Tuesday 21 January 2020




500 രൂപ മുതൽ വിപണിയിൽ ഹെൽമറ്റുകൾ സുലഭം..! സുരക്ഷയോ?

By Sooraj Surendran .26 Nov, 2019

imran-azhar

 

 

സുരക്ഷയെ മുൻനിർത്തി ഇരുചക്ര വാഹനം ഓടിക്കുന്നവരും, പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കണം എന്ന നിയമം നടപ്പിലാക്കുമ്പോഴും, പിഴയിൽ നിന്നും രക്ഷനേടാനുള്ള വെറുമൊരു ആവരണം മാത്രമായാണ് പലരും ഹെൽമറ്റിനെ കാണുന്നത്. പിഴ ഒഴിവാക്കാൻ നാം സുരക്ഷ മറക്കുന്നു. റോഡപകടങ്ങളിൽ ഭൂരിഭാഗവും മരണം സംഭവിക്കാൻ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കുകളാണ്. പിഴയിൽ നിന്നും രക്ഷനേടാൻ നമ്മിൽ പലരും റോഡരികിൽ നിന്നും വിലയും, സുരക്ഷയും കുറഞ്ഞ വ്യാജ ഹെൽമറ്റുകളാണ് ധരിക്കുന്നത്. നല്ല നിലവാരമുള്ള ഹെൽമറ്റുകളുടെ വില 1,000 രൂപയ്ക്ക് മുകളിലാണെങ്കിലും, കുറഞ്ഞ നിലവാരമുള്ളവ 500 രൂപ മുതലുള്ള ഹെൽമറ്റുകളും വിപണികളിൽ സുലഭമാണ്. മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിയുന്നത്, റോഡരികിലെ സ്റ്റാളുകളിൽ വ്യാജ ഐ‌എസ്‌ഐ അടയാളങ്ങളുള്ള ഹെൽമറ്റുകളുടെ വിൽപ്പന തകൃതിയായി നടക്കുന്നുവെന്നാണ്. ഇത്തരം ഹെൽമറ്റുകൾ നിർമ്മിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണ്. ഇവ ധരിക്കുന്നതുവഴി ജീവൻ രക്ഷിക്കാനാകില്ലെന്ന് മാത്രമല്ല, ഹെൽമറ്റിന്റെ ഭാഗങ്ങൾ തലയിൽ കുത്തിക്കയറി ഗുരുതര അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

 

മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ച്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്ന് വർഷത്തിലൊരിക്കൽ പുതിയ ഹെൽമറ്റ് ഉപയോഗിക്കുന്നതാകും ഉചിതം. ഒരിക്കൽ അപകടം സംഭവിച്ച് കഴിഞ്ഞാൽ ഉപയോഗിച്ചിരുന്ന ഹെൽമറ്റ് മാറ്റുന്നതാണ് നല്ലത്, കാരണം വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഇത് പുറംമോടിയിൽ മനസിലാക്കാൻ സാധിച്ചുവെന്ന് വരില്ല.

 

ഗുണനിലവാരമുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 

*ഹെൽമെറ്റിന് ഒരു ഐ‌എസ്‌ഐ മുദ്ര ഉണ്ടെന്ന് ഉറപ്പാക്കുക

*ഹെൽമെറ്റിനായി ഒരു ബിൽ ലഭിക്കുമെന്ന് ഉറപ്പാക്കുക

*മുഖം മുഴുവൻ ആവരണം ചെയ്യുന്ന ഹെൽമെറ്റുകൾ വാങ്ങുക

*ചിൻ സ്ട്രാപ്പോടുകൂടിയ ഹെൽമെറ്റ് വാങ്ങുക

*തല വലുപ്പത്തിനനുസരിച്ച് ഹെൽമെറ്റ് വാങ്ങുക