Monday 23 October 2017

സ്വന്തം അമ്മയാണോ ഭാര്യയാണോ മകളാണോ സഹോദരിയാണോ എന്ന് ആട്ടിന്‍ തോലിട്ട ചെന്നായകള്‍ക്ക് തിരിച്ചറിയാനാകില്ല; അശ്ലീല സന്ദേശം അയച്ച യുവാവിന് ചുട്ടമറുപടിയുമായി യുവനടി

By Farsana Jaleel.12 Oct, 2017

imran-azhar

 

അശ്ലീല സന്ദേശമയച്ച യുവാവിന് ചുട്ടമറുപടിയുമായി യുവ നടി ദുര്‍ഗ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം സര്‍വ്വ സാധാരണം. സിനിമാതാരങ്ങളും ഇതിനിരകളാണ്. തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് ദുര്‍ഗ കൃഷ്ണ. പൃഥ്വിയുടെ പുതിയ ചിത്രമായ വിമാനത്തിലെ നായികയാണ് ദുര്‍ഗ കൃഷ്ണ. അശ്ലീല സന്ദേശമയച്ച യുവാവിന്റെ അയാളുടെ മെസേജും സ്‌ക്രീന്‍ ഷോട്ടടക്കം ഫെയ്‌സ്ബുക്ക് പേജും ദുര്‍ഗ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

 

ദുര്‍ഗയുടെ പോസ്റ്റ് വായിക്കാം-

 

ഞാന്‍ ദുര്‍ഗ കൃഷ്ണ. കോഴിക്കോട് ആണ് വീട്. ഞാനും നിങ്ങളില്‍ ഒരാളാണ്. നിങ്ങളുടെ സഹോദരിയാണ്. എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണ് യഥാര്‍ത്ഥ സഹോദരന്മാര്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് പലരും. രാത്രിയാകുമ്പോള്‍ അവരുടെ തനിനിറം പുറത്തുവരും. ഇവരുടെ ഇരകള്‍ സ്വന്തം അമ്മയാണോ ഭാര്യയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും ഈ ചെന്നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ ലൈംഗിക വൈകൃതങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കുക.

 

വൃത്തികെട്ട ചിത്രങ്ങള്‍, വിഡിയോ, മെസേജ് തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഈ വൈകൃതം പ്രകടിപ്പിക്കുന്നത്. അവര്‍ക്ക് അതില്‍ ഇരയുടെ പ്രായമോ ബന്ധമോ നിറമോ മതമോ ഒന്നും പ്രശ്‌നമില്ല. കഴിഞ്ഞ രാത്രി നാണം കെട്ടൊരു സംഭവം നടന്നു. സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്ന ഈ യുവാവ് ഇതുപോലുള്ള സന്ദേശങ്ങളും വിഡിയോയും അയച്ചുകൊണ്ടിരുന്നു.

 

എന്റേതായ ലക്ഷ്യബോധമുള്ള ഒരു സ്ത്രീയാണ് ഞാന്‍. എന്നെ സങ്കടപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു സ്ത്രീപക്ഷവാദിയല്ല. പക്ഷെ എനിക്ക് ഉറപ്പുള്ള ഒരു നട്ടെല്ലുണ്ട്. ഒരു നല്ല കുടുംബവും വിശ്വസ്തരായ ഒരു കൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു..

 

എന്റെ സഹോദരന്‍മാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ കൗമാര പ്രായത്തില്‍ പല കുസൃതിത്തരങ്ങളിലൂടെയായിരിക്കും കടന്നുപോയിരിക്കുക. പക്ഷേ, ഇത്തരം ഭ്രാന്തന്‍മാരില്‍ നിന്ന് നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കാന്‍ കൂട്ടായി നില്‍ക്കാം. ഇപ്പോള്‍ നമുക്കൊരു മാറ്റം കൊണ്ടുവന്നാല്‍ നാളെ ഈ വൈകൃതക്കാരുടെ ഇര ഉണ്ടാകില്ല.