By Farsana Jaleel.22 Nov, 2017
ദിലീപും മഞ്ജുവും വീണ്ടും മുഖാംമുഖം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ 86 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിനെതിരെയുള്ള കുറ്റപത്രത്തില്‍ പ്രധാന സാക്ഷിയായി മഞ്ജു വാര്യര്‍. സിമിനാ മേഖലയില്‍ നിന്നു മാത്രം ദിലീപിനെതിരെ 50ലധികം സാക്ഷികളാണുള്ളത്.
കേസില്‍ ആകെ 14 പ്രതികളാണുള്ളത്. പൊലീസുകാരനായ അനീഷും വിപിന്‍ലാലും മാപ്പുസാക്ഷികളാകും. കേസിലെ മുഖ്യ പ്രതി പള്‍സുനിയെന്ന സുനില്‍ കുമാര്‍ ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍ നിന്നായിരുന്നു. ജയിലിനകത്ത് വെച്ച് പള്സുനിക്ക് വേണ്ടി കത്തെഴുതിയ ആളാണ് വിപിന്‍ലാല്‍. എന്നാല്‍ പുതിയ കുറ്റപത്രത്തില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 385 സാക്ഷികളാണുള്ളത്. 33 രഹസ്യ മൊഴികളും.
കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍. തുടര്‍ന്ന് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ ധാരണയായി.
കേസില്‍ ആക്രമണത്തിന് നേതൃത്വം നല്കിയ പള്‍സര്‍ സുനിയാണ് കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്ത്. അതേസമയം ഗൂഡാലോചന കുറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം സുനിക്കും കൂട്ടാളികള്‍ക്കും ചുമത്തുന്ന അതേ വകുപ്പുകള്‍ ദിലീപിനെതിരെയും ചുമത്തും.