Tuesday 19 November 2019




സ്റ്റാച്യുവില്‍ മൂത്രമൊഴിക്കാന്‍ ചായ കുടിക്കണം

By online desk .04 Nov, 2019

imran-azhar

 

 

കേരളം പ്രമേഹരോഗികളുടെ തലസ്ഥാനമാണ്. രക്താതിസമ്മര്‍ദ്ദത്തിനു മരുന്നു കഴിക്കുന്നവരും ധാരാളമുണ്ട്. മുപ്പതുകളിലുള്ള 30 ശതമാനം പുരുഷ•ാര്‍ക്ക് പ്രോസ്റ്റേറ്റ് വീക്കമുണ്ട്. അന്‍പതുകളില്‍ അത് 50 ശതമാനവും എണ്‍പതുകളില്‍ 80 ശതമാനം പുരുഷ•ാരെയും പ്രോസ്റ്റേറ്റ് വീക്കം പിടികൂടുന്നു. ഇത്തരം രോഗികള്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നവരാണ്. യാത്ര പോകുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തുന്നതുവരെ മൂത്രശങ്ക കടിച്ചമര്‍ത്തിയിരിക്കുന്നവരാണ് മലയാളികള്‍. പൊതുശൗചാലയങ്ങളുടെ അഭാവം തന്നെയാണ് പ്രധാന കാരണം. ശൗചാലയങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെ വൃത്തിയില്ലായ്മയാണ് മറ്റൊരു വില്ലന്‍. നിസാരമെന്നു തോന്നുമെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് വിസര്‍ജ്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത്.

 

പാളയം മുതല്‍ കിഴക്കേകോട്ട വരെയുള്ള ഭാഗത്തെ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം എന്നുവിളിക്കാം. നിയമസഭ ഉള്‍പ്പെടെയുള്ള അതിപ്രധാന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നയിടം. നഗരത്തിലെ ഏറ്റവും തിരക്കുള്ള ഭാഗവും ഇവിടെയാണ്. പാളയം മുതല്‍ കിഴക്കേകോട്ട വരെയുള്ള പൊതുശൗചാലയങ്ങളുടെ എണ്ണമെടുത്താല്‍ ഞെട്ടിപ്പോകും. വിരലിലെണ്ണാവുന്നവ മാത്രം. നിലവിലുള്ള ശൗചാലയങ്ങളുടെ അവസ്ഥയോ, പരിതാപകരവും. കൊട്ടിഘോഷിച്ചു തുടങ്ങിയ ഇ ടോയിലറ്റുകള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഇ ടോയിലറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണെങ്കിലും പരിചയക്കുറവു മൂലം പലരും കയറാന്‍ മടിക്കുന്നു.

 

പാളയത്ത് മ്യൂസിയം കോമ്പൗണ്ടിനുള്ളിലാണ് വൃത്തിയുള്ള ശൗചാലയങ്ങളുള്ളത്. ശൗചാലയത്തിനു തൊട്ടടുത്തായി ഇ ടോയിലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയത്തിന് എതിര്‍വശത്ത് നഗരസഭാകാര്യാലത്തിനു സമീപമുള്ള ശൗചാലയം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിട്ട് നാളുകളായി. പാളയത്തെ കന്നിമേര മാര്‍ക്കറ്റിനുള്ളില്‍ ശൗചാലയം ഉണ്ടെങ്കിലും പലര്‍ക്കും അതിനെപ്പറ്റി അറിയില്ല. അറിയാമെങ്കിലും വൃത്തിയില്ലായ്മയാണ് ഇവിടുത്തെ പ്രശ്‌നം. സ്റ്റാച്യുവില്‍ എത്തുമ്പോള്‍ സംഗതി കൈവിട്ടുപോകും. നഗരത്തിന്റെ ഹൃദയഭാഗത്തെത്തുമ്പോള്‍ മൂത്രശങ്കയുണ്ടായാല്‍ വലഞ്ഞതുതന്നെ. കാരണം ഒരു ഇ ടോയിലറ്റുപോലും ഇവിടെയില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്കായി സമീപത്തുള്ള ഹോട്ടലുകളില്‍ കയറി ചായ കുടിക്കേണ്ട ഗതികേടാണുള്ളത്.

 

ആയുര്‍വേദ കോളജ് ജംഗ്ഷനിലും ശൗചാലയങ്ങളില്ല. അത്യാവശ്യമാണെങ്കില്‍ ആയുര്‍വേദ കോളജിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ശൗചാലയത്തില്‍ പോകാം. എന്നാല്‍, അതും സ്ഥലപരിചയമുള്ളവര്‍ക്കു മാത്രമേ കണ്ടുപിടിക്കാനാവൂ. ആയുര്‍വേദ കോളജ് മുതല്‍ കിഴക്കേകോട്ട വരെ 'ശങ്ക' മാറ്റാന്‍ ഒരു മാര്‍ഗവും ഇല്ല. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരത്തിലെ ഏറ്റവും തിരക്കുള്ള കിഴക്കേകോട്ടയിലെ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശൗചാലയത്തില്‍ കയറിയാല്‍ മൂക്കും കണ്ണും പൊത്തണം. ശൗചാലയം വൃത്തിഹീനമാണെന്നു മാത്രമല്ല, ഒരു മറയുമില്ലാതെ 'ശങ്ക' തീര്‍ക്കേണ്ട ഗതികേടാണിവിടെ. പുരുഷ•ാരുടെ മൂത്രപ്പുരക്കു സമീപം ചായക്കടകള്‍ ഉള്‍പ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

നഗരത്തിലെ മറ്റിടങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ ശൗചാലയത്തിന്റെ അവസ്ഥ കണ്ടാല്‍ കരഞ്ഞുപോകും. മോശം സാഹചര്യത്തിനൊപ്പം മദ്യക്കുപ്പികളുമാണ് 'കസ്റ്റമറെ' വരവേല്‍ക്കുന്നത്. കോടികള്‍ മുടക്കി പണികഴിപ്പിച്ച കെട്ടിടത്തിലെ ശൗചാലയത്തിന്റെ അവസ്ഥയാണിത്. ഏറ്റവും ജനത്തിരക്കുള്ള മെഡിക്കല്‍ കോളജിലും മതിയായ ശൗചാലയങ്ങളില്ല. പട്ടത്ത് പൊതുശൗചാലയമേയില്ല. ഉള്ളൂരിന്റെ അവസ്ഥയും ഇതുതന്നെ.