുന്നു കിലോയ്ക്ക് ഇറക്കുമതി വില. പുറത്ത് 75 രൂപവരെ വിറ്റിരുന്നു. ഓണം കഴിഞ്ഞതോടെ വില കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. നിലവില്‍ 55 രൂപയ്ക്കാണ് ഇറക്കുമതി ചെയ്യുന്നത്. പുറമെ 60 രൂപയ്ക്ക് വില്‍പ്പന നടത്തുന്നുണ്ട്. മൈസൂരില്‍ നിന്നും വയനാട്‌നിന്നും ഏത്തന്‍കായ എത്തിയതിനാലാണ് ഇത്തവണ വിലയില്‍ വലിയ മാറ്റമില്ലാത്തതെന്നും വ്യാപാരികള്‍ പറയുന്നു. ഈ ഓണത്തിന് ഏറ്റവും കൂടുതല്‍ വിറ്റുപോയതും ഏത്തക്കായ ആയിരുന്നു. പാളേന്തോടനും കഴിഞ്ഞ ഓണസമയത്തെ വിലയാണ് ഇപ്പോഴും ഉള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. 35 മുതല്‍ 38 രൂപവരെയാണ് ഇറക്കുമതി ചെയ്യുമ്പോഴുള്ള വില. പുറമെ വില്‍ക്കുമ്പോള്‍ 50 രൂപവരെ പോകാറുണ്ട്. 
കപ്പപ്പഴം 55നും 60നും ഇടയ്ക്ക് വിലയുണ്ട്. പുറമെ 70നും 80നുമാണ് വില്‍പ്പന. റോബസ്റ്റ കിലോയ്ക്ക് 40 രൂപവരെയാണ് വില ഈടാക്കുന്നത്. ഇറക്കുമതി വില 25 രൂപയ്ക്കാണ്.