Saturday 06 June 2020
റോഡ് സുരക്ഷ, എത്ര നടക്കാത്ത സ്വപ്നം!

By online desk .20 Jan, 2020

imran-azhar

 

 

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധിതമായ നാട്ടില്‍ സൂപ്പര്‍ഫാസ്റ്റിനെ വരെ ഓവര്‍ടേക്ക് ചെയ്യുന്ന ആട്ടോറിക്ഷയ്ക്ക് എന്ത് സുരക്ഷയാണുള്ളത് എന്ന ചോദ്യം അവിവേകമാകാം. സ്വയം സിഗ്നലുമായി വണ്ടിയുടെ മുന്നിലേക്ക് എടുത്തുചാടുന്നവരെ രക്ഷിക്കാന്‍ പെട്ടെന്നുനിര്‍ത്തുന്ന വാഹനങ്ങള്‍ കൂട്ടിമുട്ടുന്നത് നിശ്ചിത അകലം പാലിക്കാത്തതുകൊണ്ടാണെന്ന മുട്ടുന്യായം ലാഘവത്തോടെ പറയുമ്പോഴും, നമ്മുടെ പട്ടണങ്ങളിലെ റോഡുകളില്‍ അത്തരത്തില്‍ അകലം പാലിച്ച് വാഹനം ഓടിക്കാന്‍ കഴിയുമോ എന്ന് ആരും ചോദിക്കാറില്ല. ടാറിട്ട റോഡില്‍ എഴുന്നുനില്‍ക്കുന്ന മാന്‍ഹോള്‍ മൂടികള്‍, റിഫ്‌ളക്ടര്‍ ബോര്‍ഡില്ലാത്ത ഡിവൈഡറുകള്‍, ഇരുള്‍ മൂടിയ നിരത്തുകള്‍ ഒക്കെ ഇന്നും തലസ്ഥാന നഗരത്തിലെ റോഡുകളില്‍പ്പോലും സാധാരണമാണ്. ഇവയുണ്ടാക്കുന്ന അപകടങ്ങള്‍ക്ക് ജി.ഡി എന്‍ട്രിയും എഫ്.ഐ.ആറും എഴുതുമ്പോള്‍ പോലീസുകാര്‍ ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കാറുമില്ല. അപകടങ്ങള്‍ക്ക് അധികം തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്നതിനാല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം കൂട്ടുന്ന, വര്‍ഷാവര്‍ഷം ഇത്തരം കമ്പനികള്‍ കോടികളുടെ ലാഭം കൊയ്യുന്ന നാട്ടില്‍, അപകടമുണ്ടാകുമ്പോള്‍ അടിയന്തര ചികിത്സ നല്‍കാന്‍ കൈവശം പണമില്ലെങ്കില്‍ പെട്ടതുതന്നെ. നഷ്ടപരിഹാരത്തിന് വര്‍ഷങ്ങളോളം വ്യവഹാരം നടത്തേണ്ട സ്ഥിതിയുമാണ്. വാഹന ഇന്‍ഷ്വറന്‍സ് നിയമപ്രകാരം നിര്‍ബന്ധമാകുന്ന നാട്ടില്‍ നടക്കുന്ന ഈ പിടിപ്പുകേടില്‍ ആര്‍ക്കും പരാതിയുമില്ല. നാലുവരിപ്പാത നിര്‍മ്മാണഘട്ടത്തില്‍, അടിപ്പാതക്കായി റോഡിനു കുറുകെ കിടങ്ങ് കുഴിച്ച ശേഷം നാട കൊണ്ടുപോലും കെട്ടി കയറി ശയ്യാവലംബിയായ അനുഗ്രഹീത നടനെയും എത്ര വേഗത്തിലാണ് നമ്മള്‍ വിസ്മരിക്കുന്നത്. പിടിപ്പുകേടുകളെ വിധിയെന്ന് പഴിക്കുകയാണ്. 

 

കാല്‍നടപ്പാതയിലെ വാഹന പാര്‍ക്കിങ്ങും കച്ചവടവും വലിയ വാര്‍ത്തയാകുമ്പോള്‍, മൂടിയില്ലാത്ത ഓടകള്‍ക്കുമുകളിലെ കാല്‍നടപ്പാതയിലൂടെയുള്ള വഴി നടത്തം വികലാംഗരാക്കിയവരെ ആരും അറിയാറില്ല. നമ്മുടെ പട്ടണങ്ങളില്‍ ഓരോ മണിക്കൂറിലും കമ്പി എഴുന്നുനില്‍ക്കുന്ന സ്ലാബില്‍ തട്ടി, കാല്‍കീറുന്നതില്‍ ആര്‍ക്കും പരാതിയില്ല. പരാതിപ്പെട്ടാലും യാതൊരു പരിഹാരവുമില്ല. വാരിക്കുഴി പോലെ, വഴി നടക്കുന്നവരെ മരണത്തിലേക്കുതള്ളിയിടുന്ന അഗാധഗര്‍ത്തങ്ങള്‍ പോലും നമ്മുടെ നടപ്പാതകളില്‍ സാധാരണമാണ്. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍ മുതലായ ആള്‍ക്കൂട്ടമേഖലകളിലൂടെ കടന്നുപോകുന്ന റെയില്‍വേ ലയിനുകളിലൂടെ ഓടിയെത്തുന്ന ട്രെയിനിനുമുന്നിലേക്ക് അലക്ഷ്യമായി നടന്നു കയറുന്നവരെ നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ല. വഴിയോരത്തെ ഉറക്കം തൂങ്ങി ചോലമരത്തിലെ ഉണങ്ങിയ മരച്ചില്ല മുറിച്ചുമാറ്റാത്ത നിലപാടിനോടും, വീതികൂട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞ റോഡിന്റെ ഓരത്തേക്ക് വഴി മാറാന്‍ വിമുഖത കാട്ടുന്ന ഇലക്ട്രിക് പോസ്റ്റിന്റെ ഗര്‍വിനോടും നിത്യവും സന്ധി ചെയ്യുന്ന നാട്ടുകാരുള്ള നാട്ടില്‍ പിടിപ്പുകേടുകള്‍ പതിവാകുമ്പോള്‍ പരാതിപ്പെട്ടാലും പരിഹാരമില്ല. സീബ്രാ ലൈനുകളില്‍, സിഗ്നലില്ലാത്തപ്പോള്‍ നിരന്തരം ആളുകള്‍ സ്വയം സിഗ്നലുമായി എടുത്തുചാടാറുണ്ട്. ഇതു കണ്ട് ബ്രേക്ക് ചെയ്യുന്ന വാഹനത്തെ മറികടക്കുന്ന മറ്റുവാഹനങ്ങളുടെ മുന്നിലേക്കാകും കാല്‍നടയാത്രക്കാര്‍ ചെന്നുകയറുന്നത്. മിക്ക ബസ് സ്റ്റോപ്പുകളിലും സീബ്രാ ലൈനുകളിലെ കാഴ്ച മറച്ചാണ് വാഹനം നിര്‍ത്തുന്നതെന്ന സത്യം ആരും അറിയുന്നുമില്ല.