Monday 16 December 2019




ഇതേത് വര്‍ഷമെന്നറിയാതെ വിക്രമനും മുത്തുവും; ഒത്തിരി നൊസ്റ്റുവും പൊടിക്ക് ക്രിയേറ്റിവിറ്റിയുമായി ഒരു ഫോട്ടോസ്‌റ്റോറി

By online desk.27 Nov, 2019

imran-azhar

 

 

ബാലരമയിലെ 'മായാവി' എന്ന അമര്‍ ചിത്രകഥയിലെ കൊള്ളക്കാരായ വിക്രമന്റെയും മുത്തുവിന്റെയും കഥ ഫോട്ടോ സ്റ്റോറിയായി അവതരിപ്പിച്ച് മുരളീ കൃഷ്ണന്‍. നേരത്തെ, മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ ഫോട്ടോസ്റ്റോറി ചെയ്ത് മുരളി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ബാലരമയിലെ മറ്റ് കഥാപാത്രങ്ങളേയും ഇതുപോലെ അവതരിപ്പിക്കാനാണ് മുരളിയുടെ പദ്ധതി.


''വര്‍ഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബാലരമ കഥാപാത്രങ്ങളായ വിക്രമനും, മുത്തുവും അക്ഷരാര്‍ത്ഥത്തില്‍ ഇതേത് വര്‍ഷമെന്നറിയാതെ ഉഴറുന്ന കഥ ഇവിടെ ആരംഭിക്കുന്നു. ഒരു അമര്‍ ചിത്രകഥ വായിക്കുന്നതുപോലെ ഓരോ ഫോട്ടോകളും ക്യാപ്ഷന്‍ സഹിതം വായിച്ചു പോകാന്‍ അപേക്ഷിക്കുന്നു,'' എന്ന അടിക്കുറിപ്പോടെയാണ് മുരളി തന്റെ ഫോട്ടോ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

 


രാജുവും രാധയും പുട്ടാലുവും ലൊട്ടുലൊടുക്കും ഗുല്‍ഗുല്‍മാലുമൊക്കെ മുരളിയുടെ ഫോട്ടോ സ്റ്റോറിയിലുണ്ട്. എസ്.ദുര്‍ഗ എന്ന ചിത്രത്തിലെ നായകനായ കണ്ണന്‍ നായരാണ് വിക്രമനായി എത്തുന്നത്. മുത്തുവായി എത്തുന്നത് മണിച്ചിത്രത്താഴ് സീരീസില്‍ രാമനാഥനായെത്തിയ ആനന്ദ് മന്മഥന്‍ ആണ്. പുട്ടാലുവായി വേഷമിട്ടിരിക്കുന്നത് രാഹുല്‍ നായരാണ്. മണിച്ചിത്രത്താഴ് ഫോട്ടോ സ്റ്റോറിയില്‍ ഇദ്ദേഹമായിരുന്നു ശങ്കരന്‍ തമ്പിയെ അവതരിപ്പിച്ചത്. ലൊട്ടുലൊടുക്കായി ജിക്കുജി എലഞ്ഞിക്കനും ഗുല്‍ഗുല്‍മാലായി രവിശങ്കറും പ്രത്യക്ഷപ്പെടുന്നു.

 

രാഹുല്‍ രാധാകൃഷ്ണനും അഭയ് ചന്ദ്രനും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആശയം മുരളിയുടേതാണെങ്കിലും ഒപ്പം സഹായിക്കാന്‍ വിനേഷ് വിശ്വനാഥ്, കണ്ണന്‍ നായര്‍, കൈലാഷ് എസ് ഭവന്‍, ആനന്ദ് മന്മധന്‍ എന്നിവരും ഉണ്ടായിരുന്നു.

 

തിരുവനന്തപുരം പാളയം മാര്‍ക്കറ്റ്, വെള്ളായണി, ജഡ്ജ് കുന്ന്, കിഴക്കേകോട്ട എന്നിവിടങ്ങളിലാണ് ഫോട്ടോ സ്റ്റോറി ചിത്രീകരിച്ചത്.