Thursday 23 May 2019


'സൈബറിടത്തിലെ സ്ത്രീവിരുദ്ധത'- ഞങ്ങള്‍ക്കും പറയാനുണ്ട്.....

By online desk.06 Oct, 2018

imran-azhar

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. പെണ്‍ശരീരത്തിന് മേല്‍ ഏര്‍പ്പെടുത്തിയ സ്വാതന്ത്രത്തിന്റെ കടിഞ്ഞാണ്‍ എടുത്ത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ഈ വിധി. ആചാരത്തിലും വിശ്വാസത്തിലും പുരുഷനോളം തന്നെ സ്ത്രീക്കും തുല്യത വേണമെന്ന് ഇതിനോടകം തന്നെ പലരും തുറന്നു പറഞ്ഞിരിക്കുകയാണ്. ഇത്തരത്തില്‍ സ്വഅഭിപ്രായം തുറന്ന് പറഞ്ഞതിന് സൈബറിടത്തില്‍ പല പെണ്‍കുട്ടികളെയും വെര്‍ബല്‍ റേപ്പ് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. തൊട്ടുകൂടായ്മയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ഞങ്ങള്‍ എന്ന് തുറന്ന് പറഞ്ഞ് പോസ്റ്റിട്ട യുവതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് കേട്ടാലറക്കുന്ന തെറിയഭിഷേകമാണ്.

 

സൈബര്‍ അറ്റാക്കിന് ഇരകളായ ദിവ്യ പാലമിറ്റം, രൂപശ്രീ,അനുചന്ദ്ര, അഞ്ജു നവനിപ്പാടത്ത്, ശ്രീവിദ്യ ശ്രീകുമാര്‍ എന്നിവര്‍ കലാകൗമുദിയോട് സംസാരിക്കുന്നു.


ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് കമന്റിടാനായിട്ട് പോസ്റ്റിട്ട ആലുവ സ്വദേശിയും തലശേരി ബ്രണ്ണന്‍ കോളേജിലെ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ദിവ്യ പാലമിറ്റത്തിനെതിരെ കേട്ടാലറക്കുന്ന തെറിയഭിഷേകമാണ് നടന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ദിവ്യ അത് തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

വ്യജ അക്കൗണ്ടുകളില്‍ നിന്നാണ് പല കമന്റുകളും വന്നിരിക്കുന്നത്. സംഘപരിവാര്‍ അനുകൂലികളായ ആളുകളുടെ അക്കൗണ്ടുകളില്‍ നിന്നുമാണ് കമന്റുകള്‍ ഏറെയും വന്നിരിക്കുന്നത്.വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് പല കമന്റുകളും. ലൈംഗിക തൊഴിലാളിയായും, ചുംബന സമരത്തില്‍ പങ്കെടുത്ത തരത്തിലും കമന്റുകള്‍ വന്നു. ചെറുതാന ചന്ദ്രപ്രസാദ്, സിദ്ധാര്‍ത്ഥ് സംഘി, വിക്രം ദേവ, കാവി പോരാളികള്‍, ശിവാജി സേന എന്നിങ്ങനെയുള്ള പ്രൊഫൈലുകള്‍ അവയില്‍ ചിലതാണ്. നേരത്തെ എസ് ഹരീഷിന്റെ മീശ എന്ന നോവലിനെ പിന്തുണച്ചതിനും ദിവ്യയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായിരുന്നു. അതിന്റെ കേസ് നടക്കുന്നതിനിടെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. തിങ്കളാഴ്ച രേഖാമൂലം പരാതി നല്‍കാനിരിക്കുകയാണെന്ന് ദിവ്യ കലാകൗമുദിയോട് പറഞ്ഞു.


