Wednesday 23 September 2020
2019ൽ സോഷ്യൽ മീഡിയ ആഘോഷിച്ച താരങ്ങൾ

By online desk.17 Dec, 2019

imran-azhar

 

തിരുവനന്തപുരം : ഒരു നിമിഷം മതി എല്ലാം മാറിമറിയാന്‍ എന്ന ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ടിരിക്കുന്നത് സോഷ്യല്‍ മീഡിയ ആണ്. 2019ല്‍ സോഷ്യല്‍ മീഡിയ എല്ലാം മാറ്റി മറിച്ചത് വളരെ പെട്ടെന്നായിരുന്നു. കുറേയധികം താരങ്ങള്‍ കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയുടെ സ്വാധീനം മൂലം ജനസമക്ഷത്തിലേയ്ക്ക് ഉയര്‍ന്നു വന്നു. പ്രളയ കാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതായവര്‍ക്കായി, വിൽപ്പനയ്ക്ക് വച്ചിരുന്ന വസ്ത്രങ്ങളെല്ലാം നല്‍കി ലോകത്തിന്റെ ഹൃദയം തൊട്ട നൗഷാദും രാഹുല്‍ ഗാന്ധിയുടെ പ്രസംഗപരിഭാഷയിലൂടെ പെണ്‍ കരുത്തറിയിച്ച സഫ ഫെബിനും മേയര്‍ ബ്രോ ആയ വി.കെ. പ്രശാന്തും മുഖ്യധാര മാധ്യമങ്ങളെ തിരുത്താനും അവരുടെ കണ്ണ് തുറപ്പിക്കാനും കരുത്ത് ഒരു സാധാരണക്കാരന് പോലും ഉണ്ടാകുമെന്നും തെളിയിച്ച ചേര്‍ത്തലയിലെ ഓമനക്കുട്ടനുമെല്ലാം സോഷ്യല്‍ മീഡിയയുടെ താരങ്ങളാണ്.

 

കട കാലിയാക്കി ഹൃദയം തൊട്ട നൗഷാദ്

 

 

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയ ദുരന്തകാലത്ത് മറ്റൊന്നും ചിന്തിക്കാതെ വിൽപ്പനയ്ക്ക് വച്ചിരുന്ന വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസമായി നല്‍കി കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ ഹൃദയം തൊട്ടാണ് കൊച്ചിക്കാരന്‍ നൗഷാദ് സോഷ്യല്‍ മീഡിയയില്‍ താരമായത്. വലിയ പെരുന്നാള്‍ വിപണി ലക്ഷ്യമിട്ടു കൊച്ചി ബ്രോഡ് വേയിലുള്ള തന്റെ കടയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളെല്ലാമാണ് നൗഷാദ് ദുരിതാശ്വാസത്തിനായി നല്‍കിയത്. സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതിനാല്‍ കൈയിലുള്ളതൊന്നും നല്‍കരുതെന്ന് ഒരു വിഭാഗം വ്യാജപ്രചാരണം നടത്തിയിരുന്നു. സ്വന്തം ജീവനോപാധികളെല്ലാം നല്‍കിയ നൗഷാദിന്റെ ന•നടന്‍ രാജേഷ് ശര്‍മ്മയാണ് ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചത്. 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ, എന്റെ പെരുന്നാളിങ്ങനെയാ', എന്നായിരുന്നു നൗഷാദ് സ്വന്തം സന്മനസ്സിനെ വിശദീകരിച്ചത്.

