Thursday 21 June 2018

പൃഥ്വിയുടെ താരമൂല്യം ഇരട്ടി

By V.G.Nakul.27 Feb, 2017

imran-azhar

 


എസ്ര പ്രേക്ഷകര്‍ ആര്‍പ്പു വിളികളോടെ സ്വീകരിച്ചതിനെത്തുടര്‍ന്ന് പൃഥ്വിരാജിന്റെ താരമൂല്യം ഇരട്ടിയായി. നടന്‍ എന്ന നിലയിലും, വിപണി സാധ്യതയുള്ള താരം എന്ന നിലയിലും പൃഥ്വിരാജിന് കൂടുതല്‍ കരുത്തു പകരുകയാണ് എസ്ര. അഭിനേതാവ് എന്നതിനപ്പുറം സിനിമയുടെ മറ്റ് മേഖലകളിലും സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ് താരം.


മലയാളസിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ മെഗാഹിറ്റുകളിലൊന്നാണ് എസ്ര. കളക്ഷനിലും ചിത്രം വന്‍ നേട്ടമാണ്. ആദ്യ വാരം 15.02 കോടിയാണ് ചിത്രം നേടിയത്. ബോക്‌സോഫീസ് റെക്കാര്‍ഡ് പ്രകാരം ഇത് മലയാളത്തിലെ ആദ്യ വാര കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് പുലി മുരുകന്‍; മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒപ്പം, പ്രേമം, ചാര്‍ളി എന്നിവ എസ്രയ്ക്ക് തൊട്ടുപിന്നില്‍.


ഫെബ്രുവരി 10 നാണ് നവാഗതനായ ജയകൃഷ്ണന്‍ എന്ന ജെയ്.കെ എഴുതി സംവിധാനം ചെയ്ത ഹൊറര്‍ ത്രില്‌ളര്‍ എസ്ര തിയേറ്ററുകളിലെത്തിയത്. കേരളത്തില്‍ 125 തിയേറ്ററുകളില്‍ നിന്ന് 2.65 കോടി സ്വന്തമാക്കി മലയാളത്തിലെ ആദ്യദിന കളക്ഷനില്‍ മൂന്നാം സ്ഥാനത്തെത്തി എസ്ര. ഒന്നാം സ്ഥാനത്ത് 4.05 കോടിയുമായി പുലിമുരുകനും, രണ്ടാം സ്ഥാനത്ത് 2.71 കോടിയുമായി ജോമോന്റെ സുവിശേഷങ്ങളും നിലയുറപ്പിക്കുമ്പോള്‍ 2.62 കോടിയുമായി മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ നാലാമതാണ്.


കൊച്ചി മള്‍ട്ടി പ്‌ളക്‌സുകളില്‍ നിന്ന് ആദ്യ ദിനം എസ്ര നേടിയത് 16.82 ലക്ഷമാണ്. കേരളമൊട്ടുക്ക് ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ഗ്രോസ് കളക്ഷന്‍ 8.57 കോടിയാണ്. ശനിയാഴ്ച 2.91 കോടിയും, ഞായറാഴ്ച 3.01 കോടിയുമാണ് എസ്ര നേടിയത്. കൊച്ചി മള്‍ട്ടി പ്‌ളക്‌സുകളില്‍ (പി.വി.ആര്‍ സിനിമാസ്, സിനി പോളിസ്, സിനി മാക്‌സ്, പാന്‍ സിനിമാസ് ക്യൂ സിനിമാസ്) വേഗത്തില്‍ ഒരു കോടി നേട്ടമുണ്ടാക്കിയ ചിത്രമെന്ന റെക്കോഡും എസ്രയ്ക്ക് സ്വന്തം. 10 ദിവസത്തിനുള്ളില്‍ 1.41 കോടി രൂപയാണ് എസ്രയ്ക്ക് കൊച്ചി മള്‍ട്ടിപ്‌ളക്‌സുകളില്‍ നിന്നും ലഭിച്ചത്. തിരുവനന്തപുരം ഏരീസ് പ്‌ളക്‌സില്‍ നിന്നും 10 ദിവസത്തിനുള്ളില്‍ 54.87 ലക്ഷം രൂപ ലഭിച്ചു.


