Wednesday 22 November 2017

മമ്മൂട്ടിയോടുള്ള ആഗ്രഹം തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍

By Farsana Jaleel.13 Sep, 2017

imran-azhar

 

മഞ്ജു മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് സുപരിചിതം. എന്നാല്‍ മമ്മൂട്ടി-മഞ്ജു കൂട്ടുകെട്ട് മലയാളികള്‍ക്ക് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ അത് സംഭവിക്കുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. മലയാളികള്‍ ഏറെ കാത്തിരിക്കുകയാണ് ആ നിമിഷത്തിനായി.

 

മഞ്ജുവും മമ്മൂട്ടിയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമോ എന്ന ചോദ്യത്തിന് മഞ്ജു മറുപടി നല്‍കി. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് മഞ്ജു തുറന്നു പറഞ്ഞു. അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന ആദ്യ നാളുകളില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയുമൊന്നിച്ചുള്ള അഭിനയമെന്നും മഞ്ജു വ്യക്തമാക്കി.

 

പക്ഷേ ആദ്യ ഘട്ടത്തില്‍ അത് നടക്കാതെ പോയെന്നും പെട്ടെന്നുള്ള വിവാഹവും അഭിനയ ജീവിതത്തിന് താത്ക്കാലിക വിരാമമായതും ആ ആഗ്രഹം നടക്കാതെ പോയതായും മഞ്ജു പറഞ്ഞു. പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചുവെന്നും എന്നാലിപ്പോഴും അത് ആഗ്രഹമായി നിലനില്‍ക്കുകയാണെന്നും മഞ്ജു പറഞ്ഞു.

 

മമ്മൂക്കയെന്ന മഹാനടനൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയാണെന്നും ആരെങ്കിലും അങ്ങനെയൊരു സിനിമ സൃഷ്ടിക്കട്ടെയെന്നും കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂട്ടി നല്‍കട്ടെയെന്നും മഞ്ജു തുറന്നു പറഞ്ഞു.