Wednesday 16 June 2021
'ഞങ്ങളെക്കൊണ്ടാകുന്നതല്ലാതെ അവൾ ഇങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല'; ശ്രീധന്യയുടെ അമ്മ മനസ് തുറക്കുന്നു

By Sooraj Surendran.11 May, 2020

imran-azhar

 

 

ചരിത്രം വീണ്ടും തിരുത്തി കുറിക്കുകയാണ് കേരളം. ശ്രീധന്യ ഐ.എ.എസ്. കുറിച്യസമുദായത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി ഈ വേദനയുടെയും സഹനത്തിന്റെയും കാലത്തും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. വനവാസി വിഭാഗത്തില്‍ നിന്ന് കേരളത്തില്‍ ആദ്യമായി ഐ.എ.എസ് നേടിയ മിടുക്കിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയാണ് വയനാട് പൊഴുതന സ്വദേശി പുതു ചരിത്രമെഴുതിയത്. മകളുടെ കഠിനാധ്വാനത്തിന്റെ തിളക്കമുള്ള ഈ മികച്ച നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് തൊഴിലുറപ്പു തൊഴിലാളിയായ ഈ അമ്മ. വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.

 

Rahul Gandhi meets Sreedhanya Suresh, Kerala's first tribal woman ...

 

ഒരു ആദിവാസി വിഭാഗത്തിൽ ജനിക്കുന്ന പെൺകുട്ടി ജീവിതത്തിൽ നേരിടേണ്ടി വരുന്ന കഷ്ടതകളും, യാതനകളും നമുക്ക് ഊഹിക്കാവുന്നതാണ്. അവിടെയാണ് ശ്രീധന്യ ഐഎഎസ് ഈ സമൂഹത്തിന് വലിയൊരു ജീവിത പാഠം നൽകുന്നത്. "ഞങ്ങളുടെ കഷ്ടപ്പാടും പരിമിതികളുമൊക്കെ അവള്‍ക്കറിയാമായിരുന്നു. ഞങ്ങളെക്കൊണ്ടാകുന്നതല്ലാതെ ഇതുവരെ ഒന്നും അവൾ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുമില്ല" ശ്രീധന്യയുടെ അമ്മ കമല പറയുന്നു. തൊഴിലുറപ്പ് പണിക്ക് പോയി കിട്ടുന്ന പണം സ്വരൂപിച്ചാണ് ഇവർ മകളുടെ സ്വപ്നത്തിന് പിന്തുണ നൽകിയത്. "മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്, ഒരു നല്ല മേശയോ, പഠിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളോ അവൾക്കുണ്ടായിരുന്നില്ല, കറന്റ് പോയാൽ മെഴുകുതിരി വെളിച്ചത്തിലാണ് അവൾ പഠിച്ചിരുന്നത്, കഷ്ടപ്പാടുകൾ എല്ലാം മറികടന്ന് അവൾ സ്വപ്നം യാഥാർഥ്യമാക്കി, ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മമാരില്‍ ഒരാൾ ഞാൻ തന്നെയാകും" കമല പറഞ്ഞു.

 

Governor P Sathasivam felicitates Sreedhanya on historic feat- The ...

 

ശ്രീധന്യയ്ക്ക് പണ്ടേ സിവില്‍ സര്‍വീസിലായിരുന്നു മേഹം. സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചതെങ്കിലും ഭാഷ വശമാക്കാന്‍ ഇംഗ്ലീഷ് വാരികകളും പത്രങ്ങളും വായിക്കുമായിരുന്നു. ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് മോഹം ഉറച്ചത്. തിരുവനന്തപുരം ഫോർച്യൂൺ സിവിൽ സർവീസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റിയ്ക്കു കീഴിൽ ആയിരുന്നു പരിശീലനം. ഇപ്പോൾ ഫോർച്യൂൺ സിവിൽ സർവീസ‌് അക്കാദമയിൽ വിദ്യാർഥികൾക്ക‌് ക്ലാസെടുക്കുകയാണ‌് ശ്രീധന്യ. സമൂഹത്തെ തുല്യതയോടെ കണ്ട് നാലര ലക്ഷം പേരുടെ പ്രതിനിധിയായി വിജയിച്ചു നില്‍ക്കുന്ന പെണ്ണിന് വിജയാശംസ ഇനി വേണ്ട. ആ കരുത്തിനൊപ്പം ഞങ്ങളുണ്ടെന്ന് മാത്രം പറയുന്നു. ഔദ്യോഗിക ജീവിതം ചരിത്രത്തിലേക്ക് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.

 

NSUI on Twitter: