Wednesday 24 April 2019


ഐ പി എൽ കൊടിയേറി ; സച്ചിനിലെ രണ്ടാം ഗാനം പോരാടുന്നേ.. പുറത്തിറങ്ങി.

By Online Desk.23 Mar, 2019

imran-azhar

 

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സച്ചിനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഐ പി എൽ സീസൺ തുടങ്ങുന്നതിനു അനുബന്ധിച്ചാണ് ക്രിക്കറ്റ് ആവേശത്തിൽ ചിത്രീകരിച്ച ഈ ഗാനം അണിയറക്കാർ പുറത്തു വിട്ടത്. പോരാടുന്നേ…പോരാടുന്നേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ് . ഹരിനാരായണന്‍റ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.

 

 

 

കാറ്റില്‍ പൂങ്കാറ്റില്‍ തുടങ്ങുന്ന ആദ്യഗാനം സാമൂഹ്യ മാധ്യമങ്ങളിൽ നല്ല സ്വീകാര്യത ലഭിച്ചു. ഫഹദ് ഫാസില്‍ നായകനായ മണിരത്നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

 

 


അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കു സുപരിചിതയായ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി നൈനാൻ, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്. ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. വിഷു റിലീസായി ചിത്രം പ്രദർശനത്തിനെത്തും.