ഏഷ്യാനെറ്റ് ന്യൂസിന്റെ 'നേര്‍ക്കുനേര്‍' എന്ന പരിപാടിയില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരു പെണ്‍കുട്ടി നേരിടേണ്ടി വന്ന സൈബര്‍ അക്രമണത്തെക്കുറിച്ച് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകയായ അഞ്ജു നവനിപ്പാടത്തിന് നേരെയാണ് അടുത്ത സൈബര്‍ അക്രമണം. അഭിപ്രായം രേഖപ്പെടുത്തിയതിന് തന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നാട്ടിലെ തന്നെ പുരുഷന്മാര്‍ മാത്രമുള്ള ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്യുകയും തന്നെ മാനസ്സികമായി തളര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായും അഞ്ജു പറഞ്ഞു. തീര്‍ത്തും ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് താനെങ്കിലും തന്റെ നിലപാടുകള്‍ക്ക് കുടുംബത്തില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നെന്നും അഞ്ജു പറഞ്ഞു.ശബരിമല വിഷയത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞതിന് തന്റെ പോസ്റ്റ് സഹിതം പലരും അനാവശ്യ ചര്‍ച്ച നടത്തുന്നതായി പറഞ്ഞു. പ്രതികരിച്ചതിന് 'നാട് മുടിക്കാന്‍ ഇറങ്ങിയ പെണ്ണുങ്ങള്‍' എന്ന ആക്ഷേപം വരെ തനിക്കെതിരെ ഉണ്ടായി എന്നും അവര്‍ പറഞ്ഞു. ഇത് മൂലം കുടുംബത്തിനും വളരെയധികം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചെന്ന് അഞ്ജു പറഞ്ഞു.

 

 


ശബരിമല വിഷയത്തില്‍ ഒരു വിശ്വാസിക്ക് പറയാനുള്ളത് എന്ന തലക്കെട്ടോടെ പോസ്റ്റിട്ട് സൈബര്‍ അക്രമണം നേരിട്ട മറ്റൊരു വ്യക്തിയാണ് മാധ്യമപ്രവര്‍ത്തകയായ രൂപശ്രീ. ഞാന്‍ ഒരു ദൈവ വിശ്വാസിയാണെന്നും മാസത്തില്‍ ഒരിക്കലെങ്കിലും അമ്പലത്തില്‍ പോകാന്‍ ശ്രമിക്കാറുണ്ടെന്നും പറഞ്ഞാണ് ശബരിമല വിഷയത്തില്‍ രൂപശ്രീ നിലപാട് വ്യക്തമാക്കിയത്. തന്റെ ചെറുപ്രായത്തില്‍ ഉണ്ടായ അനുഭവങ്ങള്‍ വളരെ വ്യക്തമായി തുറന്ന് പറയുന്ന രൂപ മാസമുറയും അമ്പല ദര്‍ശനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. മാസമുറ സമയത്തു അമ്പലത്തില്‍ താനും അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞതിനാണ് രൂപശ്രീക്കെതിരെ പല അക്കൗണ്ടുകളില്‍ നിന്നും അശ്ലീല കമന്റുകള്‍ വന്നത്. എന്നിരുന്നാലും ഇതിനെ നിയപരമായി നേരിടുകയാണെന്നും രൂപശ്രീ പറഞ്ഞു.

 


ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ചതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകയും ബിഎഡ് വിദ്യാര്‍ത്ഥിനിയുമായ ശ്രീവിദ്യ ശ്രീകുമാറിന് നേരെ സെബര്‍ ആക്രമണം ഉണ്ടായത്. ന്യൂസ് 18 ചാനലിന്റെ അഭിപ്രായ സര്‍വേയില്‍ അനുകൂലിച്ച് കമന്റിട്ടതോടെയാണ് ശ്രീവിദ്യക്കെതിരെ െൈസബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. 'കോടതി വിധിയോട് പൂര്‍ണമായും യോജിക്കുന്നു.. ഭരണഘടന നല്‍കുന്ന സമത്വം എല്ലായിടത്തും നടപ്പാക്കേണ്ട ഒന്നാണ്' എന്നായിരുന്നു ശ്രീവിദ്യയുടെ കമന്റ്. കമന്റിന് താഴെയായി പിന്നീട് നടന്നത് ശ്രീവിദ്യയെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ്. വിധിയെ എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്ന പ്രൊഫൈലുകളില്‍ നിന്നാണ് ശ്രീവിദ്യക്കെതിരെ അശ്ലീല കമന്റുകള്‍ വന്നിരിക്കുന്നത്. സ്ത്രീ സംവരണവും ഗര്‍ഭകാല ആനുകൂല്യവും വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാണോയെന്നും, 'താങ്കള്‍ പ്രസവിക്കാന്‍ തയ്യാറാണോ' എന്നുമൊക്കെയാണ് കമന്റുകള്‍. ശ്രീവിദ്യയെ ലൈംഗിക തൊഴിലാളിയോട് ഉപമിച്ച് 80,000 വിലയിടുകയും ചെയ്തു ഒരാള്‍. ഇത്തരക്കാര്‍ 41 ദിവസം വ്രതമെടുത്ത് മല ചവിട്ടുമ്പോള്‍ ശബരിമല പുണ്യ പൂങ്കാവനമായി മാറുമോയെന്നും ശ്രീവിദ്യ ചോദിക്കുന്നു. സ്ത്രീകളെ ഇത്തരത്തില്‍ അപമാനിച്ച് മാനസികമായി തളര്‍ത്താമെന്നത് ഇവരുടെ വ്യാമോഹം മാത്രമാണെന്നും ഇതിനെതിരെ നിയമത്തിന്റെ വഴി തന്നെ തേടുമെന്നും ശ്രീവിദ്യ പറഞ്ഞു.

