By Farsana Jaleel.27 Oct, 2017
ജനപ്രിയ നായകന് ദിലീപിന് ഇന്ന് 50ാം പിറന്നാള്‍. 1967 ഒക്ടോബര്‍ 27ന് എറണാകുളം ജില്ലയിലെ എടവനക്കാട്ടില് ഗോപാലകൃഷ്ണന് പത്മനാഭ പിള്ളയുടെയും സരോജിനിയുടെയും മകനായി ജനനം. സ്കൂള്‍ വിദ്യാഭ്യാസവും ആലുവ യൂണിയന് ക്രിസ്ത്യന്‍ കോളേജില്‍ പ്രീ ഡിഗ്രിയും പൂര്‍ത്തിയാക്കി ദിലീപ് ചരിത്രത്തില്‍ ബിരുദമെടുക്കാന്‍ എറണാകുളം മഹാരാജാസിലെത്തിയതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. മഹാരാജാസാണ് ദിലീപെന്ന മിമിക്രിക്കാരനെ സമ്മാനിച്ചത്. സുഹൃത്തുക്കളായ നാദിര്‍ഷ അബു എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഓണവുമായി ബന്ധപ്പെട്ടുള്ള ഒരു കോമിക് ആല്‍ബത്തിന് വേണ്ടിയാണ് ദിലീപ് ആദ്യമായി ശബ്ദം നല്‍കുന്നതും ദിലീപെന്ന കലാകാരന് ശ്രദ്ധിക്കപ്പെടുന്നതും.
മിമിക്രി ആര്‍ട്ടിസ്റ്റ്, സഹസംവിധായകന്, നിര്‍മ്മാതാവ്, ബിസിനസ് പ്രമുഖന് എന്നീ സ്ഥാനപ്പേരുകള്‍ക്ക് അര്ഹനയാ ഗോപാലകൃഷ്ണന് പദ്മനാഭന് പിള്ള എന്ന ദിലീപ് മലയാള സിനിമയില്‍ ചുവടുറപ്പിച്ചിട്ട് 26 വര്‍ഷങ്ങള്‍. 26 വര്‍ഷങ്ങള്‍ക്കുള്ളില്‍ ദിലീപ് വേഷമിട്ടത് 130ല്‍ പരം ചിത്രങ്ങള്‍. 1991ല്‍ കമലിന്റെ വിഷ്ണുലോകം എന്ന ചിത്രത്തില്‍ സഹസംവിധായകനായി തുടക്കം. മിനിസ്ക്രീനിലും മറ്റും മിമിക്രികളില്‍ സജീവമായിരുന്ന ദിലീപിനെ നായകായി വെള്ളിത്തിരയില്‍ പരിചയപ്പെടുത്തുന്നതും കമല്‍ തന്നെയാണ്. 1992ല്‍ കമല്‍ സംവിധാനം ചെയ്ത എന്നോടു ഇഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ദിലീപിന് പിന്നീട് അല്പം കാത്തിരിക്കേണ്ടി വന്നെങ്കിലും കൈയ്യില്‍ ലഭിച്ച കഥാപാത്രങ്ങളൊക്കെ സുരക്ഷിതമായിരുന്നു.
1994ല്‍ പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ദിലീപ് എന്ന നടനെ ജനങ്ങള്‍ തിരിച്ചറിയുന്നത്. പിന്നീട് ദിലീപിന്റെ കാലമായിരുന്നു. 1996ല്‍ സല്ലാപം, ഈ പുഴയും കടന്ന്, 1998ല്‍ പഞ്ചാബി ഹൗസ്, 1999ല്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍, 2000ല്‍ തെങ്കാശിപ്പട്ടണം, മിസ്റ്റര്‍ ബട്ളര്‍, ഡാര്‍ളിംഗ് ഡാര്‍ളിംഗ്, ജോക്കര്‍, 2001ല്‍ ഈ പറക്കും തളിക, ഇഷ്ടം, 2002ല്‍ മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്, മീശമാധവന് തുടങ്ങീ ചിത്രങ്ങളിലൂടെ ദിലീപ് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറി. കുഞ്ഞിക്കൂനനിലെ മികച്ച അഭിനയത്തിന് കേരള സംസ്ഥാന ഫിലിം അവാര്‍ഡിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് അര്‍ഹനായി. സൂപ്പര്സ്റ്റാറായുള്ള ദിലീപിന്റെ എന്‍ട്രി മീശമാധവനായിരുന്നു. 2002ല്‍ മീശമാധവന് പുറത്തിറങ്ങുമ്പോള്‍ ചിത്രം എക്കാലത്തെയും സൂപ്പര്‍ ഹിറ്റായി മാറി. മീശമാധവനിലൂടെയാണ് ദിലീപ്-കാവ്യ കെമിസ്ട്രി കൂടുതല്‍ വര്‍ക്കൗട്ട് ആകുന്നതും.
