Saturday 24 September 2022




രണ്ടു സൂപ്പര്‍ താരങ്ങള്‍, അഞ്ചു ഫൈറ്റ് മാസ്റ്റേഴ്‌സ്, വമ്പന്‍ ബജറ്റ്, തരംഗമാകാന്‍ കബ്‌സ

By santhisenanhs.19 Sep, 2022

imran-azhar

 

കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ വിജയം കന്നഡ സിനിമ വ്യവസായത്തിനൊപ്പം ഇന്ത്യന്‍ സിനിമയുടെ തന്നെ വിപണിയില്‍ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. അതുപോലെ വിജയക്കൊടി പാറിക്കാന്‍ കന്നഡയില്‍ നിന്ന് മറ്റൊരു സിനിമ എത്തുകയാണ്, കന്നഡയിലെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയും അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തില്‍ എത്തുന്ന കബ്‌സ എന്ന ചിത്രം. ചിത്രത്തിന്റെ ടീസര്‍ ബാഹുബലി റാണാ ദഗുബതി റിലീസ് ചെയ്തു. ശ്രീ സിദ്ധേശ്വര എന്റര്‍പ്രൈസസിന്റെ ബാനറില്‍ ആര്‍ ചന്ദ്രശേഖര്‍ നിര്‍മ്മിച്ച് എംടിബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ ചന്ദ്രുവാണ്. കെജിഎഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവിബസ്രൂറാണ് കബ്‌സയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

 

 

1947,84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര സമര സേനാനിയുടെ മകന്‍ പ്രത്യേക സാഹചര്യത്തില്‍ അധോലോക സംഘത്തില്‍ എത്തപ്പെടുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാസ് ആക്ഷന്‍ പിരിയോഡിക് എന്റര്‍ടെയിനര്‍ വിഭാഗത്തില്‍പ്പെടുന്ന കബ്‌സയുടെ ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഫൈറ്റ്മാസ്റ്റേഴ്‌സായ പീറ്റര്‍ ഹൈയ്ന്‍, രവിവര്‍മ്മ, റാം ലക്ഷ്മണ്‍, വിജയ്, വിക്രം മോര്‍ തുടങ്ങിയവരാണ്. ഇവര്‍ ഒരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങള്‍ എല്ലാം തന്നെ തീയറ്ററില്‍ തരംഗം തീര്‍ക്കുമെന്നാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. എ ജെ ഷെട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശിവകുമാര്‍ പ്രെഡക്ഷന്‍ ഡിസൈനിങ്ങും മഹേഷ്‌റെഡ്ഡീ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളം പി ആര്‍ ഒ വിപിന്‍ കുമാര്‍.വി.

 

കബ്‌സയില്‍ ശ്രേയ സരണ്‍, കോട്ട ശ്രീനിവാസറാവു, കബിര്‍ദ്ദുഹന്‍ സിംഗ്, മുരളി ശര്‍മ്മ, പോശാനി കൃഷ്ണ മുരളി, ജോണ്‍ കൊക്കന്‍, സുധ, ദേവ്ഗില്‍, കാമരാജന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യന്‍ ഭാഷകളിലായാണ് പ്രദര്‍ശനത്തിന് എത്തുക.