 

'ടണ്‍ കണക്കിന്' സ്‌നേഹം കയറ്റി അയച്ച മേയര്‍ ബ്രോ

 

 

പ്രളയകാലത്താണ് തിരുവനന്തപുരത്തിന്റെ സ്വന്തം മേയര്‍ ബ്രോ വി.കെ. പ്രശാന്തും സോഷ്യല്‍ മീഡിയയുടേയും കേരളക്കരയുടേയും താരമായത്. പ്രളയത്തില്‍ കഴുത്തറ്റം മുങ്ങുകയും ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിയുകയും ചെയ്ത വടക്കന്‍ കേരളത്തിലേയ്ക്ക് നിരവധി ലോറികളിലായി ടണ്‍ കണക്കിന് ലോഡ് സാധനങ്ങളാണ് വി.കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ കയറ്റി അയച്ചത്. പ്രളയ കാലത്ത് ഉയര്‍ന്ന ജനപ്രീതി പിന്നീടു വന്ന വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ജാതിമതചിന്തകള്‍ക്കതീതമായ വോ്ട്ടായി മാറിയതും കേരളം കണ്ടു. അങ്ങനെ തിരുവനന്തപുരത്തുകാരുടെ മേയര്‍ ബ്രോ വട്ടിയൂര്‍ക്കാവിന്റെ എംഎല്‍എ ബ്രോ ആയിത്തീര്‍ന്നു.പാര്‍ട്ടിക്ക് മനസിലാകാതെ പോയ ഓമനക്കുട്ടന്‍

 

 

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ എത്തിച്ച ഓട്ടോയ്ക്ക് കൂലി കൊടുക്കാന്‍ 70 രൂപ തനിക്കറിയാവുന്നവരുടെ പക്കല്‍ നിന്ന് വാങ്ങിയതിന്റെ പേരില്‍ പിരിവുകാരനെന്നും കള്ളനെന്നും അഴിമതിക്കാരനെന്നും ചാപ്പ കുത്തപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന്റെ രക്ഷകനായത് സോഷ്യല്‍ മീഡിയ ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വാര്‍ത്തയായിരുന്നു തുടക്കം. ഓമനക്കുട്ടന്‍ ദുരിതാശ്വാസക്യാമ്പില്‍ അനധികൃത പിരിവെടുത്തെന്നായിരുന്നു വാര്‍ത്ത. പൊലീസ് ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിപിഎം ഓമനക്കുട്ടനെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഓമനക്കുട്ടന്‍ അനധികൃതമായി പിരിവ് നടത്തിയില്ലെന്ന് വ്യക്തമാക്കി ക്യാമ്പിലുള്ളവര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയ ഒറ്റക്കെട്ടായി ഓമനക്കുട്ടന് പിന്നില്‍ അണിനിരന്നു. ഒടുക്കം സര്‍ക്കാര്‍ മാപ്പ് പറഞ്ഞു. പാര്‍ട്ടിയും നടപടി തിരുത്തി ഓമനക്കുട്ടനെ തിരിച്ചെടുത്തു. ഇതല്ലാമായിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാന്‍ ഓമനക്കുട്ടന്‍ തയ്യാറായില്ലെന്നതും മറ്റൊരു സവിശേഷതയായി.

 

ഫിറോസും ചാരിറ്റിയും

 

 

ചാരിറ്റി പ്രവര്‍ത്തകനായഫിറോസ് കുന്നുംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയതാണ് 2019 ല്‍ സോഷ്യല്‍ മീഡിയയെ പിടിച്ച് കുലുക്കിയ മറ്റൊരു സംഭവം. ഫേസ്ബുക്ക് ലൈവിലൂടെ രോഗികളുടെ അവസ്ഥ വിവരിച്ച് ലഭിക്കുന്ന തുക രോഗികള്‍ക്ക് നല്‍കുകയാണ് ഫിറോസിന്റെ പ്രവര്‍ത്തന രീതി. എന്നാല്‍ ചാരറ്റി പ്രവര്‍ത്തനങ്ങളിലൂടെ ഫിറോസ് പണം സമ്പാദിക്കുന്നതായും നിയമലംഘനം നടത്തുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നു.ഫിറോസിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും പണം പിരിക്കല്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന് കീഴില്‍ നടത്തണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടരുടെ ആവശ്യം. ഒടുവില്‍ ആരോപണങ്ങളില്‍ മനം മടുത്ത് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് പ്രഖ്യാപിച്ചു. ഇതിനെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ യില്‍ ആലുകള്‍ പക്ഷം പിടിച്ചു.