പിന്നീട് കല്യാമരാമന്, തിളക്കം, സി.ഐ.ഡി മൂസ, കഥാവശേഷന്, വെട്ടം, പാണ്ടിപ്പട, ചാന്തുപൊട്ട്, ചെസ്, ഡോണ്‍, കല്‍ക്കട്ടാ ന്യൂസ്, വിനോദയാത്ര, പച്ചക്കുതിര, ട്വന്റി ട്വന്റി, ക്രേസി ഗോപാലന്, മോസ് ആന്റ് ദ ക്യാറ്റ്, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, ആഗതന്, പാപ്പി അപ്പച്ചന്, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൗണ്‍ ഓര്‍മ്മ മാത്രം, വെള്ളരിപ്രാവിന്റെ ചങ്ങാതി, (വെള്ളരിപ്രാവിലെ ചങ്ങാതിയിലൂടെ മികച്ച നടനുള്ള പുരസ്കാരം) സ്പാനിഷ് മസാല, മായാമോഹിനി, മിസ്റ്റര്‍ മരുമകന്, മൈ ബോസ്, കമ്മത്ത് ആന്റ് കമ്മത്ത്, സൗണ്ട് തോമ, ശ്രിംഗാരവേലന്‍, നാടോടിമന്നന്, ഏഴു സുന്ദര രാത്രികള്‍, റിംഗ് മാസ്റ്റര്‍, അവതാരം, വില്ലാളി വീരന്, ഇവന് മര്യാദരാമന്, ലൈഫ് ഓഫ് ജോസൂട്ടി, ടൂ കണ്ട്രീസ് (55 കോടി കളക്ഷന്‍ നേടിയ ദിലീപിന്റെ 10 ചിത്രങ്ങളില്‍ ഒന്ന്), കിംഗ് ലയര്‍, പിന്നെയും തുടങ്ങീ ചിത്രങ്ങള്‍ അഭിനയിച്ച ദിലീപിന് ശേഷമുള്ള നാളുകളില്‍ ദിലീപിന് സന്തോഷങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും അവസാനമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീടിരുവരും വ്യക്തി ജീവിതത്തില്‍ ഒന്നിച്ചു. ആദ്യ സിനിമയിലെ നായികയെ സ്വന്തമാക്കിയ ദിലീപ് പിന്നീട് കാവ്യയുമായി അടുക്കുകയായിരുന്നു. 1998 ഒക്ടോബര്‍ 20നായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് മഞ്ജുവിന്റെ കഴുത്തില്‍ താലികെട്ടിയത്. എന്നാല്‍ ഇരുവരുടെയും ജീവിതത്തിനിടയില്‍ കാവ്യ കല്ലുകടിയായി. കാവ്യയുമൊന്നിച്ചുള്ള ദിലീപ് ചിത്രങ്ങള്‍ വര്‍ദ്ധിച്ചതോടെ ദിലീപ്-മഞ്ജു ദാമ്പത്യത്തിന് വിള്ളല്‍ ഏല്‍ക്കുകയായിരുന്നു. സിനിമാലോകം കണ്ടതില്‍ ഏറ്റവും വലിയ വിവാദങ്ങളില്‍ ഇടംപിടിച്ച താരജോഡികളായിരുന്നു ദിലീപും കാവ്യയും. വിവാദങ്ങള്‍ക്കൊടുവില്‍ 2015 ജനുവരി 31ന് ദിലീപും മഞ്ജുവും നിയമപരമായി വേര്‍പിരിഞ്ഞു. ഇരുവര്‍ക്കുമായുള്ള മകള്‍ മീനാക്ഷി അന്നും ഇന്നും എന്നും അച്ഛനൊപ്പമായിരുന്നു.
നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ദിലീപും കാവ്യയും ഒടുവില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് 2016 നവംബര്‍ 25ന് വിവാഹിതരായി. പെട്ടെന്നുള്ള ഈ വിവാഹത്തെ തുടര്‍ന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിന് ഇരയായി. പിന്നീട് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ആരോപണ വിധേയനാകുകയും ജൂലായ് 10ന് റിമാന്‍ഡിലാകുകയും ചെയ്തു. തുടര്‍ന്ന് 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നതും. ജാമ്യത്തിലിറങ്ങിയ ദിലീപ് പിന്നെ ചിത്രീകരണ തിരക്കുകളില്‍ ഏര്‍പ്പെട്ടു. പുറത്തിറങ്ങിയ ദിലീപ് കമ്മാരസംഭവം സെറ്റിലാണ് ആദ്യമെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന സാഹചര്യത്തിലായിരുന്നു ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീലയുടെ പ്രദര്‍ശനം. പ്രതിസന്ധികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവിലായിരുന്നു രാമലീലയുടെ പ്രദര്‍ശനം. പ്രതിസന്ധികളിലൂടെ നീങ്ങിയ രാമലീല തിയേറ്ററുകളിലെത്തിയപ്പോള്‍ ദിലീപിന്റെ കെരിയര്‍ ബെസ്റ്റും സൂപ്പര്‍ ഹിറ്റുമായി ചിത്രം. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം 14 കോടി മുതല്‍ മുടക്കിലായിരുന്നു ചിത്രീകരണം. 15 ദിവസം കൊണ്ട് കേരളത്തില്‍ നിന്നും 27.12 കോടി രൂപ ഗ്രോസ് നേടിയ ചിത്രം മലയാളത്തില്‍ അതിവേഗം 25 കോടി നേടുന്ന നാലാമത്തെ ചിത്രമായി മാറി.
റിമാന്‍ഡിലായ സാഹചര്യത്തില്‍ പാതിവഴിയിലായ സിനിമകളുടെ ചിത്രീകരണ തിരക്കുകളിലാണിപ്പോള്‍ ദിലീപ്.