By Online Desk.04 Oct, 2017
ദിലീപിന് ജാമ്യം ലഭിച്ചതോടെ റിലീസ് മുടങ്ങിയ താരത്തിന്റെ ചിത്രങ്ങളും പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങി. ഇതില്‍ ആദ്യം പുറത്തിറങ്ങുക സഞ്ചാരി എന്ന ചിത്രമാകും. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത "രാമലീല" ബോക്സ് ഓഫീസിൽ മികച്ച നിലയിൽ മുന്നേറുന്നു.
അശോക് കുമാര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന സഞ്ചാരിയുടെ ചിത്രീകരണം നേരത്തേ പൂര്‍ത്തിയായിരുന്നു. ആറ് കോടിയോളം രൂപ ചെലവിട്ട ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ റിലീസ് പ്രഖ്യാപിക്കും.
ഗോകുലം മൂവീസിന്റെ കമ്മാരസംഭവം വൈകാതെ റിലീസാകും. രതീഷ് അന്പാട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായെന്ന് അറിയുന്നു. മറ്റ് ജോലികള്‍ കൂടി പൂര്‍ത്തിയായാല്‍ റിലീസാകും. ഇരുപത് കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കമ്മാര സംഭവം ഓണത്തിന് തിയേറ്ററിലെത്തിക്കാമെന്നാണ് കരുതിയിരുന്നത്.
മറ്റൊരു ചിത്രമായ പ്രോഫ. ഡിങ്കന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവാണ് സംവിധാനം. ആദ്യ ഘട്ടം ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായിരുന്നു. ഇനിയുളള ഭാഗങ്ങള്‍ വിദേശത്ത് ചിത്രീകരിക്കേണ്ടതാണ്. എന്നാല്‍ ജാംജ്യവ്യവസ്ഥ പ്രകാരം ദിലീപിന് രാജ്യം വിടാന്‍ കഴിയില്ല.