Tuesday 19 March 2024




മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ജനങ്ങള്‍ ദിലീപിനൊപ്പം: ഗണേഷ് കുമാര്‍

By Farsana Jaleel.04 Oct, 2017

imran-azhar

 

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് പിന്തുണയുമായി ഗണേഷ് കുമാര്‍. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ താര സംഘടനയായ അമ്മയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കി. കേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന മമ്മൂട്ടിയുടെ പ്രസ്താവന ശെരിയല്ലെന്ന് അമ്മയുടെ വൈസ് പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ് കുമാറിന്റെ ഈ വെളിപ്പെടുത്തല്‍. ദിലീപ് അറസ്റ്റിലായ നാള്‍ മുതല്‍ ദിലീപിന് പിന്തുണ നല്‍കിയ ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് ഗണേഷ് കുമാര്‍.

 

ഗണേഷ് കുമാറിന്റെ വാക്കുകളിലേക്ക്-

 

ദിലീപിന് അമ്മയില്‍ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാന്‍ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്. എന്നാല്‍, അമ്മയുടെ നിയമങ്ങള്‍ അനുസരിച്ച് ഇതു സാധ്യമല്ല. അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാന്‍ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവില്‍ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാം.

 

ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ അമ്മയില്‍ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്;- ഗണേഷ് കുമാര്‍ പറഞ്ഞു.