Sunday 18 April 2021




ഗ്യാസുകുറ്റി വാങ്ങാന്‍ പണമില്ല; ഇതൊരു സ്ഥാനാര്‍ത്ഥിയുടെ കഥ

By Aswany Bhumi.19 Mar, 2021

imran-azhar



ഇത്തരത്തിലുള്ള രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴുണ്ടോ എന്ന് ആരും അതിശയിക്കും തമിഴ്നാട്ടിലെ തിരുത്തുറൈപോണ്ടിയില്‍ നിന്ന് ജനവിധി തേടുന്ന സിപിഐയുടെ മാരിമുത്തുവിന്റെ കഥ അറിഞ്ഞാല്‍.

 


വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ് മാരിമുത്തു.പക്ഷേ ഇപ്പോഴും ഓലമേഞ്ഞ മണ്‍കൂരയ്ക്ക് കീഴിലാണ് താമസം. ആ വീട്ടിലാണെങ്കിലോ, ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ മേല്‍ക്കൂര പറന്നുംപോയി.

 

കടുത്ത ദാരിദ്രത്തിന്റെ നടുവിലാണ് ജീവിതം.ഗ്യാസ് കുറ്റി വാങ്ങാന്‍ പോലും കയ്യില്‍ പണമില്ല,ആരെങ്കിലും സഹായിക്കണം വീട്ടില്‍ അടുപ്പ് കത്താന്‍.കടുവക്കുടി ഗ്രാമത്തിലാണ് 49കാരനായ മാരിമുത്തു താമസിക്കുന്നത്.

 

രണ്ടു വര്‍ഷം മുന്‍പ്, ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് നേരെയാക്കാനായി പണം സമ്പാദിക്കാനുള്ള അലച്ചിലിലാണ് ഇപ്പോഴും മാരിമുത്തു.
ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് തത്ക്കാലത്തേക്ക് മേല്‍ക്കൂര മറച്ചു.

 

മാരിയുടെ ഭാര്യ ജയസുധയും അമ്മയും കര്‍ഷക തൊഴിലാളികളാണ്. മാരിമുത്തുവിന് നാല് സഹോദരിമാര്‍ കൂടിയുണ്ട്.രണ്ട് മക്കളെ വളര്‍ത്താന്‍ അദ്ദേഹം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.

 

എന്നാലും പാര്‍ട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കും. അതിനുള്ള പ്രതിഫലമാണ് ഈ സീറ്റ്. ജയിച്ചു കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്'-' സഹോദരി സെല്‍വി പറയുന്നു.

 

ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ഡലമാണ് തിരുത്തുറൈപോണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെയാണ് ഇവിടെ ജയിച്ചത്. ഇത്തവണ സ്റ്റാലിനും സംഘവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിന് കരുത്ത് പകരുന്നു.