By Aswany Bhumi.14 Mar, 2021
മക്കളെ പഠിപ്പിച്ച് വലുതാക്കാനും സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കാനും വേണ്ടി ഓരോ അച്ഛനും അമ്മയും എടുക്കുന്ന അദ്ധ്വാനവും ത്യാഗവും വലുതാണ്.
എന്നാല്‍, ഇത്രയൊക്കെ വളര്‍ത്തി വലുതാക്കിയിട്ടും പിന്നെയും ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കുന്ന മക്കള്‍ അനവധിയാണ്.
ഏത് പ്രായത്തിലായാലും അവരുടെ ആവശ്യങ്ങള്‍ നടത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന് അവര്‍ കരുതുന്നു.
എന്നാല്‍ ജീവിതകാലം മുഴുവന്‍ മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി ക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ ബാദ്ധ്യസ്ഥരാണോ? അത്തരമൊരു സംഭവത്തില്‍ ജോലിയില്ലാത്ത ഒരു ഓക്സ്ഫോര്‍ഡ് ബിരുദധാരി മാതാപിതാക്കളെ കോടതി കയറ്റി.
ജീവിതകാലം മുഴുവന്‍ ചെലവിനുള്ള പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മകന് കേസ് കൊടുത്തത്.
ദുബായില്‍ താമസിക്കുന്ന സമ്പന്നരായ മാതാപിതാക്കളെയാണ് താന്‍ ആശ്രയിക്കുന്നതെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഒരു 'ദുര്‍ബലനായ' മുതിര്‍ന്ന കുട്ടിയെന്ന നിലയില്‍ അവരില്‍ നിന്ന് ചെലവുകള്‍ നടത്താനുള്ള പണം നേടാന്‍ തനിക്ക് അവകാശമുണ്ടെന്നും 41 -കാരനായ ഫെയ്സ് സിദ്ദിഖ് ഹര്‍ജ്ജിയില്‍ പറഞ്ഞു.
പണം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അയാള്‍ വാദിക്കുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയ സിദ്ദിഖ് പരിശീലനം ലഭിച്ച അഭിഭാഷകനാണ്.
കൂടാതെ നിരവധി നിയമ സ്ഥാപനങ്ങളില്‍ പോലും ജോലി ചെയ്തിട്ടുണ്ട്.
2011 മുതല്‍ തൊഴില്‍ നഷ്ടമായ ഈ ഓക്സ്ഫോര്‍ഡ് ബിരുദധാരി ഇപ്പോള്‍ മാതാപിതാക്കളുടെ ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സെന്‍ട്രല്‍ ലണ്ടനിലെ ഹൈഡ് പാര്ക്കിന് സമീപത്തുള്ള ഒരു ഫ്ളാറ്റില്‍ സൗജന്യമായി താമസിക്കുകയാണ്.
കൂടാതെ മകന്റെ എല്ലാ ബില്ലുകളും ഈ മാതാപിതാക്കളാണ് അടയ്ക്കുന്നത്. ഇതിന് പുറമേ മാതാപിതാക്കള്‍ അയാള്‍ക്ക് ആഴ്ചയില്‍ 400 ഡോളര്‍ വീതം നല്‍കുകയും ചെയ്യുന്നു.
ഈ സഹായങ്ങളെല്ലാം കൈപ്പറ്റി ക്കൊണ്ടിരിക്കെയാണ് മാതാപിതാക്കള്‍ക്കെതിരെ അയാള്‍ കേസ് കൊടുത്തത്. അയാളുടെ അമ്മ രക്ഷന്ദയ്ക്ക് 69 വയസും അച്ഛന് ജാവേദിന് 71-മാണ് പ്രായം.
മകന്റെ ചെലവുകള്‍ അനിയന്ത്രിതമായി തോന്നിയ മാതാപിതാക്കള്‍ ഇപ്പോള്‍ അയാള്‍ക്ക് നല്കുന്ന തുടര്‍ച്ചയായുള്ള ധനസഹായം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു.
ദീര്‍ഘനാളായി മകന്റെ ഈ ദുഷിച്ച സ്വഭാവം സഹിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ പ്രശ്നക്കാരനായ മകന് എന്താണ് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് സ്വയം ഒരു ധാരണയുണ്ട്,' കുടുംബത്തിന്റെ അഭിഭാഷകന് ജസ്റ്റിന് വാര്‍ഷോ ക്യുസി ദി സണ്ണിനോട് പറഞ്ഞു.
ഫസ്റ്റ് ക്ലാസ് ബിരുദം നേടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ കേസ് കൊടുത്ത വ്യക്തിയാണ് സിദ്ദിഖ്. 2018 -ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും 40.56 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സര്‍വകലാശാലക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചതിന് ശേഷമാണ് സിദ്ദിഖിന് ഒരു ഉന്നത ബിരുദവും ലാഭകരമായ നിയമജീവിതവും നഷ്ടമായത്.
ക്ലാസുകള്‍ ബോറടിപ്പിക്കുന്നതായിരുന്നുവെന്നും ജീവനക്കാര്‍ കൂടുതലും ശമ്പള അവധിയിലായിരുന്നുവെന്നും അയാള്‍ ആരോപിച്ചു. അതുകൊണ്ടാണ് തനിക്ക് ഫസ്റ്റ് ക്ലാസ് ബിരുദം ലഭിക്കാതിരുന്നതെന്ന് അയാള്‍ വാദിച്ചു.
എന്നിരുന്നാലും, 2018 -ല്‍ സിദ്ദിഖിന്റെ അവകാശവാദങ്ങളെല്ലാം കോടതി തള്ളി. വേണ്ടത്ര തയ്യാറെടുപ്പ് നടത്താത്തതും അക്കാദമിക് അച്ചടക്കമില്ലായ്മയും ഇടയ്ക്ക് ഹേ ഫീവര്‍ ബാധിച്ചതുമാണ് പരാജയ കാരണങ്ങള്‍ എന്ന് കോടതി ചൂണ്ടിക്കാട്ടി.