Monday 25 October 2021
പ്രണയം തുറന്നു പറഞ്ഞിട്ടില്ലാത്ത ജയസൂര്യയും സരിതയും......

By V.G.Nakul.13 Feb, 2017

imran-azhar

 

ജയസൂര്യയ്‌ക്കൊപ്പമുള്ള ജീവിതത്തെ " ബ്യൂട്ടിഫുള്‍ " എന്ന ഒറ്റവാക്കില്‍ സരിത നിര്‍വ്വചിച്ചു. നാലു വര്‍ഷത്തെ സൗഹൃദം അതിനിടയിലെപ്പോഴോ പ്രണയം. വിവാഹിതരായിട്ട് പതിമ്മൂന്ന് വര്‍ഷം. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പറയുമ്പോള്‍ ഇരുവരുടെയും കണ്ണുകളില്‍ ഓരോ നിമിഷവും പ്രണയത്തെ കോരിക്കുടിക്കുന്ന നിത്യ പ്രണയികളുടെ തിളക്കം.......


പൂജ്യത്തെ സ്‌നേഹിച്ച പെണ്‍കുട്ടിയാണ് സരിത. ഇരുവരും പരിചയപ്പെടുമ്പോള്‍ ജയസൂര്യ താരമല്ല. സിനിമയില്‍ അഭിനയിച്ചിട്ടില്ല. മിമിക്രിയും, ചാനല്‍ അവതാരകന്റെ ജോലിയുമൊക്കെയായി സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള യാത്ര ആരംഭിച്ചിട്ടേയുള്ളൂ.


മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ ജയലസൂര്യ അവതരിപ്പിച്ചിരുന്ന വാരാന്ത്യ പരിപാടിയുടെ കടുത്ത ആരാധകരായിരുന്നു സരിതയുടെ മുത്തശ്ശിയും, അനിയത്തിയും. അക്കാലത്ത് ബാംഗ്ലൂരില്‍ പഠിക്കുന്ന സരിത അവധിക്ക് നാട്ടിലെത്തുമ്പോള്‍ ജയസൂര്യയെക്കുറിച്ചുള്ള വിശേഷങ്ങള്‍ കേള്‍ക്കുക. കേട്ട് കേട്ട് സരിതയും പരിപാടി കണ്ടു തുടങ്ങി. കൊള്ളാമല്ലോ കക്ഷി...... സരിതയുടെ അമ്മയുടെ വീട് തിരുവനന്തപുരത്താണ്. എല്ലാ ആഴ്ചയിലും അമ്മൂമ്മ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരും. ആ ട്രെയിന്‍ യാത്രയില്‍ വച്ച് പരിപയപ്പെട്ട ശശി എന്ന ചായവില്‍പ്പനക്കാരനോട് ഒരിക്കല്‍ ഈ പരിപാടിയെക്കുറിച്ച് അമ്മൂമ്മ പറഞ്ഞു. ജയസൂര്യയുടെയും സുഹൃത്തായിരുന്ന ശശി ജയസൂര്യയുടെ നമ്പര്‍ വാങ്ങി അമ്മൂമ്മയ്ക്ക് നല്‍കി. നമ്പര്‍ കിട്ടിയതോടെ ജയസൂര്യയും സരിതയും തമ്മില്‍ പരിചയമായി.


പെട്ടെന്ന് പൊട്ടിച്ചിരിയോടെ ജയസൂര്യ ഇടപെട്ടു

"" അങ്ങനെ ഞാന്‍ ശശിയായി. ""

ഉടന്‍ വന്നു സരിതയുടെ കിടിലന്‍ കൗണ്ടര്‍

"" ശശിയല്ല ശശാങ്കന്‍.... ""


ഒരു വെക്കേഷന് നാട്ടിലെത്തിയപ്പോഴാണ് സരിത ആദ്യമായി ജയസൂര്യയെ കാണുന്നത്. അതോടെ സൗഹൃദം ദൃഢമായി.


എങ്ങിനെയാണ് സരിതയും ജയസൂര്യയും പരസ്പരം പ്രണയം തുറന്നു പറഞ്ഞതെന്നറിയാന്‍ ഒരു കൗതുകം. സരിതയാണ് മറുപടി പറഞ്ഞത്.


"" ഇല്ല, ഞങ്ങള്‍ പരസ്പരം പ്രപ്പോസ് ചെയ്തിട്ടില്ല. ഭയങ്കര ഫ്രണ്ട്‌സായിരുന്നു. അതിനിടയിലേപ്പോഴോ പ്രണയം തിരിച്ചറിയുകയായിരുന്നു. ""


സരിത പറയുമ്പോള്‍ ജയസൂര്യ വിശധീകരിച്ചു.


