Wednesday 03 June 2020




കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജും സംഘവും നാട്ടിലെത്തി

By Akhila Vipin .22 May, 2020

imran-azhar

 


തിരുവനന്തപുരം: മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജ് ഉൾപ്പെടെയുള്ള ആടുജീവിതം സിനിമ പ്രവർത്തകർ ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി. പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും അടക്കം 58 പേരാണ് സംഘത്തിലുള്ളത്. 187 ഇന്ത്യക്കാരുമായി ജോർദ്ധാനിൽ നിന്നുമുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘം തിരിച്ചെത്തിയത്. വിമാനം ഡൽഹി വഴിയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് സംഘം ഫോർട്ട് കൊച്ചിയിലുള്ള ഹോട്ടലിലേക്കാണ് പോയത്. അവിടെ 14 ദിവസത്തെ ക്വാറന്റൈനിൽ ആയിരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതിന് ശേഷമായിരിക്കും സംഘം വീട്ടിൽ എത്തുക. ഞായറാഴ്ചയോടെ ചിത്രീകരണം കഴിഞ്ഞ വിവരം പൃഥ്വിരാജ് അറിയിച്ചിരുന്നു.

 

 

മാർച്ച് പതിനാറിനാണ് ജോർദാനിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോർദ്ധാനിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ ഒന്നിന് ചിത്രീകരണം നിർത്തിവെക്കുകയായിരുന്നു . ശേഷം ഏപ്രിൽ 24 ന് വീണ്ടും ജോർദ്ധാനിലെ വാദിറാമിൽ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. നേരത്തെ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദ്ധാന്‍ റദ്ധാക്കിയിരുന്നു.ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നിരുന്നു. 58 പേരടങ്ങുന്ന ഇന്ത്യൻ സംഘവും മുപ്പതോളം ജോർദ്ധാൻ സ്വദേശിയുമാണ് ചിത്രീകരണ സംഘത്തിലുണ്ടായിരുന്നത്.