വേറിട്ട ഹൊറര്‍ ത്രില്ലറെന്ന നിലയില്‍ എസ്രയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. വ്യത്യസ്തമായ ആഖ്യാനമാണ് ചിത്രത്തിന്റേത്. മലയാളികള്‍ക്ക് സുപരിചിതമല്‌ളാത്ത ജൂത മത പശ്ചാത്തലത്തില്‍ കഥ പറയുന്നതും, അതിലെ മിത്തുകളിലേക്കും, ആചാരങ്ങളിലേക്കും കടന്നു ചെല്‌ളുന്നതും എസ്രയുടെ സവിശേഷതയാണ്. പ്രിയ ആനന്ദാണ് നായിക. ടൊവീനോ തോമസ്, സുജിത്, ബാബു ആന്റണി, വിജയരാഘവന്‍, സുദേവ് നായര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഫെബ്രുവരി 17 നാണ് കേരളത്തിനു പുറത്ത് 154 തിയേറ്ററുകളില്‍ എസ്ര പ്രദര്‍ശനത്തിനെത്തിയത്. അതില്‍ മുംബൈ, ബാംഗ്‌ളൂര്‍, സൂററ്റ്, ലൂധിയാന, ഗ്വാളിയോര്‍, ജെയ്പൂര്‍, ഡല്‍ഹി, ലക്‌നൗ, ഇന്‍ഡോര്‍, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി പ്രധാന നഗരങ്ങളിലെ തിയേറ്ററുകളുമുണ്ട്. ഒരു മലയാളം സിനിമയ്ക്ക് അപൂര്‍വ്വമായി ലഭിക്കുന്ന റിലീസിംഗ് സാധ്യതയാണിത്. യു.എ.ഇ യില്‍ ദുബായ്, അജ്മന്‍, ഫുജൈറ, അബുദാബി എന്നീ പ്രധാന കേന്ദ്രങ്ങളിലും ചിത്രമെത്തി. എല്‌ളായിടത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉക്രെയിനനില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയും എസ്രയാണ്.


ചിത്രത്തിനിപേ്പാഴും വന്‍ തിരക്കുണ്ട്. ട്രേഡ് നിരീക്ഷകരുടെ അഭിപ്രായത്തില്‍ വരും ദിവസങ്ങളില്‍ എസ്ര കൂടുതല്‍ കളക്ഷന്‍ നേടി വലിയ ലാഭമാകും. അങ്ങനെയായാല്‍ പൃഥ്വിയുടെ ഏറ്റവും വലിയ സോളോ ഹിറ്റായ എന്ന് നിന്റെ മൊയ്തീനെ എസ്ര പിന്തള്ളും. എന്ന് നിന്റെ മൊയ്തീന്‍ 60 കോടിക്ക് മേല്‍ ഗ്രോസ്‌സ്് കളക്ഷന്‍ നേടിയിരുന്നു.


എസ്രയുടെ വിജയം പൃഥ്വിരാജിന്റെ കരിയറില്‍ പുതിയ ഉണര്‍വ്വാണ് നല്‍കുന്നത്. പോയ വര്‍ഷം നാല് ചിത്രങ്ങള്‍ താരത്തിന്റേതായി തിയേറ്ററിലെത്തിയപേ്പാള്‍ അതില്‍ പാവാട മാത്രമാണ് ജനകീയമായത്. ചിത്രം പൃഥ്വിരാജിന്റെ വേറിട്ട പ്രകടനത്താലും കയ്യടി നേടി. കളക്ഷനിലും പാവാട നേട്ടമായിരുന്നു. എന്നാല്‍ പ്രതീക്ഷയോടെയെത്തിയ ഡാര്‍വിന്റെ പരിണാമം , ജയിംസ് ആന്‍ഡ് ആലീസ്, ഊഴം എന്നിവ തിയേറ്ററുകളില്‍ വീണു. അതുകൊണ്ട് തന്നെ പുതു വര്‍ഷത്തില്‍ ഒരു വന്‍ വിജയം അദ്ദേഹത്തിന് ആവശ്യമായിരുന്നു. അത് എസ്രയിലൂടെ യാഥാര്‍ത്ഥ്യമായി. 2015 ല്‍ എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളിലൂടെ ഹാട്രിക് വിജയം നേടിയാണ് പൃഥ്വി യുവാക്കള്‍ക്കിടയില്‍ താരപ്പട്ടമുറപ്പിച്ചത്. പാവാടയും, എന്ന് നിന്റെ മൊയ്തീനും കുടുംബപ്രേക്ഷകര്‍ക്കിടയിലും അദ്ദേഹത്തിന് സ്വീകാര്യതയുണ്ടാക്കി.


