Saturday 26 September 2020




പ്രതിസന്ധിയിൽ സിനിമാമേഖല; ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണിന് വിറ്റ് നിർമ്മാതാവ് വിജയ് ബാബു

By Akhila Vipin .15 May, 2020

imran-azhar

 

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മലയാള സിനിമ മേഖലയിൽ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കുഞ്ഞാലി മരക്കാർ, വൺ, മാലിക്ക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം റിലീസ് മുടങ്ങി കിടക്കുകയാണ്. 49 ചിത്രങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. 10 ചിത്രങ്ങളുടെ റിലീസ് മുടങ്ങുകയും 10 ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷനും നിലച്ചിരിക്കുകയാണ്. പൃത്വിരാജിന്റെ ആടുജീവിതം സിനിമ ഉൾപ്പെടെ 25 ഓളം സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. സെൻസർ ചെയ്ത 4 ചിത്രങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. 650 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ സിനിമാ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

ഇതിനിടെ, ജയസൂര്യ നായകനാകുന്ന ചിത്രമായ സൂഫിയും സുജാതയും ആമസോണിന് വിറ്റിരിക്കുകയാണ് നിർമ്മാതാവ് വിജയ് ബാബു. ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ സിനിമ റിലീസ് ചെയ്യും. ആദ്യമായാണ് മലയാള സിനിമ തീയേറ്ററിന് മുമ്പെ ഓൺലൈനിൽ എത്തുന്നത്. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യും. ഹിന്ദിക്കും തെലുങ്കിനും തമിഴിനും പിന്നാലെയാണ് മലയാളത്തിലും സിനിമ ഡിജിറ്റൽ റിലീസ് നൽകുന്നത്. അതേസമയം, മലയാള സിനിമയുടെ ഓൺലൈൻ റിലീസിനെതിരെ തീയറ്റർ ഉടമകൾ രംഗത്തെത്തി. ചെറിയ ചിത്രങ്ങൾ ഓൺലൈനിൽ റിലീസ് ചെയ്യുന്നത് ഒരു പരിധി വരെ സമ്മതിക്കാനാകും എന്നാൽ ജയസൂര്യയുടേത് പോലെയുള്ള വലിയ ചിത്രങ്ങൾ ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്. ലോക്ക് ഡൗണിനു ശേഷം ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും തീയറ്റർ ഉടമകൾ പ്രതികരിച്ചു.