Monday 13 July 2020
തിരക്കഥ സൂപ്പര്‍, ആമിര്‍ ഖാന്റെ സിനിസ്ഥാന്‍ പുരസ്‌കാരവും ലഭിച്ചു;

By Akhila Vipin .27 May, 2020

imran-azhar

 


എഴുത്തിലൂടെയും സംവിധാനത്തിലൂടെയും മലയാളത്തിന് പുതിയൊരു നാടക സംസ്‌ക്കാരം സമ്മാനിച്ച ഒ. മാധവന്റെ കുടുംബത്തില്‍ നിന്നും മറ്റൊരു പ്രതിഭകൂടി രംഗത്തേയ്ക്ക്. തിരക്കഥ രചനയിലൂടെ ഒ.മാധവന്റെ കൊച്ചുമകളായ നീത ശ്യാമാണ് ചലച്ചിത്ര രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സിനിസ്ഥാന്‍ എന്ന സ്ഥാപനം സംഘടിപ്പിച്ച തിരക്കഥാ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് തിരക്കഥകളില്‍ ഒന്ന് നീതയുടെ 'ഫൂട്പ്രിന്റ് ഓണ്‍ വാട്ടര്‍' ആണ്. മൂവായിരത്തിലധികം തിരക്കഥകളില്‍ നിന്നാണ് 'ഫൂട്പ്രിന്റ് ഓണ്‍ വാട്ടര്‍' സമ്മാനാനര്‍ഹമായത്. ഇംഗ്ലണ്ടിലെ അനധികൃത കുടിയേറ്റക്കാരുടെ ജീവിതമാണ് തിരക്കഥയുടെ പ്രമേയം. പൊലീസിന്റെ കണ്ണില്‍പ്പെടാതെ കാണാതായ തന്റെ മകളെ തിരയുന്ന അനധികൃത കുടിയേറ്റക്കാരനായ ഒരു അച്ഛന്റെ വ്യഥകള്‍ ആവിഷ്‌ക്കരിക്കുന്ന ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന തിരക്കഥ ലണ്ടന്‍ പശ്ചാത്തലത്തിലാണ് പറയുന്നത്.

 

 

ബോളിവുഡ് താരം ആമിര്‍ ഖാന്‍, സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി, തിരക്കഥാകൃത്തുക്കളായ ജൂഹി ചതുര്‍വേദി, അര്‍ജുപന്‍ രാജബലി എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് മത്സരം സംഘടിപ്പിച്ചത്. മൂന്ന് ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന മത്സരം എന്ന നിലയിലാണ് സിനിസ്ഥാന്‍ പുരസ്‌കാരം ശ്രദ്ധ നേടുന്നത്. ചാര്‍ട്ടേഡ്അക്കൗണ്ടന്റായ നീത കഴിഞ്ഞ 16 വര്‍ഷമായി യുകെയിലാണ് താമസം. 2019ന്റെ തുടക്കത്തിലാണ് ഈ മത്സരത്തെ പറ്റി അറിയുന്നത്. പ്രഗത്ഭരായ ജൂറി അംഗങ്ങള്‍ തന്റെ തിരക്കഥ വായിക്കും എന്നത് തന്നെയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രചോദനമായതെന്ന് നീത പറയുന്നു. അവാര്‍ഡ് കിട്ടുമോ ഇല്ലയോ എന്നൊന്നും ആലോചിച്ചില്ല. സ്വന്തം ഭാഗത്തുനിന്നുള്ള ശ്രമമാണ് ആദ്യം വേണ്ടത്. അനിയത്തി നതാലിയയുടെ ഹ്രസ്വ ചിത്രത്തിന് വേണ്ടിയായിരുന്നു തിരക്കഥ എഴുതിത്തുടങ്ങിയത്. അഞ്ച് വര്‍ഷം മുന്‍പ് കൂടുതല്‍ എഴുതാന്‍ വേണ്ടിയും മറ്റും ജോലി വിട്ടിരുന്നു. ഇനി ഈ സ്‌ക്രിപ്റ്റ് സ്‌ക്രീനില്‍ കാണാനുള്ള ശ്രമങ്ങളാണ് നടത്തുക എന്ന് ആവേശത്തോടെ നീത പറയുന്നു.

 


ഒ. മാധവന്റെ മകളും അദ്ധ്യാപികയും എഴുത്തുകാരിയുമായ ജയശ്രീയുടെയും എന്‍ജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ ശ്യാമിന്റെയും മകളാണ് നീത. യുകെയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ ആനന്ദ് ആണ് നീതയുടെ ഭര്‍ത്താവ്. 'ബട്ടര്‍ ക്രീം പെറ്റല്‍സ്' എന്ന ഒരു ഓണ്‍ലൈന്‍ കേക്ക് ഡെക്കറേറ്റിംഗ് സ്‌കൂള്‍ നടത്തിവരുകയാണ് നീത. കൂടാതെ യുകെയിലെ മാഗസിനുകള്‍ക്കു വേണ്ടി ഫ്രീ ലാന്‍സായി എഴുതുന്നുമുണ്ട്. പ്രസിദ്ധ നടന്‍ മുകേഷിന്റെ സഹോദരി പുത്രിമാരാണ് ഇരുവരും. ഇളയ സഹോദരി നതാലിയ ലണ്ടനിലെ റെഡിംഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ചലച്ചിത്ര സംവിധാനത്തില്‍ ബിരുദം നേടിയ ശേഷം ഷോര്‍ട്ട് ഫിലിം ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. നതാലിയയുടെ അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥ എഴുതിയത് നീതയാണ്. ഇതില്‍ ചാനല്‍ 4 നിര്‍മിച്ച, നതാലിയ സംവിധാനം ചെയ്ത 'ലഹങ്ക' എന്ന ഷോര്‍ട്ട് ഫിലിം ബ്രിട്ടീഷ് ഫിലിംസിന്റെ ആദ്യ പത്തെണ്ണത്തില്‍ തിരഞ്ഞെടുത്തിരുന്നു.

 


ഇതിന് പുറമെ ഡല്‍ഹിയില്‍ നടന്ന ദാദാസാഹേബ് ഫാല്‍ക്കേ ഫെസ്റ്റിവല്‍, കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കാബ്രിഡ്ജ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളിലും ഈ ചിത്രത്തിന് കയറി പറ്റാനായി. മലയാള ചലച്ചിത്ര ലോകത്തേയ്ക്കുള്ള ഭാവി വാഗ്ദാനങ്ങളാണ് ഈ സഹോദരിമാര്‍ എന്ന കാര്യത്തില്‍ സംശയമില്ല.