Friday 25 September 2020




ടാറില്‍ കുടുങ്ങിയ നായ്കുട്ടികള്‍ക്ക് പുതുജന്‍മം; യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (വീഡിയോ)

By സൂരജ് സുരേന്ദ്രൻ.09 Sep, 2020

imran-azhar

 

 

മലയിന്‍കീഴ്: മഹാമാരിയുടെ കാലത്തും ജീവന്റെ വില ഓര്‍മപ്പെടുത്തുകയാണ് മലയിന്‍കീഴ് തച്ചോട്ടുകാവ് കാവുവിള ലൈനിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ശരീരം മുഴുവന്‍ ടാറില്‍ മുങ്ങിയ നായ്ക്കുട്ടികള്‍ക്കാണ് യുവാക്കള്‍ ചേര്‍ന്ന് പുതുജ•ം നല്‍കിയത്. സ്വകാര്യ ഭൂമിയില്‍ അടുക്കി വച്ചിരുന്ന ടാര്‍വീപ്പകളില്‍ നിന്നും പുറത്തേക്ക് ഒഴുകിയ ടാറിലാണ് ഒന്നര മാസം പ്രായമുള്ള നായ്ക്കുട്ടികള്‍ അകപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ബാഡ്മിന്റന്‍ കളിക്കാന്‍ എത്തിയ പ്രദേശവാസികളായ യുവാക്കള്‍ നായ്ക്കുട്ടികളുടെ നിലവിളി കേട്ട് പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലും ഫയര്‍ സ്റ്റേഷനിലും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ നിസ്സഹായരായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് യുവാക്കള്‍ തന്നെ മുന്നിട്ടിറങ്ങി.

 

 


വിദ്യാര്‍ത്ഥികളായ സന്ദീപ് രവീന്ദ്രന്‍ (18), അമല്‍ ബാബു (20), ശ്രീലാല്‍ (19), അതുല്‍.എസ്(21), വിഷ്ണു (19), അഭിജിത്ത്, ശംഭു എന്നിവരും വിവിധയിടങ്ങളില്‍ ജോലി നോക്കുന്ന സംഗീത് രവീന്ദ്രന്‍ (28), മഹേഷ്.ജി (20), വൈശാഖ്.എസ് (22), അരുണ്‍.എ.ടി എന്നിവര്‍ ചേര്‍ന്നാണ് ടാറില്‍ മുങ്ങികിടന്നിരുന്ന നായ്ക്കുട്ടികളെ രക്ഷിച്ചത്. വീടുകളില്‍ ചെന്നു മണ്ണെണ്ണയും ഡീസലും തുണിയും ബ്രഷും പാത്രവും മറ്റും സംഘടിപ്പിച്ച് അവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വൈകിട്ടോടെ ആരംഭിച്ച ദൗത്യം മണിക്കൂറുകളോളം നീണ്ടു. പ്രദേശവാസിയും ഓട്ടോ ഡ്രൈവറും കൂടിയായ മുരുകന്‍ എന്നയാളും ഇവര്‍ക്ക് സഹായവുമായെത്തി. ടാര്‍ ഉരുക്കിയാണ് അതില്‍ നിന്നും നായ്ക്കുഞ്ഞുങ്ങളെ വേര്‍പ്പെടുത്തിയത്.

 

 

 

തുടര്‍ന്ന് ഡീസലും മണ്ണെണ്ണയും ഉപയോഗിച്ച് നായ്ക്കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്നും ടാര്‍ മുഴുവനായും തുടച്ചു നീക്കി. വിശന്നു തളര്‍ന്ന നായ്ക്കുഞ്ഞുങ്ങള്‍ക്ക് പാലും, ബിസ്‌ക്കറ്റും നല്‍കിയ ശേഷമാണ് അവരെ തിരികെ അമ്മയുടെ അടുത്തേയ്ക്ക് വിട്ടത്. സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ യുവാക്കളെ തേടി അഭിനന്ദന പ്രവാഹങ്ങളെത്തി. നാല് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആറ് നായ്ക്കുഞ്ഞുങ്ങളും അമ്മയ്‌ക്കൊപ്പം സുരക്ഷിതരാണെന്ന സന്തോഷത്തിലാണ് യുവാക്കള്‍.