Tuesday 19 March 2024




ജയില്‍ വാസം നീളും....ദിലീപിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നിയന്ത്രണം കാവ്യയെ ഏല്‍പ്പിക്കും

By Farsana Jaleel.11 Sep, 2017

imran-azhar

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നിയന്ത്രണം കാവ്യയെ ഏല്‍പ്പിക്കാന്‍ തീരുമാനം. കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ട് മാസം പിന്നിട്ടു. ഇതിനിടെ മൂന്ന് തവണ ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. ഇനിയും തനിക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ദിലീപിന് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്ത ശേഷം ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയ സാഹചര്യത്തില്‍ വീണ്ടും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളാനുള്ള സാധ്യതയേറെയാണ്. സിനിമാ താരങ്ങളുടെ ജയില്‍ സന്ദര്‍ശനവും ഗണേഷ് കുമാറിന്റെ പരസ്യ പ്രസ്താവനയും ദിലീപിന് തിരിച്ചടിയാകുന്നു. ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചാല്‍ ഒരു മാസത്തിനകം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കാം. കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് വിചാരണ കഴിയുന്നത് വരെ ജയിലില്‍ കഴിയേണ്ടി വരും. കോടതി ദിലീപിനെ കുറ്റക്കാരമെന്ന് കണ്ടെത്തിയാല്‍ ദിലീപിന്റെ ജയില്‍വാസം നീളും.

 

ദിലീപിന്റെ ജയില്‍ വാസം ഇനിയും നീളുമെന്ന ആശങ്കയെ തുടര്‍ന്നാണ് ബിസിനസ് സ്ഥാപനങ്ങളുടെ നിയന്ത്രണം കാവ്യയെ ഏല്‍പ്പിക്കാന്‍ തീരുമാനമാകുന്നത്. കാവ്യയെയും മാനേജര്‍ അപ്പുണ്ണിയെയും ഏല്‍പ്പിക്കാനാണ് ദിലീപിന്റെ തീരുമാനം. ബിസിനസ് സംബന്ധമായ കണക്കുകള്‍ ജയിലിലെത്തി അറിയിക്കണമെന്നും ദിലീപ് നിര്‍ദേശിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, സിനിമാ നിര്‍മ്മാണ കമ്പനികള്‍, ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റര്‍, ദേ പുട്ട് തുടങ്ങീ 1000 കോടിയുടെ ബിസിനസ് ഇടപാടുകള്‍ ദിലീപിന് ഉണ്ടെന്നാണ് കണക്ക്.