Monday 25 October 2021




മലയാള സിനിമയിലെ പ്രണയ ജോഡികള്‍

By Farsana Jaleel.11 Feb, 2017

imran-azhar

 

മനുഷ്യര്‍ക്ക് മാത്രമല്ല പ്രണയം........പൂവുകള്‍ക്കും, പൂമ്പാറ്റകള്‍ക്കും, പറവകള്‍ക്കും അങ്ങനെ ആകാശത്തിന് കീഴിലുള്ള ഏതൊരു ജീവിയ്ക്കും പ്രണയമുണ്ട്. അവ പ്രകടമാക്കുന്ന വിധം വ്യത്യസ്തമാണെന്ന് മാത്രം. മനുഷ്യനുണ്ടായ കാലം തൊട്ടെ പ്രണയമുണ്ട്. സ്ത്രീയും പുരുഷനും എവിടെയുണ്ടോ അവിടെ പ്രണയമുണ്ട്. അവയില്‍ ചില പ്രണയങ്ങള്‍ പൂവണിയും.....ചിലത് ശിഥിലമാകും. മലയാള സിനിമയിലുമുണ്ട് അതുപോലെ ചില പ്രണയങ്ങള്‍. എക്കാലത്തെയും പ്രണയ ജോഡികളായി ആരാധകര്‍ നെഞ്ചിലേറ്റിയ ആ പ്രണയ ജോഡികളെ പരിചയപ്പെടാം.

 

പ്രേം നസീര്‍-ഷീല

മലയാള സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം. അന്ന് ഇന്നത്തെ പോലെ അത്യാധുനിക സാങ്കേതിക വിദ്യകളൊന്നുമില്ല. മൊബൈലോ ഇന്റര്‍നെറ്റോ ഒന്നുമില്ല.....പ്രണയിതാകള്‍ക്ക് സന്ദേശം കൈമാറാനുള്ള ഒരേയൊരു മാര്‍ഗം കത്തുകള്‍ മാത്രമായിരുന്നു. അക്കാലത്തെ സിനിമകളും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ പ്രേം നസീറിന്റെ സിനിമകളില്‍ പ്രണയത്തിന് പുതിയൊരു മുഖം കൂടി നല്‍കി. മരം ചുറ്റി പ്രണയം. നസീറിന്റെ സിനിമകളിലെ പ്രണയരംഗങ്ങളെല്ലാം മരം ചുറ്റി പ്രണയമായിരിക്കും. നസീറിന് കൂട്ടായി ഷീലയുമുണ്ടാകും. അന്ന് പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ തെളിയുന്ന രണ്ട് മുഖങ്ങളാണ് പ്രേം നസീറിന്റെയും ഷീലയുടെയും.


പഴയകാല സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രണയ ജോഡികളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ രണ്ട് മുഖങ്ങളായിരുന്നു ഇവരുടേത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായിരുന്നു പ്രേം നസീറും ഷീലയും. കള്ളിച്ചെല്ലമ്മ, കാവ്യമേള, ഭാര്യമാര്‍ സൂക്ഷിക്കുക തുടങ്ങീ 130 ഓളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ പ്രണയജോഡികളായി ഒന്നിച്ചെത്തിയെന്ന റെക്കോര്‍ഡും ഈ പ്രണയ ജോഡികള്‍ സ്വന്തമാക്കി.

 

സത്യന്‍-ശാരദ

മലയാള സിനിമയില്‍ ഒരുകാലത്ത് നായകന്‍ സത്യനെന്ന് കേട്ടാല്‍ നായിക സ്ഥാനത്തേയ്ക്ക് പ്രേക്ഷകരുടെ മനസ്സില്‍ തെളിയുന്ന മുഖം ശാരദേയുടേതായിരുന്നു. അടിമകള്‍, യക്ഷി, സ്ത്രീ, കുറ്റവാളി, മനസ്വിനി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ പക്വതയാര്‍ന്ന അഭിനയം കാഴ്ച്ചവെച്ച് ഇരുവരും ഏവരുടെയും പ്രിയ ജോഡികളായി മാറിയിരുന്നു.

 

മധു-ശ്രീവിദ്യ

അറുപതോളം സിനമകളില്‍ ഒന്നിച്ചെത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച മധുവും ശാരദയും മലയാളികള്‍ക്കും, മലയാള സിനിമയ്ക്കും മികച്ച താരജോഡികളായിരുന്നു. തന്റെ നായികമാരില്‍ കാവ്യഭംഗിയുള്ളൊരു നായികയായിരുന്നു ശ്രീവിദ്യയെന്നും ശ്രീവിദ്യയ്ക്ക് വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു എന്നുമാണ് ഒട്ടേറെ ചിത്രങ്ങളില്‍ തന്റെ പ്രണയജോഡിയായി തിളങ്ങിയ ശ്രീവിദ്യയെ കുറിച്ച് മധുവിന് പറയാനുള്ളത്.

