Saturday 11 July 2020




നഗരത്തിന് ആഘോഷമായി വസന്തോത്സവം

By online desk .28 Dec, 2019

imran-azhar

 

 

ഓര്‍ക്കിഡ് കാണാന്‍ തിരക്കോടുതിരക്ക്


വസന്തോത്സവത്തില്‍ വര്‍ണം വിതറി ഓര്‍ക്കിഡുകളുടെ വമ്പന്‍ ശേഖരം. ആരെയും ആകര്‍ഷിക്കുന്ന രൂപഭംഗിയുള്ള മൊക്കാറ, ഒണ്‍സീഡിയം, ഡെന്‍ഡ്രോബിയം, ഹാംഗിംഗ് വാന്‍ഡ ഇനങ്ങളില്‍പ്പെട്ട ഓര്‍ക്കിഡുകളാണ് പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ എത്തിച്ചിരിക്കുന്നത്. ഓര്‍ക്കിഡുകളുടെ റാണിയായ കാറ്റലിയ വിഭാഗത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ കാണാന്‍ വന്‍ തിരക്കാണ്. വര്‍ഷത്തില്‍ നാലു പ്രാവശ്യം പൂവിടുന്ന ആനി ബ്ലാക്കിനെ കാണാനും തിരക്കോട് തിരക്കുതന്നെ. വാണിജ്യാടിസ്ഥാനത്തില്‍ ഓര്‍ക്കിഡ് കൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് ആനിബ്ലാക്ക്.

 

300 രൂപ മുതല്‍ വിലയുള്ള മൊക്കാറയാണ് മറ്റൊരിനം. ഓര്‍ക്കിഡ് പ്രേമികളുടെ ഇഷ്ട ഇനമായ മൊക്കാറയുടെ അഞ്ച് വ്യത്യസ്ത നിറങ്ങളാണ് ഇവിടെയുള്ളത്. സാധാരണയായി ഓര്‍ക്കിഡ് ചെടികള്‍ക്ക് മണ്ണ് ആവശ്യമില്ല. എന്നാല്‍ മണ്ണില്‍ നടാന്‍ കഴിയുന്ന വ്യത്യസ്തയിനം ടാങ്കര്‍ വില്ലകള്‍, സ്പാത്തക്ളോട്ടസ് എന്നിവയെയും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഗാര്‍ഡന്‍, മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ക്കിഡുകളും വസന്തോത്സവത്തില്‍ വര്‍ണം വിതറുന്നു.

 

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

പുഷ്പമേളയ്ക്കെത്തുന്നവര്‍ക്ക് കര്‍ശന സുരക്ഷയൊരുക്കി പൊലീസും രംഗത്ത്. 25 പൊലീസുകാരാണ് വസന്തോത്സവം നടക്കുന്ന കനകക്കുന്നിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷയൊരുക്കുന്നത്. ആറ് വനിതാ പൊലീസുകാരും ഇക്കൂട്ടത്തിലുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 20 ക്യാമറകളും കനകക്കുന്നിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ഇവ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. കനകക്കുന്നിന് ചുറ്റുമുള്ള പ്രദേശത്തും പൊലീസ് പെട്രോളിംഗ് സംഘത്തിന്റെ സാന്നിദ്ധ്യമുണ്ട്. പ്രവേശന ഗേറ്റിന് മുന്നില്‍ നാലിന് സെക്യൂരിറ്റി വാര്‍ഡന്‍മാരും ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക്ക് പൊലീസ് സംഘവും സര്‍വസജ്ജമാണ്.

 

കരിമീന്‍ പൊളളിച്ചതും കുട്ടനാടന്‍ കോഴിക്കറിയും

കുട്ടനാടന്‍ വിഭവങ്ങള്‍ രുചിക്കാന്‍ കെ.ടി.ഡി.സി അവസരമൊരുക്കുന്നു. പുഷ്പേളയോടനുബന്ധിച്ച് കെ.ടി.ഡി.സി സജ്ജമാക്കിയിരിക്കുന്ന ഭക്ഷ്യ സ്റ്റാളിലാണ് രുചിവിസ്മയം തീര്‍ക്കുന്നത്. കരിമീന്‍ പൊളളിച്ചത്, കുട്ടനാടന്‍ കോഴിക്കറി, മീന്‍ മുളകിട്ടത് എന്നിവ രുചിക്കാന്‍ വന്‍ തിരക്കാണ്. കപ്പ-മീന്‍കറിക്കാണ് ആവശ്യക്കാര്‍ ഏറെ. പത്ത് രൂപമുതല്‍ 180 രൂപവരെയാണ് ഭക്ഷ്യവിഭങ്ങള്‍ക്ക് വില. പരിസ്ഥിതിയോട് ഇണങ്ങി നില്‍ക്കുന്ന തരത്തില്‍ പാള കൊണ്ടുള്ള പാത്രങ്ങളിലാണ് ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുന്നത്.