 

വൈറലായ കുട്ടിക്കൂട്ടത്തിന്റെ ഫുട്‌ബോള്‍ കമ്മിറ്റി

 

 

ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം വിളിച്ച് മടല്‍ മൈക്കില്‍ പ്രസംഗിച്ച് കൂടിയാലോചന നടത്തിയ മലപ്പുറം നിലമ്പൂരിലെ കുട്ടിക്കൂട്ടമാണ് 2019 ല്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ മറ്റൊരു കൂട്ടര്‍. ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജഴ്‌സിയും പന്തും വാങ്ങാന്‍ 'ജനാധിപത്യപരമായ രീതിയില്‍ കുട്ടികള്‍ നടത്തിയ പ്രസംഗവും ചര്‍ച്ചയുമെല്ലാം കൈയ്യടി നേടി. ഒടുവില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മുതല്‍ സ്പാനിഷ് പരിശീലകന്‍ ടിനോ വരെ കുട്ടികള്‍ക്ക് സഹായമെത്തിച്ചു.


സോഷ്യല്‍ മീഡിയയുടെ 'തലപെരുപ്പിച്ച' പോളാര്‍ യാത്ര

 

 

സ്വീഡനിലെ അഡ്വഞ്ചര്‍ ഗുഡ്‌സ് കമ്പനിയായ ഫിയല്‍രാവന്‍ എല്ലാവര്‍ഷവും നടത്തി വരുന്ന പോളാര്‍ എക്‌സ്‌പെഡിഷനിലേയ്ക്കുള്ള മത്സരാര്‍ത്ഥികള്‍ക്കായി ചേരി തിരിഞ്ഞ് വോട്ട് പിടിച്ചതാണ് 2019 ല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത മറ്റൊരു ചൂടന്‍ വിഷയം. പോളാറിലേക്കുള്ള പ്രവേശനം വോട്ടുകളും ജൂറി തിരഞ്ഞെടുപ്പും അനുസരിച്ചാണ്. ഇത് പ്രദേശത്തെ അടിസ്ഥാനമാക്കിയാണ്. ഓരോ പ്രദേശത്തുനിന്നും രണ്ടുപേരെ തിരഞ്ഞെടുക്കും. പോളാര്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ നേടിയ മൊത്തം വോട്ടുകളുടെ എണ്ണത്തില്‍ ആദ്യയാളെ തിരഞ്ഞെടുക്കും. എന്നാല്‍ മത്സരാര്‍ത്ഥികളായ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് തിരിഞ്ഞ് വോട്ട് പിടിത്തം ആയതോടെ വിജയിയെ പ്രഖ്യാപിക്കുന്നത് കമ്പനി നീട്ടി വെച്ചു. മത്സരാര്‍ത്ഥികള്‍ വിദ്വേഷ പ്രചരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.


പെണ്‍കരുത്ത് അറിയിച്ച സഫ

 

 

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പെണ്‍കരുത്ത് അറിയിച്ച മലപ്പുറം നിലമ്പൂരിലെ കരുവാരക്കുണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥി സഫ ഫെബിനാണ് സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയ മറ്റൊരു താരം. 'വമ്പന്‍ നേതാക്കള്‍' പോലും വിറയ്ക്കുന്നിടത്താണ് സിമ്പിളായി പരിഭാഷ നടത്തി രാഹുലിനെ പോലും സഫ ഞെട്ടിച്ചത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം കൂടി അടയാളപ്പെടുത്തിയ സഫയെ നിമിഷം നേരെ കൊണ്ടാണ് സോഷ്യം മീഡിയയും കേരളവും ഏറ്റെടുത്തത്.