 

ജയന്‍-സീമ

ഒട്ടുമിക്ക സിനിമകളിലും നായികാ നായകനായി ഒന്നിച്ചെത്തിയ ജയന്‍ സീമ താരജോഡികളെയും നെഞ്ചിലേറ്റാന്‍ ആരാധകര്‍ മറിന്നില്ല. സിനിമയ്ക്കുള്ളില്‍ നായകനായിരുന്നെങ്കിലും സിനിമയ്ക്ക് പുറത്തുള്ള യഥാര്‍ത്ഥ ജീവിതത്തില്‍ സീമ ജയനെ ഒരു സഹോദരനായാണ് കണ്ടിരുന്നത്. അങ്കക്കുറി, കരിമ്പന, അങ്ങാടി, തുടങ്ങീ നിരവധി സിനിമകളില്‍ ഇരുവരും ക്യാമറ പങ്കിട്ടിട്ടുണ്ട്.

 

ശങ്കര്‍-മേനക

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു ശങ്കറും മേനകയും. ഇവര്‍ ഒന്നിച്ചെത്തുന്ന സിനിമകള്‍ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പൂച്ചയ്‌ക്കൊരു മൂക്കുത്തി, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു തുടങ്ങീ സിനിമകളിലൂടെയാണ് കാമുകിയെയും കൊണ്ട് ബൈക്കില്‍ ചുറ്റികറങ്ങുന്ന കാമുകനെ മലയാളികള്‍ ആദ്യമായി കാണുന്നത്.

 

മമ്മൂട്ടി-സുഹാസിനി

ആദാമിന്റെ വാരിയെല്ല്, അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ തുടങ്ങീ എട്ടുസിനിമകളിലാണ് മമ്മൂട്ടിയും സുഹാസിനിയും താരജോഡികളായെത്തുന്നത്. അക്കാലത്ത് മമ്മൂട്ടിയുടെ നായികയായി പ്രേക്ഷകര്‍ പറയുന്നത് സുഹാസിനിയെയായിരുന്നു.

 

മോഹന്‍ലാല്‍-ശോഭന

തേന്മാവിൻ കൊമ്പത്, മായാമയൂരം, മിന്നാരം, നാടോടിക്കാറ്റ് തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും.

 

ജയറാം-ഉര്‍വ്വശി

മലയാള സിനിമയില്‍ മാത്രമല്ല തമിഴ് സിനിമകളിലും പ്രണയ ജോഡികളായി ഒന്നച്ചഭിനയിച്ച ജയറാമും ഉര്‍വ്വശിയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങള്‍ കൂടിയാണ്. കടിഞ്ഞൂല്‍ കല്യാണം, ചക്കിക്കൊത്ത ചങ്കരന്‍, മാളൂട്ടി, പൊന്‍മുട്ടയിടുന്ന താറാവ് നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചെത്തിയിരുന്നു.

 

കുഞ്ചാക്കോ ബോബന്‍-ശാലിനി

തൊണ്ണൂറുകളില്‍ അനിയത്തിപ്രാവ്, നക്ഷത്രതാരാട്ട്, നിറം, പ്രേം പൂജാരി എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കുഞ്ചാക്കോ ബോബന്‍-ശാലിനി താരജോഡികള്‍ യുവാക്കള്‍ക്ക് ഹരമായിരുന്നു.

 

ദിലീപ്-കാവ്യ മാധവന്‍

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് ഈ താരജോഡികള്‍ ആദ്യമായി നായികാനായകനായി സ്‌ക്രീന്‍ പങ്കിടുന്നത്. പിന്നീട് മീശമാധവന്‍, കൊച്ചി രാജാവ്, പെരുമഴക്കാലം, തിളക്കം തുടങ്ങീ 25ഓളം സിനിമകളില്‍ ഒന്നിച്ചെത്തിയ ഇരുവരും ഒടുവില്‍ വിവാഹിതരായി.

 

പൃഥ്വിരാജ്-നവ്യാ നായര്‍

നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ പൃഥ്വിയ്ക്കും നവ്യയ്ക്കും ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയായിരുന്നു.

 

നിവിന്‍ പോളി  - നസ്രിയ

യുവ എന്ന ആല്‍ബത്തിലെ നെഞ്ചോട് ചേര്‍ത്ത് എന്ന ഗാനത്തിലൂടെ ഒന്നിച്ച് അഭിനയ ലോകത്ത് പറന്നുയര്‍ന്ന നിവിന്‍ പോളിയും നസ്രിയയും യുവതല നെഞ്ചിലേറ്റിയ താരജോഡികളാണ്. നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

 

ദുല്‍ഖര്‍-നിത്യ മേനോന്‍

ഏതു ചിത്രത്തിലായാലും മറ്റ് നടീ നടന്‍മാര്‍ക്കില്ലാത്ത ഒരു കെമിസ്ട്രിയാണ് ദുല്‍ഖര്‍ സല്‍മാന്‍ നിത്യ മേനോന്‍ തമ്മില്‍. ഉസ്താദ് ഹോട്ടല്‍, 100ഡേയ്‌സ് ഓഫ് ലൗവ്, ഒകെ കണ്‍മണി എന്നീ ചിത്രങ്ങളില്‍ പ്രണയ ജോഡികളായെത്തിയ ഇരുതാരങ്ങളും ചുരുങ്ങിയ നാളില്‍ തന്നെ ജനപ്രീതി നേടി.