Thursday 14 December 2017

അബി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്: വികാര നിര്‍ഭരനായി മമ്മൂട്ടി

By Farsana Jaleel.30 Nov, 2017

imran-azhar

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി മരണത്തില്‍ വികാരനിര്‍ഭരനായി മമ്മൂട്ടി. അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നുവെന്നും അബിയെന്നും അബിയായി നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുമെന്നും മമ്മൂട്ടി കുറിച്ചു. വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടിയെന്ന അബി തന്നെ ഒരുപാട് തിരുത്തിയിട്ടുണ്ടെന്നും താരം കുറിച്ചു.

 

മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം

 

'അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മകളില്‍ നില നില്‍ക്കും.'

 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. രക്തസംബന്ധമായി ഏറെ നാളായി രോഗബാധിതനായിരുന്ന അബി കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സയിലിരിക്കവെയായിരുന്നു മരണത്തിന് കീഴടങ്ങിടത്. ഞെട്ടലോടെയാണ് അബിയുടെ മരണവാര്‍ത്ത ഏവരും കേട്ടത്.

 

രക്തത്തില്‍ പ്ലേറ്റ്ലെറ്റസ് കുറയുന്ന രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അബിയെ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന് അബി പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണമായി.

 

ഇതോടെ മിമിക്രി രംഗത്തെ അതുല്യ പ്രതിഭയെയാണ് മലയാളികള്‍ക്ക് നഷട്മായിരിക്കുന്നത്. മിമിക്രി രംഗത്തെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന അബി തനതായ മികവുകല്‍ൂടെയാണ് ഈ രംഗത്ത് അഗ്രഗണ്യനായി മാറിയത്. ഹബീബ് മുഹമ്മദ് എന്നായിരുന്നു പേര്. സ്വദേശം മൂവാറ്റുപ്പുഴ. സിനിമയിലെത്തിയതോടെ അബിയെന്ന പേര് ,സ്വീകരിച്ചു. കലാഭവനിലും കൊച്ചിന്‍ സഗറിലുമാണ് തുടക്കം. ശേഷമാണ് സിനിമയിലേയ്ക്കുള്ള കാല്‍വെയ്പ്പ്...

 

മമ്മൂട്ടി, അമിതാഭ് ബച്ചന്‍ തുടങ്ങി മുന്‍ നിര താരങ്ങളുടെ ശബ്ദം അനുകരിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരന്‍ കൂടിയാണ് അബി. 1991ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ നയം വ്യക്തമാക്കു എന്ന ചിത്രത്തില്‍ ഹാസ്യതാരമായാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം. ശേഷം സൈന്യത്തിലും അബി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. 

 

ചെപ്പു കിലുക്കണ ചങ്ങാതി, കിഴീടമില്ലാത്ത രാജാക്കന്‍മാര്‍, ഭീഷ്മാചാര്യ, സൈന്യം, ആനപ്പാറ അച്ചാമ്മ, മഴവില്‍ക്കൂടാരം, പോര്‍ട്ടര്‍, എല്ലാവരും ചൊല്ലണ്, വാര്‍ധക്യ പുരാണം, രസികന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായെങ്കിലും മലയാളികളുടെ മനസ്സില്‍ ഇന്നും അബി അനശ്വരമാക്കിയ താത്ത എന്ന കഥാപാത്രം മായാത്ത ഓര്‍മ്മയായി അവശേഷിക്കുന്നുണ്ട്. കറുത്ത സൂര്യനാണ് പുറത്തിറങ്ങാനിരിക്കുന്ന അബിയുടെ അവസാന ചിത്രം.