 

 

സൈബറിടത്തിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് പോസ്റ്റിട്ടതിനാണ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അനുചന്ദ്രക്കെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപം നടത്തിയത്. രോഷം പ്രകടിപ്പിക്കാന്‍ നവമാധ്യമങ്ങളില്‍ അശ്ളീല ചുവയുള്ള തെറി വിളിക്കുന്ന വേര്‍ബല്‍ റേപ്പ് എന്ന സംസ്‌കാരത്തിന്റെ ആനന്ദത്തില്‍ കുത്തഴിയുന്നവരെ തനിക്ക് ഭയമാണെന്ന് അനുചന്ദ്ര പറയുന്നു. അനുചന്ദ്ര കലാകൗമുദിയോട് പറയുന്നു.....

 

രോഷം പ്രകടിപ്പിക്കാന്‍ നവമാധ്യമങ്ങളില്‍ അശ്ളീല ചുവയുള്ള തെറി വിളിക്കുന്ന വേര്‍ബല്‍ റേപ്പ് എന്ന സംസ്‌കാരത്തിന്റെ ആനന്ദത്തില്‍ കുത്തഴിയുന്നവരെ ഒരു തരത്തില്‍ തീര്‍ച്ചയായും എനിക്ക് ഭയമാണ്.മൊറാലിറ്റിയും, എതിക്‌സും,ഡെമോക്രസിയും,സോഷ്യലിസവും ഒന്നുമില്ലാതെ എത്ര മനുഷ്വത്വ വിരുദ്ധവും, സ്ത്രീവിരുദ്ധവുമായ വൈകൃതങ്ങളെയാണ് ഇവര്‍ ഓരോ ദിവസവും ഞങ്ങള്‍ക്ക് മുന്‍പില്‍ ചര്‍ദ്ധിച്ചു കൂട്ടുന്നത്.സ്ത്രീയെന്ന സ്വത്വം പ്രതികൂല സാഹചര്യങ്ങളില്‍, നിസ്സഹായതയില്‍ നിന്നുകൊണ്ട് പ്രതികരിക്കാതെ പോകേണ്ടതിന്റെ കാര്യമില്ല. സാഹചര്യങ്ങളെ അറിഞ്ഞുകൊണ്ട് പ്രതിസന്ധികളില്‍ പ്രതിരോധം തീര്‍ക്കേണ്ടവള്‍ തന്നെയാണ്.അവിടെയാണ് ഭയാനകരമായ ചില വേര്‍ബല്‍ റേപ്പുകളെ വൈകരികതകള്‍ക്കപ്പുറത്ത് ജനാധിപത്യ വിരുദ്ധമെന്ന നിലയില്‍ തന്നെ ഞാന്‍ കാണുന്നതും എടുക്കേണ്ട നടപടികളെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതും,പ്രാവര്‍ത്തികമാക്കുന്നതും.ഇല്ലെങ്കില്‍ നിരുത്തരപരമായ പെരുമാറ്റം കൊണ്ടും പ്രതികരണം കൊണ്ടും നാളെ ഇത് പോലെ മറ്റൊരു സാഹചര്യത്തില്‍ ഇരയാകേണ്ടിവരുന്നത് മറ്റൊരു പെണ്ണായിരിക്കും എന്നെനിക്കറിയാം.ആണാധികാരത്തിന്റെ വൈകൃതങ്ങളുടെ അത്തരത്തിലൊരു സഹനം ഏറ്റെടുക്കേണ്ട കാര്യം ഞങ്ങള്‍ സ്ത്രീകള്‍ക്കില്ലല്ലോ.