By sisira.26 Feb, 2021
ബാരാക്കിന്റെ ശരീരത്തിൽ നിന്നും നീക്കം ചെയ്തത് ഒന്നും രണ്ടുമല്ല 35 കിലോയോളം വരുന്ന രോമമാണ്. വിക്ടോറിയയിലെ വനപ്രദേശത്ത് അലഞ്ഞു നടന്ന ബാരാക്ക് എന്ന ചെമ്മരിയാടിനെ എഡ്ഗാര്‍ഗ്സ് മിഷന് ഫാം എന്ന വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിച്ച് പുനരധിവസിപ്പിച്ചിരിക്കുകയാണ് അധികൃതര്‍.
ഇത്രയധികം രോമം അഞ്ച് കൊല്ലത്തെ കാലയളവിനിടയില്‍ വളര്ന്നതാവുമെന്നാണ് ഫാമിന്റെ സ്ഥാപകനായ പാം അഹേണിന്റെ ഊഹം. വളര്‍ന്നിറങ്ങിയ രോമക്കൂടിനുള്ളില് ഒരു ചെമ്മരിയാട് ജീവിച്ചിരുന്നതായി വിശ്വസിക്കാനാവുന്നില്ലെന്നാണ് പാമിന്റെ കമന്റ്.
'കുരുത്തംകെട്ട' ഒരു കുഞ്ഞാട് തന്നെ വളര്‍ത്തിയിരുന്ന ഫാമില്‍ നിന്ന് ഒളിച്ചോടിപ്പോയതാവാമെന്നും പാം തമാശയായി കൂട്ടിച്ചേര്‍ത്തു.
കൃത്യമായ ഇടവേളകളില്‍ രോമം നീക്കം ചെയ്തില്ലെങ്കില്‍ ചെമ്മരിയാടുകള്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവും. സാധാരണയായി വര്‍ഷത്തില്‍ ഒരു തവണയാണ് ചെമ്മരിയാടുകള്‍ക്ക് രോമം നീക്കുന്നത്.
ഇത്രയധികം രോമവുമായി ഓസ്ട്രേലിയയിലെ വേനല്‍ക്കാലങ്ങളെ ബാരാക്ക് അതിജീവിച്ചതിനെ കുറിച്ച് അദ്ഭുതപ്പെടുകയാണ് ഫാം അധികൃതര്‍. എന്തായാലും രോമാവരണം നീക്കി സുന്ദരക്കുട്ടപ്പനായ ബാരാക്ക് ഇപ്പോൾ ഫാമിലെ ചെമ്മരിയാടുകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമൊപ്പം ഏറെ സന്തുഷ്ടനാണ്.