മൂന്ന് മുതല്‍ നാല് കോടി വരെയാണ് പൃഥ്വിയുടെ സാറ്റലൈറ്റ് മൂല്യം. ആദ്യ ദിന കളക്ഷനില്‍ പൃഥ്വിരാജ് ചിത്രങ്ങള്‍ ഭേദപെ്പട്ട പ്രകടനം കാഴ്ചവയ്ക്കാറുമുണ്ട്. ഒന്നര മുതല്‍ രണ്ട് കോടിവരെയാണ് താരം പ്രതിഫലമായി കൈപ്പറ്റുന്നത്. എന്നാല്‍ സിനിമകളുടെ ബഡ്ജറ്റും, ചിത്രീകരണ ദിവസങ്ങളും പരിഗണിച്ച് പ്രതിഫലക്കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്നു. മികച്ച തിരക്കഥകള്‍ ലഭിച്ചാല്‍ നല്‌ള ചിത്രങ്ങളുടെ ഭാഗമാകുന്നതിന് വിജയപരാജയങ്ങള്‍ പരിഗണിക്കാതെ പ്രതിഫലക്കാര്യത്തിലുള്‍പ്പടെ വിട്ടുവീഴ്ചയ്ക്കും പൃഥ്വി തയ്യാര്‍. ഔട്ട് ഒഫ് കേരള മാര്‍ക്കറ്റിലും ഓവര്‍സീസ്മാര്‍ക്കറ്റിലുംപൃഥ്വിരാജ് ചിത്രങ്ങള്‍ക്ക് മികച്ച കച്ചവട സാധ്യതയുണ്ട്. തമിഴ്, ഹിന്ദി സിനിമകളിലും തന്റെ സാന്നിധ്യമറിയിക്കുവാന്‍ സാധിച്ചതിനാലാണിത്. എസ്രയ്ക്ക് ശേഷം അത് ഇരട്ടിയായി.


നടന്‍ എന്നതിനൊപ്പം സിനിമയുടെ മറ്റ് പ്രധാന മേഖലകളിലും സജീവ സാന്നിധ്യമാകുവാനുള്ള തയ്യാറെടുപ്പിലാണ് താരം. നിര്‍മ്മാതാവ് എന്ന നിലയില്‍ പൃഥ്വി തന്റെ സ്ഥാനം അടയാളപെ്പടുത്തിക്കഴിഞ്ഞു. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, ആര്യ, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പത്തോളം ചിത്രങ്ങള്‍ പൃഥ്വി നിര്‍മ്മിച്ചു. പോയ വര്‍ഷം രണ്ട് ചിത്രങ്ങള്‍ക്ക് ആഗസ്റ്റ് സിനിമ പണം മുടക്കിയപേ്പാള്‍ അതില്‍ അനുരാഗക്കരിക്കിന്‍ വെള്ളം വലിയ വിജയമായി. എന്നാല്‍ ഡാര്‍വ്വിന്റെ പരിണാമം അത്രയും വലിയ ഹിറ്റായില്ല. മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തുന്ന ദി ഗ്രേറ്റ് ഫാദറാണ് ആഗസ്റ്റ് സിനിമയുടെ പുതിയ സംരംഭം. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ഈ മാസ് ത്രില്‌ളര്‍ ഈ വര്‍ഷത്തെ വന്‍ റിലീസുകളിലൊന്നാണ്.


സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം പൃഥ്വി മുന്‍പേ വ്യക്തമാക്കിയിട്ടുള്ളതാണ്. നല്‌ള തിരക്കഥ ലഭിച്ചാല്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ സിറ്റി ഒഫ് ഗോഡ് എന്ന ചിത്രം പൃഥ്വി സംവിധാനം ചെയ്യുന്നു എന്ന് വാര്‍ത്തയുണ്ടായെങ്കിലും പിന്നീടത് പൃഥ്വിരാജിനെയും, ഇന്ദ്രജിത്തിനെയും നായകന്‍മാരാക്കി ലിജോ ജോസ് പല്‌ളിശേ്ശരിയാണ് സംവിധാനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ തിരുവോണ നാളില്‍ പൃഥ്വി തന്റെ ആദ്യ സംവിധാന സംരംഭം പ്രഖ്യാപിച്ചു. ഒരു പക്ഷേ അടുത്തിടെ മലയാള സിനിമയില്‍ ഇത്രയേറെ ശ്രദ്ധേയമായ ഒരു സിനിമാ പ്രഖ്യാപനം ഉണ്ടായിട്ടില്‌ള. ലൂസിഫര്‍ എന്ന പേരില്‍ പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന് മുരളി ഗോപിയാണ് തിരക്കഥയെഴുതുന്നത്. വലിയ ബഡ്ജറ്റില്‍ അടുത്ത വര്‍ഷമാകും ചിത്രീകരണമാരംഭിക്കുക. അതിന് മുന്‍പ് നടനെന്ന നിലയില്‍ ഏറ്റെടുത്ത സിനിമകള്‍ അദ്ദേഹത്തിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

