Thursday 21 September 2017

മഞ്ജുവിനെ കെട്ടിപ്പിടിച്ച മുത്തശ്ശി 80ാം വയസ്സില്‍ സിനിമയിലേക്ക്

By Farsana Jaleel.12 Sep, 2017

imran-azhar

മഞ്ജുവിനെ കാണാനെത്തിയ മുത്തശ്ശി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു. അതും 80ാം വയസ്സില്‍. പേര് റാബിയ ബീവി. ചെമ്മീനിലെ കറുത്തമ്മയായി സിനിമയില്‍ എത്തേണ്ടിയിരുന്ന മുത്തശ്ശിയാണ് റാബിയ ബീവി. ചിത്രത്തിലേക്ക് നായികയാകാന്‍ സംവിധായകന്‍ രാമു കാര്യാട്ട് ആദ്യം കണ്ടെത്തിയിരുന്നത് റാബിയയെ ആയിരുന്നു. അന്ന് റാബിയ കോഴിക്കോടന്‍ നാടക വേദിയിലെ പ്രതിഭയായിരുന്നു. എന്നാല്‍ യാഥാസ്ഥിതിക സമൂഹത്തെ ഭയന്ന് റാബിയ ആ അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ആകാശവാണി ആര്‍ട്ടിസ്റ്റായി ആരും തിരിച്ചറിയാതെ സാധാരണക്കാരിയായി ഒതുങ്ങി ജീവിച്ച റാബിയ 80ാം വയസ്സില്‍ സിനിമയില്‍ അരങ്ങേറുന്നത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം റാബിയ കോഴിക്കോട് ഒരു പരസ്യ പരിപാടിക്കെത്തിയതോടെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു. അന്ന് അവിടെ വെച്ച് മഞ്ജു വാര്യരെ കണ്ടുമുട്ടിയപ്പോള്‍ മഞ്ജുവിനോടുള്ള ആരാധനയാല്‍ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഈ ചിത്രം വൈറലായതോടെയാണ് റാബിയ വെള്ളിത്തിരയില്‍ വെളിച്ചം വീശാന്‍ ഒരുങ്ങുന്നത്. മഞ്ജുവിന്‍രെ കടുത്ത ആരാധികയായ ഈ മുത്തശ്ശിയുടെ സിനിമാ പ്രേമം തിരിച്ചറിയുന്നത് സംവിധായകന്‍ ആദിയാണ്. ആദി തന്റെ പുതിയ ചിത്രത്തിലേക്കാണ് 80 വയസ്സുള്ള മുത്തശ്ശിയ്ക്ക് അവസരം നല്‍കുന്നത്. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ റാബിയക്ക്. കുട്ടിക്കാലത്ത് നഷ്ടമായ സൗഭാഗ്യത്തെ ഇപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയാണ് താനെന്ന് റാബിയ പറയുന്നു.

അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളയാണ് നിര്‍മ്മാണം.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഈ മാസം 15ന് ചിത്രീകരണം ആരംഭിക്കും. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമാകും ചിത്രീകരണം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അബനി ആദി, നെടുമുടി വേണു, വിനീത്, ഇന്ദ്രന്‍സ്, സുധീര്‍ കരമന, സുധീഷ്, ഇര്‍ഷാദ്, വിനോദ് കോവൂര്‍, പ്രിയനന്ദന്‍, വിജിലേഷ്, ജയകൃഷ്ണന്‍, സുര്‍ജിത്ത്, പ്രസാദ് കണ്ണന്‍, അനീഷ് നായര്‍, കിരണ്‍, രമാദേവി, തുഷാര, സ്നേഹ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.