Sunday 18 April 2021




ചലച്ചിത്രമേളയ്ക്ക് തലശ്ശേരി മണ്ണിൽ വിസ്മയം

By Aswany Bhumi.28 Feb, 2021

imran-azhar



തലശ്ശേരി: ചരിത്രത്തിലാദ്യമായി തലശ്ശേരി ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നുവെന്നറിഞ്ഞപ്പോൾ പ്രചാരണത്തിന് എന്ത് ചെയ്യണമെന്ന ആലോചനയിലായിരുന്നു തലശ്ശേരിയുടെ സ്വന്തം ചിത്രകാരനും കലാസംവിധായകനും മേളയുടെ പബ്ലിസിറ്റി കമ്മിറ്റി അംഗവുമായിരുന്ന സന്തോഷ് ചിറക്കര.

 

നിരവധി ഇവന്റുകൾക്ക് ഇൻസ്റ്റലേഷനുകളും ലോഗോയും രൂപകൽപന ചെയ്ത് പരിചിതനായ സന്തോഷ്  ചലച്ചിത്രമേളയെ സ്വാഗതം ചെയ്യാൻ വ്യത്യസ്തമായ ഒരു കലാ സൃഷ്ടിയൊരുക്കണം എന്ന ചിന്തയിലായിരുന്നു. തലശ്ശേരിയുടെ നഗരത്തിലെ പ്ലാസ്റ്റിക് കുപ്പി മാലിന്യം ഉപയോഗിച്ച് ഇൻസ്റ്റലേഷൻ ചെയ്യാനായിരുന്നു ആദ്യ ചിന്ത.

 

എന്നാൽ അതിലും മികച്ചതായി എന്ത് ചെയ്യാൻ സാധിക്കും എന്ന അന്വേഷണത്തിലാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ 1200 ചതുരശ്ര അടിയിൽ വലിയ ഹോർഡിംഗ് കണ്ടെത്തുന്നത്. ഇൻസ്റ്റലേഷൻ എന്ന ആശയം ഹോർഡിംഗിലേക്ക് വഴിമാറാൻ പിന്നീട് അധിക സമയം വേണ്ടിവന്നില്ല.

 

ഈ കലാസൃഷ്ടിയുടെ ചെലവ് മുഴുവൻ വഹിക്കാൻ സന്നദ്ധത അറിയിച്ച് വടകര 'സർഗ്ഗാലയ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്' സ്വമേധയാ മുന്നോട്ട് വന്നു. എന്നാൽ തങ്ങളുടെ കലാ സൃഷ്ടികളിൽ പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്ന സർഗ്ഗാലയയുടെ നിബന്ധന സന്തോഷിനെ പ്ലാസ്റ്റിക് കുപ്പികളിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ ഫോം ബോർഡും ചണചാക്കുകളും ഉപയോഗിച്ച് 1200 ചതുരശ്ര അടിയിൽ തലശേരിയുടെ മണ്ണിൽ ഹോര്ഡിംഗ് ഉയർന്നു. ഉപയോഗശൂന്യമായ 130 മീറ്റർ ചണ ചാക്കുകളാണ് ഹോർഡിംഗിന് ഉപയോഗിച്ചത്.

 


സുഹൃത്തുക്കളായ ജിത്തു കോളയാട്, പ്രദീപ് ചൊക്ലി, ശ്രീകുമാർ എരുവട്ടി എന്നിവർ നൽകിയ പിന്തുണയും ധൈര്യവുമാണ് ഇത് പൂർത്തിയാക്കാൻ സഹായിച്ചതെന്ന് സന്തോഷ് ചിറക്കര പറഞ്ഞു. കലാ മേളകളിലെ സ്ഥിരം സാന്നിധ്യമായ 'ടീം തലശ്ശേരി' എന്ന പതിനഞ്ചോളം പേരടങ്ങുന്ന കൂട്ടായ്മയുടെ സഹായവും
ഈ കലാസൃഷ്ടിയൊരുക്കുന്നതിൽ സന്തോഷിന് തുണയായി.