"" ഒരിക്കല്‍ ഇവള്‍ ബാംഗ്ലൂരില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ സമയത്ത് ഞങ്ങള്‍ കൂടുതല്‍ അടുത്തു. തിരിച്ചു േപാകുന്ന സമയത്ത് വിളിച്ച് ജയാ ഞാന്‍ പോകുകയാണെന്നു പറഞ്ഞപ്പോള്‍ ഒരു തേങ്ങല്‍ എനിക്ക് ഫീല്‍ ചെയ്തു. ഒരു വിങ്ങല്‍. നീ കരയുകയാണോയെന്ന് ചോദിച്ചപ്പോള്‍ ഏയ് അങ്ങിനെയൊന്നുമില്ലാന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. അതോടെയാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയമാണെന്ന് തിരിച്ചറിയുന്നത്. അല്ലാതെ ഇഷ്ടമാണെന്നൊന്നും പറഞ്ഞിട്ടേയില്ല. ""


വിവാഹത്തിന് ചെറിയ എതിര്‍പ്പുകളുണ്ടായി. സരിതയുടെ വീട്ടില്‍ പ്രധാനമായും ആശങ്കയുണ്ടാക്കിയത് ഒരു സിനിമക്കാരന് മകളെ വിവാഹം ചെയ്തു കൊടുക്കുന്നതിലുള്ള സംശയങ്ങളായിരുന്നു. എന്നാല്‍ കാലം പോകെ അത് വെറും സംശയം മാത്രമാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായി. വിവാഹം കഴിഞ്ഞ് നാലു ദിവസങ്ങള്‍ക്ക് ശേഷം സരിതയെയും കൂട്ടി ജയസൂര്യ ചതിക്കാത്ത ചന്തുവിന്റെ ലൊക്കേഷനിലെത്തി.....


തങ്ങളുടെ പന്ത്രണ്ടാം വിവാഹ വാര്‍ഷികത്തിന് ജയസൂര്യ നല്‍കിയ സമ്മാനം സരിതയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. പൂജ്യത്തെ സ്‌നേഹിച്ച പെണ്‍കുട്ട എന്ന പേരില്‍ ജയസൂര്യ എഴുതിയ ആ കത്ത് അത്രമേല്‍ പ്രണയത്താല്‍ നിറഞ്ഞതായിരുന്നു.


"" ജയന്‍ വീട്ടിലുള്ളപ്പോള്‍ എല്ലാ വിവാഹവാര്‍ഷികത്തിനും ഞങ്ങള്‍ ഒരുമിച്ച് അമ്പലത്തില്‍ േപാകുന്ന പതിവുണ്ട്. അത്തവണ എത്ര വിളിച്ചിട്ടും ജയന്‍ വന്നില്ല. ചോദിച്ചപ്പോള്‍ എന്തോ എഴുതാനുണ്ടെന്ന് പറഞ്ഞു. സമയം വൈകിയതിനാന്‍ ഞാനും പോയില്ല. അപ്പോഴാണ് ജയന്‍ വന്നിട്ട് ഈ കത്ത് തരുന്നത്. വായിക്കുമ്പോള്‍ എന്താണപ്പോഴത്തെ അനുഭവം എന്ന് പറഞ്ഞറിയിക്കാനേ പറ്റില്ല. "" സരിതയുടെ മുഖത്ത് പ്രണയത്തിന്റെ നിലാവ് പരന്നു.


പൂജ്യത്തെ സ്‌നേഹിച്ച പെണ്‍കുട്ടിയില്‍ നിന്ന് മലയാള സിനിമയിലെ മുന്‍നിര നായകന്റെ ഭാര്യമായി പതിമ്മൂന്ന് വര്‍ഷങ്ങള്‍. ഞങ്ങളിപ്പോഴും പ്രണയിക്കുകയാണ്. പ്രണയിച്ചു കൊണ്ടേയിരിക്കും എന്ന് പറഞ്ഞ് സരിതയെ ചേര്‍ത്ത് പിടിച്ച് ജയസൂര്യ നിന്നു. പശ്ചാത്തലത്തില്‍ "" എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും....... "" എന്ന മനോഹരമായ ഗാനത്തിന്റെ അലകള്‍ തുളുമ്പും പോലെ.....