Saturday 23 September 2017

2017ലെയും തുടര്‍വര്‍ഷങ്ങളിലെയും പൃഥ്വി ചിത്രങ്ങള്‍

By Farsana Jaleel.09 Feb, 2017

imran-azhar

നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് നടന്‍, നിര്‍മ്മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളില്‍ സജീവമാണ്. നന്ദനത്തില്‍ അഭിനയിക്കുന്നതിനായി പൃഥ്വി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ പൃഥ്വിയ്ക്ക് വയസ്സ് 19. അതായത് 2001ല്‍. ചിത്രം റിലീസ് ചെയ്യുന്നത് 2002ലും. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കവെ പൃഥ്വി അന്യഭാഷയിലേയ്ക്ക് ചുവടുറപ്പിക്കുന്നത് സാവകാശമായിരുന്നു. 2005 ല്‍ തമിഴകത്ത് അരങ്ങേറ്റം കുറിച്ച പൃഥ്വി 2010ല്‍ തെലുങ്കിലും 2012ല്‍ ബോളിവുഡിലും പ്രത്യക്ഷപ്പെട്ടു. ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അന്യഭാഷാ ചിത്രങ്ങളില്‍ പൃഥ്വി തന്റെ നിറസാന്നിധ്യം അറിയിച്ചു.

 


എസ്രയാണ് 2017ല്‍ പുറത്തിറങ്ങുന്ന പൃഥ്വിയുടെ ആദ്യ ചിത്രം. എസ്ര മാത്രമല്ല ഒരുപിടി നല്ല ചിത്രങ്ങളാണ് 2017ും തുടര്‍ വര്‍ഷങ്ങളും പൃഥ്വിയെ കാത്തിരിക്കുന്നത്. മൈ സ്റ്റോറി, ടിയാന്‍, വിമാനം, ആടുജീവിതം, കര്‍ണ്ണന്‍ എന്നിവയാണ് അതില്‍ ചിലത്. അതോടൊപ്പം ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് സൂചന. ചിത്രീകരണം 2018 ലും ആരംഭിക്കും.

 


ക്രിസ്തുമസ് റിലീസായി എത്തേണ്ടിയിരുന്ന എസ്ര സിനിമാ സമരം മൂലം റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. പ്രണയത്തിനൊപ്പം ജൂതമത സംസ്‌കാരത്തെയും വരച്ചുകാട്ടുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേയ്ക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

 

എന്നു നിന്റെ മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വ്വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി. കോസ്റ്റിയൂം ഡിസൈനറായിരുന്ന റോഷ്‌നിയുടെ ആദ്യ സംവിധാന സംരംഭത്തില്‍ പിറക്കുന്ന ചിത്രം കൂടിയാണ് മൈ സ്റ്റോറി. നവാഗതനായ ജയകൃഷ്ണന്‍ പൃഥ്വിയെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ടിയാന്റെ ചിത്രീകരണം അതീവ രഹമായിട്ടായിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ഏറ്റവും സങ്കീര്‍ണമായൊരു കഥാപാത്രമെന്നാണ് ടിയാനിലെ അസ്ലാനെ കുറിച്ച് പൃഥ്വി പറയുന്നത്.

 


ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രങ്ങളായ ആടുജീവിതം, കര്‍ണ്ണന്‍, വിമാനം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കായി പൃഥ്വിയ്ക്ക് ശാരീരികമായും മാനസികമായും ഏറെക്കുറെ തയ്യാറെടുക്കേണ്ടിവരും. ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി പൃഥ്വിയെ നായകനാക്കി ബ്ലെസ്സിയാണ് ചിത്രം ഒരുക്കുന്നത്. ഒന്നിലേറെ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രം ത്രീഡിയിലാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

 


മഹാഭാരതത്തിലെ കര്‍ണ്ണനെ വീരപരിവേഷം നല്‍കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കര്‍ണ്ണന്‍. ആര്‍.എസ്.വിമല്‍-പൃഥ്വി കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രമാണ് കര്‍ണ്ണന്‍. എന്നു നിന്റെ മൊയ്തീന്‍ ആയിരുന്നു ഈ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. പൃഥ്വിയെ നായകനാക്കി മാധ്യമ പ്രവര്‍ത്തകനായ പ്രദീപ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിമാനം പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ബധിരനും മൂകനുമായ ഒരു ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രമാണ്.