Tuesday 19 March 2024




ദിലീപിനെ കൈപിടിച്ച് സിദ്ദീഖ്....പുമുഖത്ത് സ്‌നേഹാശ്ലേഷവുമായി അമ്മയും കാവ്യയും മീനാക്ഷിയും

By Farsana Jaleel.04 Oct, 2017

imran-azhar

 

നടിയെ ആക്രമിച്ച കേസില്‍ ജയില്‍ മോചിതനായ ദിലീപിന് നാട്ടിലും വീട്ടിലും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 85 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ച ദിലീപിന് വികാര നിര്‍ഭരമായ വരവേല്‍പ്പാണ് കുടുംബാംഗങ്ങള്‍ സമ്മാനിച്ചത്. കുടുംബാംഗങ്ങളും ആരാധകരും ആലുവയിലെ കുടുംബവീടായ പത്മസരോവരത്തില്‍ ഒത്തുകൂടി. ദിലീപ് എത്തിയതോടെ അവിടം വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

 

ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തുവരുമ്പോള്‍ തന്നെ എറണാകുളം പറവൂര്‍ കവലയിലെ പത്മസരോവരം വീട്ടില്‍ സന്തോഷാരവങ്ങള്‍ ഉയര്‍ന്നിരുന്നു. ആര്‍പ്പുവിളിയുടെയും സന്തോഷാരവങ്ങളുടെയും നടുവിലാണ് ദിലീപ് വന്നിറങ്ങിയത്. 
സിദ്ദീഖാണ് ദിലീപിനെ കൈ പിടിച്ച് വീട്ടിലേക്ക് നയിച്ചത്. വീടിന്റെ പൂമുഖത്ത് അമ്മയും കാവ്യ മാധവനും മീനാക്ഷിയും ദിലീപിനെ സ്‌നേഹാശ്ലേഷവുമായി സ്വീകരിച്ചു.

 

വീടിന് ചുറ്റും തടിച്ചു കൂടിയ ആരാധകരെ ദിലീപ് അഭിവാദ്യം ചെയ്യാനും മറന്നില്ല. നാദിര്‍ഷ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അരുണ്‍ ഗോപി എന്നിവര്‍ ഉള്‍പ്പെടെ ദിലീപിന്റെ വീട്ടിലെത്തി ദിലീപിനെ കണ്ടു. രാത്രി വൈകിയിട്ടും വീടിന് പുറത്തെ 
തിരക്കൊഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ദിലീപ് കാവ്യയ്‌ക്കൊപ്പം വീണ്ടും വീടിന്റെ മട്ടുപ്പാവിലെത്തി ദിലീപ് സ്‌നേഹമറിയിച്ചു.