Tuesday 19 March 2019


ടിക് ടോക്കില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് തുടങ്ങാനാകില്ല

By anju.01 Mar, 2019

imran-azhar


സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകായാണ് ടിക് ടോക്ക് വീഡിയോകള്‍. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ അമ്മൂമ്മമാര്‍ വരെ ഇന്ന് ടിക് ടോക്ക് വീഡിയോകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. എന്നാല്‍ പലയിടത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനി മുതല്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്കില്‍ അക്കൗണ്ട് തുടങ്ങാനാകില്ല. ഈ പ്രായ പരിധിയിക്ക് താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും.

 


കുട്ടികള്‍ ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ഉറപ്പുവരുത്തണം എന്ന് വ്യക്തമാക്കുന്ന ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് ലംഘിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ടിക് ടോക്കിനോട് 55 ലക്ഷം ഡോളര്‍ (39.14 കോടി രൂപ) പിഴയൊടുക്കന്‍ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ടിക്ടോക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

 

നടപടിയെ തുടര്‍ന്ന് 13 വയസില്‍ താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ ടിക് ടോക്ക് നീക്കം ചെയ്തു. ഇനി മുതല്‍ ഉപയോക്താക്കളുടെ വയസ് തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ ടിക് ടോക്ക് ആവശ്യപ്പെട്ടേക്കും. അന്താരാഷ്ട്ര തലത്തില്‍ ഉടന്‍ തന്നെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.