"ഞാന്‍ ആഗ്രഹിച്ച രീതിയിലുള്ള ഒരു സിനിമയായിരിക്കും ലൂസിഫര്‍. ഒരു സിനിമയില്‍ അഭിനയിക്കുമ്പോഴുള്ള അതേ എക്സൈറ്റമെന്റോടെയാണ് സംവിധാനത്തിലേക്കും കടക്കുന്നത്. സിനിമയില്‍ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയര്‍ന്ന തലം സംവിധാനത്തിലാണെന്നു വിശ്വസിക്കുന്നു. ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷന്‍ തയ്യാറെടുപ്പുകള്‍ ഈ വര്‍ഷമാരംഭിക്കും. "" പൃഥ്വിരാജ് പറഞ്ഞു.

 

ബോളിവുഡില്‍ നിന്ന് നാം ഷബാനയാണ് പൃഥ്വിയുടെതായി ഇനി തിയേറ്ററുകളിലെത്തുന്ന ചിത്രം. തപ്‌സി പന്നുവിനെ നായികയാക്കി ശിവം നായര്‍ സംവിധാനം ചെയ്യുന്ന ഈ ത്രില്‌ളറില്‍ പൃഥ്വിക്ക് അതിഥി വേഷമാണ്. വില്‌ളന്‍ സ്വഭാവമുള്ള കഥാപാത്രമാകും ഇത്. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയുടെ പോര്‍ച്ചുഗലിലെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് തിരികെയെത്തിയ പൃഥ്വിരാജ് ഹൈദരാബാദില്‍ ജി.എസ് കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ പൂര്‍ത്തിയാക്കി.

 

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന മൈ സ്‌റ്റോറി ഒരു റൊമാന്റിക് ഡ്രാമയാണ്. രണ്ട് കാലഘട്ടത്തിലായി കഥ പറയുന്ന ഈ ചിത്രത്തിലെ നായിക പാര്‍വ്വതിയാണ്. അടുത്ത ഷെഡ്യൂള്‍ ഏപ്രിലില്‍ പോര്‍ച്ചുഗലില്‍ ആരംഭിക്കും. മുരളി േഗാപിയാണ് ടിയാന്റെ തിരക്കഥാകൃത്ത്. ചിത്രത്തില്‍ ഇന്ദ്രജിത്തും, ഷൈന്‍ ടോം ചാക്കോയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനന്യയാണ് നായിക. വന്‍ ബഡ്ജറ്റില്‍ രാമോജി റാവു ഫിലിം സിറ്റിയില്‍ ബഹുഭൂരിപക്ഷവും ചിത്രീകരിക്കുന്ന ടിയാന്‍ പൃഥ്വിക്ക് വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ്.

നവാഗതനായ പ്രദീപ് നായര്‍ എഴുതി സംവിധാനം ചെയ്യുന്ന വിമാനമാണ് പൃഥ്വിയുടെ ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ. നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദവും ഉടന്‍ തുടങ്ങും. ആദത്തില്‍ ഭാവനയാണ് നായിക. ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷന്‍ ആസ്‌ട്രേലിയയാണ്.

 

കര്‍ണ്ണനാണ് പൃഥ്വിയുടേതായി അണിയറയിലൊരുങ്ങുന്ന വന്‍ ചിത്രം. ആര്‍.എസ് വിമല്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അറുന്നൂറു കോടി ബഡ്ജറ്റിലാണൊരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. രാമോജി റാവു ഫിലിം സിറ്റിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പൃഥ്വി ഒരു വര്‍ഷം കര്‍ണ്ണനു വേണ്ടി മാറ്റി വയ്ക്കും എന്നാണറിയുന്നത്. ബന്യാമിന്റെ പ്രശസ്ത നോവലായ ആടു ജീവിതത്തിന്റെ ചലച്ചിത്ര രൂപമാണ് പൃഥ്വിയുടെ മറ്റൊരു വന്‍ ്രേപാജക്ട്. ബ്‌ളസിയാണ് ആടു ജീവിതം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്‌ള. കലാഭവന്‍ ഷാജോണ്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലും പൃഥ്വി അഭിനയിക്കുന്നുണ്ട്.